Image Credit: Reuters
ഇലോണ്‍ മസ്കിന്‍റെ എക്സിലെ എഐ ടൂളായ ഗ്രോക്കിനെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനം. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ലൈംഗികച്ചുവയുള്ള ചിത്രങ്ങള്‍ നിര്‍മിക്കാനുള്ള പ്രോംപ്റ്റുകള്‍ സ്വീകരിച്ചതിനാണ് വിമര്‍ശനം. ഡീപ് ഫെയ്ക്ക് ചിത്രങ്ങള്‍ ലൈംഗികച്ചുവയോടെ പ്രചരിക്കാന്‍ ഗ്രോക്ക് സഹായിച്ചുവെന്ന് ഉദാഹരണങ്ങള്‍ സഹിതം നിരവധിപ്പേര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഇതോടെ യൂറോപ്യന്‍ യൂണിയന്‍ അപലപിക്കുകയും ബ്രിട്ടന്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.
ഗ്രോക്കിലെ എഡിറ്റ് ഇമേജ് ബട്ടനാണ് മസ്കിന് പണി കൊടുത്തത്. ഇതോടെ ചിത്രങ്ങള്‍ക്ക് അശ്ലീലച്ചുവയുള്ള പ്രോംപ്റ്റുകള്‍ കൊടുക്കാന്‍ സാധിച്ചുവെന്നും ഇതനുസരിച്ച് ഗ്രോക്ക് ചിത്രങ്ങള്‍ നല്‍കിയെന്നുമാണ് പരാതി. പെണ്‍കുട്ടിയുടെ ചിത്രം കൊടുത്തശേഷം ' ബിക്കിനി ധരിപ്പിക്കൂ' എന്ന് നിര്‍ദേശിച്ചതോടെ അത്തരത്തില്‍ ഗ്രോക്ക് പ്രവര്‍ത്തിച്ചുവെന്നും ആളുകള്‍ കുറിച്ചു.
ഓണ്‍ലൈനിലെ ഈ വസ്ത്രമഴിക്കല്‍ വന്‍ വിവാദത്തിനാണ് തിരികൊളുത്തിയത്. സമഗ്ര അന്വേഷണവും നടപടിയും വേണമെന്ന് ഇന്ത്യയും ഫ്രാന്‍സും മലേഷ്യയുമടക്കം ആവശ്യമുയര്‍ത്തിയിട്ടുണ്ട്. അതേസമയം,ഗ്രോക്കിനെതിരെയുള്ള പരാതികളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നായിരുന്നു യൂറോപ്യന്‍ കമ്മിഷന്‍റെ പ്രതികരണം. ' ഗ്രോക്ക് പുതിയ സ്പൈസി മോഡ് കൊണ്ടുവന്നിട്ടുണ്ട്. ഇത് അശ്ലീല ഉള്ളടക്കങ്ങള്‍ പ്രചരിക്കാന്‍ ഇടയാക്കും. ഇത് സ്പൈസിയല്ല, നിയമവിരുദ്ധമാണ്'- എന്നായിരുന്നു യൂറോപ്യന്‍ യൂണിയന്‍റെ ഡിജിറ്റല്‍ അഫയേഴ്സ് വക്താവ് തോമസ് റെയ്നറുടെ പ്രതികരണം. ഇത്തരം പ്രവര്‍ത്തികള്‍ക്ക് യൂറോപ്പില്‍ ഇടമില്ലെന്നും അദ്ദേഹം തുറന്നടിച്ചു. അടിയന്തര നടപടി സ്വീകരിക്കാന്‍ എക്സിനോട് ആവശ്യപ്പെട്ടുവെന്നും നിയമവിധേയമായി മാത്രം പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും യുകെ മീഡിയ റഗുലേറ്ററും വ്യക്തമാക്കി.
പ്രൊഫൈല്‍ ചിത്രം ഗ്രോക്ക് ബിക്കിനിയാക്കിയെന്നാണ് ഒരു യുവതി കുറിച്ചത്. സെലിബ്രിറ്റികളുടെ മുഖത്ത് സണ്‍ഗ്ലാസ് വയ്ക്കുന്ന എഐ ചിത്രങ്ങള്‍ പോലെ നിസാരമല്ലിതെന്നും മലേഷ്യയില്‍ നിന്നുള്ള അസെയ്റ അസീസ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പ്രതികരിച്ചു. ഇത്തരം അതിക്രമങ്ങള്‍ കണ്ടാല്‍ വൈകാതെ റിപ്പോര്‍ട്ട് ചെയ്യുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു. മസ്കിന്‍റെ കുട്ടികളുടെ അമ്മയായ ആഷ്ലിയും നേരത്തെ സ്പൈസി മോഡിനെതിരെ രംഗത്തെത്തിയിരുന്നു. കുട്ടിക്കാലത്തെ തന്‍റെ ചിത്രങ്ങള്‍ നഗ്നചിത്രങ്ങളാക്കി ഗ്രോക്ക് മാറ്റിയെന്നും ഭീകരാവസ്ഥയാണിതെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ ഇതെല്ലാം മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന നുണയാണെന്നായിരുന്നു xAI യുടെ ഓട്ടോമേറ്റഡായുള്ള പ്രതികരണം. എന്നാല്‍ വിമര്‍ശനം കടുത്തതോടെ ചില പിഴവുകള്‍ സംഭവിച്ചുവെന്നും അത് എത്രയും വേഗം പരിഹരിക്കുമെന്നും അധികൃതര്‍ പ്രതികരിച്ചു. എക്സിലെ എഐ ടൂളായ ഗ്രോക്ക് ഉപയോഗിച്ച് നിയമ വിരുദ്ധമായ ഉള്ളടക്കങ്ങള്‍ സൃഷ്ടിച്ചാല്‍ നടപടി നേരിടേണ്ടി വരുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ഡിസംബര്‍ അവസാനത്തോടെയാണ് എക്സില്‍ ഗ്രോക്ക് ഉപയോഗിക്കാനുള്ള ഫീച്ചര്‍ അവതരിപ്പിക്കപ്പെട്ടത്.