Image Credit: x.com/narendramodi
ശതകോടീശ്വരനും യുഎസ് സർക്കാർ ഏജൻസി ഡിപാർട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (ഡോജ്) യുടെ തലവനും സ്പേസ് എക്സ് സ്ഥാപകനുമായ ഇലോൺ മസ്കുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപ് വാഷിങ്ടനിലെ ബ്ലെയർ ഹൗസിലായിരുന്നു കൂടിക്കാഴ്ച. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തന്‍റെ മൂന്ന് മക്കളോടും കാമുകിക്കുമൊപ്പമാണ് ഇലോണ്‍ മസ്ക് എത്തിയത്.
ബ്ലെയർ ഹൗസില്‍ മസ്കുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മസ്കിന്‍റെ കുടുംബത്തെ മോദി കണ്ടത്. രബീന്ദ്രനാഥ ടാഗോറിന്‍റെ ദി ക്രെസന്‍റ് മൂണ്‍, ആർകെ നാരായൺ കളക്ഷൻ, പണ്ഡിറ്റ് വിഷ്ണു ശർമ്മയുടെ പഞ്ചതന്ത്രം എന്നീ പുസ്തകങ്ങളാണ് മോദി മസ്കിന്‍റെ കുട്ടികള്‍ക്ക് സമ്മാനമായി നല്‍കിയത്. കുട്ടികള്‍ക്കൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം തന്‍റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇലോണ്‍ മസ്കിന്‍റെ കുടുംബവുമായി കൂടിക്കാഴ്ച നടത്താനായതിലും കുടുംബവുമായി സമയം ചെലവഴിക്കാന്‍ കഴിഞ്ഞതിലും അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം കുറിച്ചു.
ഇതിനു മുൻപും മസ്കുമായി മോദി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. 2015ൽ സാൻ ഹോസെയിലെ ടെസ്‌ല പ്ലാന്റിലും മോദി സന്ദർശനം നടത്തിയിരുന്നു. മോദി– മസ്ക് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബഹിരാകാശ രംഗത്ത് പുതിയ ഉയരങ്ങൾ ലക്ഷ്യമിടുന്ന ഇന്ത്യ സ്റ്റാർലിങ്കുമായി സഹകരിച്ചേക്കാം എന്ന തരത്തിലുള്ള ചർച്ചകളും സജീവമാണ്. മസ്കിനെ കൂടാതെ, യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്കൽ വാൾട്സ്, യുഎസ് ഇന്റലിജൻസ് മേധാവി തുൾസി ഗബ്ബാർഡ്, വ്യവസായി വിവേക് രാമസ്വാമി തുടങ്ങിയവരുമായും മോദി കൂടിക്കാഴ്ച നടത്തി.