hamas-release-three-hostages

ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായി മൂന്ന് ഇസ്രായേലി ബന്ദികളെ മോചിപ്പിച്ച് ഹമാസ്.  സ്വർണ്ണ നാണയവും  ‘അവര്‍ ഗ്ലാസും’ നല്‍കിയാണ് ഇത്തവണ ഹമാസ് ബന്ദികളെ മോചിപ്പിച്ചത്. ഇസ്രയേൽ പൗരന്മാരായ യെയർ ഹോൺ, സാഗുയി ഡെക്കൽ-ചെൻ, സാഷ ട്രൗഫാനോവ് എന്നിവരെയാണ് ഗാസയിലെ ഖാൻ യൂനിസിൽ വച്ച് ഹമാസ് റെഡ് ക്രോസിനു കൈമാറിയത്. ജനുവരി 19 ന് വെടിനിർത്തൽ പ്രഖ്യാപിച്ചശേഷമുള്ള ആറാമത്തെ കൈമാറ്റം കൂടിയാണിത്. ഇതുവരെ 19 ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്.

500 ദിവസംതടവിൽ കഴിഞ്ഞ സാഗുയി ഡെക്കലിനാണ് ഹമാസ് സ്വർണ്ണ നാണയം നല്‍കിയത്. സാഗുയി ജയിലിലായിരുന്നപ്പോഴായിരുന്നു മകള്‍ ഷാച്ചർ മസലിന്‍റെ ജനനം. മകളുടെ ജനനത്തെ അടയാളപ്പെടുത്തുന്നതിനായിരുന്നു സ്വര്‍ണനാണയം. അതേസമയം ഹമാസ് ഇപ്പോഴും കൈവശം വച്ചിരിക്കുന്ന മറ്റൊരു ബന്ദിയുടെ അമ്മയ്ക്കാണ് ഹീബ്രു, അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ ‘സമയം കഴിഞ്ഞു’ എന്ന സന്ദേശം രേഖപ്പെടുത്തിയ 'അവര്‍ ഗ്ലാസ്' ഹമാസ് നല്‍കിയത്. ഒക്ടോബർ ഏഴിലെ ആക്രമണത്തിലാണ് ഇന്ന് മോചിപ്പിച്ച മൂന്നുപേരെയും ഹമാസ് തടവിലാക്കിയത്. ആയുധധാരികള്‍ക്കൊപ്പം ജനക്കൂട്ടത്തിന് മുന്നിൽ പ്രദര്‍ശിപ്പിച്ചാണ് ഹമാസ് ബന്ദികളെ മോചിപ്പിച്ചത്. ഹമാസിന്‍റെ ശക്തി പ്രകടനവും ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രയേൽ നൂറുകണക്കിന് പലസ്തീൻ തടവുകാരെ മോചിപ്പിക്കാമെന്നും സമ്മതിച്ചിട്ടുണ്ട്. 

മൂന്ന് ബന്ദികളെ കൈമാറാൻ ശനിയാഴ്‌ച വരെയായിരുന്നു ഹമാസിന് ഇസ്രയേൽ നൽകിയ സമയം. ബന്ദികളുടെ മോചനം വൈകിയാൽ യുദ്ധം പുനരാരംഭിക്കുമെന്ന് ഇസ്രയേൽ ഭീഷണിയുമുണ്ടായിരുന്നു. ഇതിനുപിന്നാലെ ഈജിപ്തും ഖത്തറുമായി നടത്തിയ മധ്യസ്ഥ ചർച്ചയ്ക്ക് ശേഷമാണ് ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തയാറായത്. ബന്ദികളെ മോചിപ്പിച്ചതിനു പകരം ഇസ്രയേൽ ജയിലിൽ കഴിയുന്ന 369 പലസ്തീൻ തടവുകാരെ ഇസ്രയേലും വിട്ടയയ്‌ക്കും. അതേസമയം, ഗാസയിലെ സ്ഥിതി രൂക്ഷമായി തുടരുകയാണ്. ഗാസയിലേക്കുളള മാനുഷിക സഹായങ്ങൾ ഇസ്രയേൽ സേന തടഞ്ഞുവയ്ക്കുന്നതായി ഹമാസ് ആരോപിക്കുന്നു. മാനുഷിക സഹായങ്ങൾ ഗാസയിലെത്തിയില്ലെങ്കിൽ കൂടുതൽ ബന്ദികളെ മോചിപ്പിക്കില്ലെന്നും ഹമാസ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

ENGLISH SUMMARY:

Hamas has freed three Israeli hostages as part of a ceasefire agreement with Israel. The hostages were handed over with a gold coin and an hourglass inscribed with "Time is up."