നോർത്ത് അറ്റ്ലാന്‍റിക് കടലില്‍ ക്യൂബയ്ക്കും ഹെയ്ത്തി ഡൊമനിക്കന്‍ റിപ്പബ്ലിക്കുകൾക്കും സമീപത്തായുള്ള ബ്രിട്ടീഷ് അധീനതയിലുള്ള ചെറു ദ്വീപായ ടർക്കസ് ആന്‍റ് കൈക്കോസിലെ കടൽത്തീരത്ത് വിശ്രമിക്കാൻ എത്തിയ കനേഡിയൻ വിനോദ സഞ്ചാരിക്ക് സ്രാവിന്‍റെ ആക്രമണത്തിൽ ഗുരുതര പരിക്ക്. കനേഡിയൻ വിനോദസഞ്ചാരിയായ നതാലി റോസ്, സ്രാവുമായി ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇരുകൈകകളും സ്രാവ് കടിച്ചെടുക്കുകയായിരുന്നു.
തോംസൺ കോവ് ബീച്ചിന് സമീപം വെള്ളിയാഴ്ചയാണ് ഈ ദാരുണസംഭവം അരങ്ങേറിയത്. കുടുംബാംഗങ്ങൾ നോക്കിനിൽക്കെയാണ് ആക്രമണമുണ്ടായത്. ഉടൻതന്നെ ഭർത്താവും കൂട്ടരും നതാലിയെ തീരത്തേക്ക് കൊണ്ടുവരുകയും ചോരയിൽപൂണ്ട ഇരുകൈകളെയും തുണിയിൽ പൊതിയുകയും ചെയ്തു. ഈ സമയവും സ്രാവ് തീരത്തുണ്ടായിരുന്നു. വൈകാതെ പൊലീസും മെഡിക്കൽ ഉദ്യോഗസ്ഥരും എത്തി പ്രാഥമിക ചികിത്സ നൽകുകയും ചെഷയർ ഹാൾ മെഡിക്കൽ സെന്ററിലേക്ക് നതാലിയെ മാറ്റുകയും ചെയ്തു.