instagram.com/farahputrimulyani
ശ്രീലങ്കയില്‍ വെള്ളച്ചാട്ടത്തില്‍ മുങ്ങിത്താഴുകയായിരുന്ന പ്രദേശവാസിയെ രക്ഷപ്പെടുത്തി വിനോദസഞ്ചാരി. ദിയാലുമ വെള്ളച്ചാട്ടത്തിൽ നീന്തുന്നതിനിടെ അപകടത്തില്‍പ്പെട്ടയാളെയാണ് വ്ലോഗറും വിനോദസഞ്ചാരിയുമായ ഫറാ പുത്രി മുല്യാനി ജീവിത്തിലേക്ക് തിരികെ കൊണ്ടുവന്നത്. മലേഷ്യയില്‍ നിന്നാണ് ഫറാ ശ്രീലങ്ക സന്ദര്‍ശിക്കാനെത്തിയത്.
വെള്ളച്ചാട്ടത്തിൽ നീന്തുകയായിരുന്ന യുവാവ് ആഴമേറിയ ഭാഗത്തെത്തിയതോടെ ഒഴുക്കില്‍പെടുകയായിരുന്നു. നീന്തന്‍ കഴിയാതെ വന്നതോടെ മുങ്ങിത്താണു. ഇതുകണ്ട യുവാവിന്‍റെ സുഹൃത്തുക്കള്‍ സഹായത്തിനായി അലറിക്കരയുകയായിരുന്നു. ഇതിനിടെയാണ് തൊട്ടടുത്ത് വെള്ളത്തില്‍ വ്ലോഗ് ചെയ്തുകൊണ്ടിരുന്ന ഫറാ യുവാവിന്‍റെ അടുത്തേക്ക് നീന്തിയെത്തുന്നതും യുവാവിനെ രക്ഷിക്കുന്നതും. വ്ലോഗിങ്ങിനിടെ സംഭവിച്ചതായതിനാല്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പതിഞ്ഞിരുന്നു. യുവാവിനെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചതോടെ സുഹൃത്തുക്കൾ ഓടിവരുന്നതും വിഡിയോയില്‍ കാണാം. യുവതിയോട് സംഘം നന്ദി പറയുന്നുമുണ്ട്.
പുറമേ ശാന്തമായി കാണുമെങ്കിലും വെള്ളച്ചാട്ടങ്ങളുടെ ആഴത്തില്‍ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ഫറാ തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ഈ സംഭവം യാത്രകളെ കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റിമറിച്ചുവെന്നും കുളങ്ങളിലും വെള്ളച്ചാട്ടങ്ങളിലും ഇറങ്ങുമ്പോള്‍ ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും പോസ്റ്റിലൂടെ ഫറാ പറയുന്നു. വ്ലോഗര്‍ക്ക് പ്രശംസയുമായി ആരാധകരും എത്തിയിട്ടുണ്ട്. ഫറായുടെ പെട്ടെന്നുള്ള ഇടപെടലിനെയും ധൈര്യത്തെയും പ്രശംസിക്കുകയാണ് ആരാധകര്‍. ഫറായ്ക്ക് ധീരതയ്ക്കുള്ള മെഡല്‍ നല്‍കണമെന്നാണ് ആളുകള്‍ പോസ്റ്റിന് താഴെ കമന്‍റ് ചെയ്യുന്നത്.