mozambique-boat-accident-malayali-missing

ആഫ്രിക്കൻ രാജ്യം മൊസാംബിക്കിൽ ബോട്ട് മറിഞ്ഞ് കാണാതായവരിൽ രണ്ടു മലയാളി യുവാക്കൾ. എറണാകുളം പിറവം സ്വദേശി ഇന്ദ്രജിത്തിനെയും കൊല്ലം ചവറ സ്വദേശി ശ്രീരാഗിനെയുമാണ് കാണാതായത്. ഇവരുൾപ്പെടെ 5 ഇന്ത്യക്കാർക്കായി തിരച്ചിൽ തുടരുകയാണ്.

വ്യാഴാഴ്ച ബെയ്റാ തുറമുഖത്തിന് സമീപം കപ്പലിന്റെ അറ്റകുറ്റപ്പണിക്കായി പോകുമ്പോൾ കടൽക്ഷോഭത്തിൽപ്പെട്ട് ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. മൂന്നുപേർ മരണപ്പെട്ടു. ബോട്ടിൽ ഉണ്ടായിരുന്ന 21 പേരിൽ 14 പേരെ രക്ഷപ്പെടുത്താനായി. മലയാളി യുവാക്കൾ ഉൾപ്പെടെയുള്ളവരെ കണ്ടുപിടിക്കാനുള്ള ദൗത്യം തുടരുകയാണ്. കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ ഇന്നലെ തിരച്ചിൽ നടന്നിരുന്നില്ല. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കപ്പലിലെ ജോലിക്കായി 22 വയസ്സുള്ള ഇന്ദ്രജിത്ത് വീട്ടിൽ നിന്ന് പോയത്. കപ്പലിൽ തന്നെ ജോലി ചെയ്യുന്ന ഇന്ദ്രജിത്തിന്റെ പിതാവ് സന്തോഷ് മൊസാംബിക്കിൽ എത്തിയിട്ടുണ്ട്. മകൻ ബോട്ട് അപകടത്തിൽ പെട്ടതായി കുടുംബം അറിഞ്ഞത് ഇന്നലെ വൈകിട്ടോടെ.

ബോട്ട് അപകടത്തിൽ ചവറ സ്വദേശി ശ്രീരാഗിനെയും കാണാതായെന്ന് കമ്പനി സ്ഥിരീകരിച്ചു. 36 വയസ്സുള്ള ശ്രീരാഗ് കുറച്ചു വർഷങ്ങളായി ഇതേ കപ്പലിലാണ് ജോലി ചെയ്യുന്നത്. അപകടവുമായി ബന്ധപ്പെട്ട് മൊസാംബിക്കിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഹെൽപ് ലൈൻ നമ്പരുകൾ പുറത്തിറക്കിയിരുന്നു.

ENGLISH SUMMARY:

Mozambique boat accident resulted in several missing individuals. The search continues for the missing, including two Malayali youths, after a boat capsized near Beira port.