യുഎസ് മുൻ പ്രസിഡന്‍റ് ബറാക് ഒബാമയെ കുറിച്ചും മുന്‍ പ്രഥമ വനിത മിഷേൽ ഒബാമയെ കുറിച്ചുമുള്ള ഇലോൺ മസ്‌കിന്റെ പിതാവ് ഇറോൾ മസ്‌കിന്‍റെ പ്രസ്താവന വിവാദത്തില്‍. മിഷേല്‍ ഒബാമ സ്ത്രീയായി വസ്ത്രം ധരിക്കുന്ന ഒരു പുരുഷനാണെന്നും അവരുടെ ഭർത്താവും മുൻ യുഎസ് പ്രസിഡന്റുമായ ബറാക് ഒബാമ ക്വിയര്‍ ആണെന്നുമായിരുന്നു എറോൾ മസ്‌കിന്‍റെ പ്രസ്താവന. വൈഡ് എവേക്ക് പോഡ്‌കാസ്റ്റിൽ ജോഷ്വ റൂബിനുമായുള്ള അഭിമുഖത്തിലാണ് പ്രസ്താവന.
പ്രസ്താവനയില്‍ ഞെട്ടിയ അവതാരകൻ അതിന് മിഷേൽ ഒബാമ ഒരു പുരുഷനാണോ എന്ന് ചോദിച്ചപ്പോള്‍ തീർച്ചയായും, നിങ്ങൾക്കത് അറിയില്ലേ എന്നായിരുന്നു ഇറോള്‍ മസ്കിന്‍റെ മറുപടി. 2014ൽ മിഷേല്‍ ഒബാമയെ കുറിച്ച് ഹാസ്യതാരം ജോൺ റിവേഴ്‌സ് പറഞ്ഞ പ്രസ്താവനയും അദ്ദേഹം ഉദ്ധരിച്ചു. ബരാക് ഒബാമ ഒരു ‘സ്വവർഗാനുരാഗി’ ആണെന്നും ജോൺ റിവേഴ്‌സ് പറഞ്ഞിരുന്നു. ‘പിന്നാലെ രണ്ടാഴ്ച കഴിഞ്ഞ് അവൾ മരിച്ചു. അവർ അവളെ വെട്ടിക്കൊന്നു. അത് പൊതുവായ അറിവാണ്, നിങ്ങള്‍ക്ക് എവിടെയും നോക്കാം’ ഇറോള്‍ പറഞ്ഞു. മിഷേലിന്റെ ലിംഗഭേദത്തെക്കുറിച്ച് പരാമർശം നടത്തി രണ്ട് ആഴ്ചകൾക്കു ശേഷം 2014 സെപ്റ്റംബർ നാലിനാണ് ജോൺ റിവേഴ്സ് മരിക്കുന്നത്. എന്നാല്‍ മരണം കൊലപാതകമാണെന്നതിന് തെളിവുകളൊന്നുമില്ല.
അതേസമയം, ഓണ്‍ലൈനില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയും ആളുകളെ പരിഹസിച്ചും എന്ന് ‘സ്പോട്ട് ലൈറ്റില്‍’ നില്‍ക്കുന്ന വ്യക്തിയാണ് ഇറോള്‍ മസ്ക്. നേരത്തെ ഒരു അഭിമുഖത്തിനിടെ തന്‍റെ മകന്‍ ഇലോണ്‍ മസ്ക് ഒരു നല്ല അച്ഛനല്ലെന്നും ഇറോള്‍ വിമര്‍ശിച്ചിരുന്നു. ഇലോണ്‍ മസ്ക് തന്റെ കുട്ടികളുടെ ജീവിതത്തിൽ നിന്ന് വലിയതോതിൽ വിട്ടുനിൽക്കുന്നുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇൻസ്റ്റാഗ്രാമിൽ വൈറലായ വിഡിയോയില്‍ ഇലോണ്‍ മസ്കിന്‍റെ ആദ്യ കുഞ്ഞ് നെവാഡ അലക്സാണ്ടറെയും ഇറോള്‍ പരാമര്‍ശിച്ചിരുന്നു. ഞാൻ ഇത് പറയുന്നത് കേട്ടാൽ ഇലോണ്‍ എന്നെ വെടിവയ്ക്കും അല്ലെങ്കിൽ മറ്റെന്തെങ്കിലും ചെയ്യുമെന്നും എറോള്‍ വിഡിയോയില്‍ പറയുന്നുണ്ട്. നേരത്തേ, ഒരു അഭിമുഖത്തിനിടെ ഇലോൺ തന്‍റെ പിതാവിനെ ‘ദുഷ്ടൻ’ എന്ന് വിശേഷിപ്പിച്ചിരുന്നു.