ചിത്രം : Wikimedia Commons

‌കിളിക്കൊഞ്ചല്‍ മാറാത്ത അഞ്ചാം വയസില്‍ അമ്മയാവുക! കേൾക്കുമ്പോൾ അവിശ്വസനീയവും ഞെട്ടലും വേദനയുമൊക്കെ തോന്നാം. പക്ഷെ, സത്യമാണ്. വൈദ്യശാസ്ത്രം രേഖപ്പെടുത്തിയതിൽ ഏറ്റവും പ്രായം കുറഞ്ഞ അമ്മയുടെ പ്രായം വെറും അഞ്ച് വയസാണ്. പെറു സ്വദേശിയായ ലിന മെഡിനയാണ് ലോകത്തെ ഞെട്ടിച്ച ആ അമ്മ.

വീര്‍ത്തുവന്ന വയര്‍, ഞെട്ടി ഡോക്ടര്‍മാര്‍

കുഞ്ഞു ലിനയുടെ വയർ അസാധാരണമായി വീർത്തു വരുന്നത് കണ്ടാണ് മാതാപിതാക്കൾ ആശുപത്രിയിൽ എത്തിയത്. വയറ്റിൽ വലിയ ‌ട്യൂമറാണെന്ന് കരുതി ആദ്യഘട്ട ചികില്‍സ ആരംഭിച്ചു. വിശദമായ പരിശോധനകള്‍ നടത്തിയ ഡോക്ടർമാർ ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞു. ആ അഞ്ച് വയസുകാരി ഏഴുമാസം ഗർഭിണിയാണ്! 

Image: wikimedia Commons

ഒന്നര മാസത്തിനു ശേഷം 1939 മേയ് 14ന്  സിസേറിയനിലൂടെ അവൾ ഒരു ആൺകുഞ്ഞിന് ജന്മം നൽകി.  പ്രായം കൃത്യമായി പറഞ്ഞാൽ അഞ്ച് വയസ്സും ഏഴു മാസവും ഇരുപത്തിയൊന്നു ദിവസവും! ചികിൽസിച്ച ഡോക്ടറോടുള്ള ബഹുമാനാർത്ഥം കുഞ്ഞിനും അദ്ദേഹത്തിന്റെ പേര് നൽകി. ജെറാർഡോ മെഡിന! അവൻ ആരോഗ്യത്തോടെ,കുഞ്ഞായ തന്റെ അമ്മയ്‌ക്കൊപ്പം വളർന്നു. ലിന സ്വന്തം സഹോദരി ആണെന്നായിരുന്നു പത്തുവയസ്സുവരെ അവന്റ ധാരണ.

കുഞ്ഞിന്‍റെ അച്ഛനാര്? 

ലിന ഗർഭിണി ആണെന്ന് അറിഞ്ഞത് മുതൽ സ്വാഭാവികമായും ഉയർന്നു വന്ന ചോദ്യം ആയിരുന്നു ആരാണ് കുഞ്ഞിന്റെ അച്ഛൻ എന്നത്. എന്നാൽ അതിന് കൃത്യമായി ഉത്തരം നൽകാൻ ആ അഞ്ച് വയസ്സുകാരിക്ക് കഴിഞ്ഞില്ല. പിന്നീട് നടന്ന അന്വേഷണത്തിൽ ഉത്തരവാദി ലിനയുടെ അച്ഛൻ ആണെന്ന് കണ്ടെത്തി.ബലാത്സംഗക്കുറ്റം ചുമത്തി അയാളെ അറസ്റ്റ് ചെയ്തെങ്കിലും തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു. ചുരുക്കത്തിൽ ജെറാർഡോയുടെ പിതൃത്വത്തിൽ ഒരു വ്യക്തത ഇന്നും വന്നിട്ടില്ല.​

Image: wikimedia Commons

അമ്മയും കുഞ്ഞും ഒന്നിച്ചു വളർന്നു. ലിന ഒരു ക്ലിനിക്കിൽ ജോലിക്കാരിയായി. 1970ൽ റൗൾ ജുറാഡോ എന്നയാളെ വിവാഹം ചെയ്തു. 1972ൽ, ആദ്യ പ്രസവം കഴിഞ്ഞ് 33വർഷങ്ങൾക്ക് ശേഷം ലിന വീണ്ടും അമ്മയായി. ബോൺമാരോ അസുഖം ബാധിച്ചു നാല്പതാമത്തെ വയസിൽ ജെറാർഡോ വിടവാങ്ങി. ക്യാമറകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാതെ, തന്റെ ജീവിതം ഏറ്റവും സ്വകാര്യമായി സൂക്ഷിച്ചുകൊണ്ട് 92കാരിയായ ലിന പെറുവിലെ തന്‍റെ ഗ്രാമത്തില്‍ ഇന്നും ജീവിക്കുന്നു.

അഞ്ചാംവയസിലെ ഗര്‍ഭധാരണത്തിന് കാരണമെന്ത്?

ലിനയ്ക്ക് സംഭവിച്ചത് പ്രികോഷ്യസ് പൂബർട്ടി എന്ന അത്യപൂർവമായ ശാരീരിക അവസ്ഥയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇങ്ങനെ ഉള്ളവർക്ക് വളരെ ചെറുപ്പത്തിൽ തന്നെ ശരീരം പൂർണ വളർച്ചയിൽ എത്തും. അവയവങ്ങൾ അതിവേഗത്തില്‍ പ്രത്യുല്പാദന ശേഷി കൈവരിക്കും. ഗര്‍ഭപാത്രത്തിലെ സിസ്റ്റുകള്‍, ട്യൂമർ, ജനിതകമായ സാഹചര്യങ്ങൾ,ഹൈപോതൈറോയ്ഡിസം എന്നിവ ഇതിന് കാരണമായേക്കാവുന്ന സാഹചര്യങ്ങളാണ്. മൂന്ന് വയസ്സിൽ തന്നെ ലിനക്ക് ആർത്തവം ഉണ്ടായിരുന്നു എന്ന് അവളുടെ അമ്മയും വെളിപ്പെടുത്തിയിരുന്നു.

ENGLISH SUMMARY:

Discover the extraordinary story of Lina Medina, who became the youngest mother in history at just five years old in 1939. Learn about her case and the mystery surrounding it.