ആഫ്രിക്കയിലെ ഖനിയില്‍ സ്വര്‍ണം തിരയുന്ന പ്രദേശവാസി | ഫയല്‍ ചിത്രം
പടിഞ്ഞാറൻ മാലിയിൽ സ്വർണ്ണഖനി തകർന്ന് വന്‍ അപകടം. നാല്‍പ്പത്തി മൂന്ന് പേര്‍ കൊല്ലപ്പെട്ടെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. ശനിയാഴ്ചയാണ് അപകടമുണ്ടായത്.
സ്വര്‍ണ ഖനികള്‍ നിറഞ്ഞ കെയ്‌സ് മേഖലയിലെ കെനീബ പട്ടണത്തിനടുത്താണ് അപകടം. മുന്‍പ് ചൈനീസ് കമ്പനി വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്ത ഖനിയാണ് ഇടിഞ്ഞുവീണത്. ഇവിടെനിന്ന് സ്വര്‍ണം ശേഖരിക്കാന്‍ ആളുകള്‍ കൂട്ടമായി എത്തിയതോടെ ഖനിയുടെ അരികുകള്‍ ഇടിഞ്ഞുവീഴുകയായിരുന്നു. കെനീബയ്ക്കും ഡാബിയയ്ക്കും ഇടയിലാണ് അപകടം നടന്നതെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
പശ്ചിമ ആഫ്രിക്കയുടെ പല ഭാഗങ്ങളിലും നാട്ടുകാര്‍ നിയമപരമായ അനുമതിയില്ലാതെ ഖനനം നടത്തുന്നതും ഖനിയിലിറങ്ങുന്നതും സാധാരണയാണ്. അപൂര്‍വ ലോഹങ്ങൾക്ക് ലഭിക്കുന്ന വലിയ വിലയാണ് ദരിദ്രരായ ജനങ്ങളെ അപകടം പിടിച്ച ജോലിക്കിറങ്ങാന്‍ പ്രേരിപ്പിക്കുന്നത്. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളും ശാസ്ത്രീയമായ അറിവോ പരിശീലനമോ ഇല്ലാതെ ഖനനത്തില്‍ ഏര്‍പ്പെടുന്നതുമാണ് അപകടത്തില്‍ കലാശിക്കുന്നത്. കഴിഞ്ഞമാസവും തെക്കുപടിഞ്ഞാറൻ മാലിയിൽ സ്വർണ്ണം കുഴിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളം ഇരച്ചുകയറി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പതിമൂന്നു പേര്‍ മരിച്ചിരുന്നു. ഒരുവര്‍ഷം മുന്‍പ് ഖനി ഇടിഞ്ഞുവീണ് 70 പേരാണ് കൊല്ലപ്പെട്ടത്.