കടലില്‍ ചാടിയ 12കാരന്‍റെ കാലുകള്‍ കടിച്ചുമുറിച്ച് സ്രാവ്. സിഡ്നി ഓസ്ട്രേലിയയിലെ സ്രാവുകള്‍ക്ക് പ്രശസ്തമായ ഷാര്‍ക്ക് ബീച്ചില്‍ ആണ് സംഭവം. ബീച്ചിന് സമീപത്തെ പാറയ്ക്ക് മുകളില്‍ നിന്ന് വെള്ളത്തിലേക്ക് ചാടിക്കളിക്കുകയായിരുന്നു 12കാരനും സുഹൃത്തുക്കളും. വെള്ളത്തിലേക്ക് ചാടി നീന്തുന്നതിനിടെ കുട്ടിയെ കുതിച്ചെത്തിയ കൂറ്റന്‍ സ്രാവ് കടിച്ചു.
രണ്ട് കാലുകളുടെയും മുട്ടിന് ഒരുമിച്ച് കടിച്ച സ്രാവ് കുട്ടിയുടെ സൂഹൃത്തുക്കള്‍ എല്ലാം ഒരുമിച്ച് വെള്ളത്തില്‍ ചാടിയതോടെ കുട്ടിയെ വിട്ട് പോവുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ സുഹൃത്തുക്കള്‍ വലിച്ച് കരയില്‍ കയറ്റുകയും ബീച്ചിലെ സുരക്ഷാജീവനക്കാരെ വിളിക്കുകയും ചെയ്തു. ഉടനെത്തിയ രക്ഷാപ്രവര്‍ത്തകര്‍ കുട്ടിയുടെ മുറിവ് താല്‍ക്കാലികമായി കെട്ടി രക്തത്തിന്‍റെ പ്രവാഹം തടഞ്ഞു. തുടര്‍ന്ന് കുട്ടിയെ ഇവരുടെ തന്നെ സ്പീഡ്ബോട്ടിലാണ് ആശുപത്രിയിലെത്തിച്ചത്.
രക്തം വാര്‍ന്ന് ബോധരഹിതനായ കുട്ടിയ്ക്ക് തുടര്‍ച്ചയായി സിപിആര്‍ നല്‍കാനും സുരക്ഷാജീവനക്കാര്‍ മറന്നില്ല. ആശുപത്രിയില്‍ കുട്ടിയെ കൃത്യസമയത്ത് എത്തിച്ചതിനാലാണ് ജീവന്‍ തിരിച്ചുകിട്ടിയതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മഴക്കാലമായതിനാല്‍ സ്രാവുകള്‍ തീരത്തേക്ക് ഇരപിടിക്കാനായി നീങ്ങുന്ന സമയമാണിതെന്നും അതിനാലാണ് സ്രാവ് കുട്ടിയെ ആക്രമിച്ചതെന്നും അധികൃതര്‍ പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുന്‍പ് ഇതേ ബീച്ചില്‍ സര്‍ഫ് ചെയ്തുകൊണ്ടിരിക്കുകയായിരുന്ന 11കാരന്റെ സര്‍ഫ്ബോര്‍ഡ് സ്രാവ് കടിച്ചുമുറിച്ചിരുന്നു. ബുള്‍ഷാര്‍ക്ക് ഇനത്തില്‍ പെട്ട ഇതേ സ്രാവ് തന്നെയായിരിക്കാം കുട്ടിയെ ആക്രമിച്ചതെന്നാണ് നിഗമനം. സ്രാവ് ആക്രമണം റിപ്പോര്‍ട്ട് ചെയ്തതോടെ ബീച്ച് താല്‍ക്കാലികമായി അടച്ചുപൂട്ടി.