corruption-india

TOPICS COVERED

ലോകത്തേറ്റവും അഴിമതിയേറിയ രാജ്യം സുഡാനെന്ന് കറപ്ഷന്‍ പെര്‍സപ്ഷന്‍ ഇന്‍ഡക്സിന്‍റെ റിപ്പോര്‍ട്ട്. ട്രാന്‍സ്പെരന്‍സി ഇന്‍റര്‍നാഷനല്‍ പുറത്തിറക്കുന്നതാണ് റിപ്പോര്‍ട്ട്. 180 രാജ്യങ്ങളിലെ പൊതുമേഖലയിലെ അഴിമതിയാണ് കണക്കിലെടുത്തത്. റിപ്പോര്‍ട്ടനുസരിച്ച് ഡെന്‍മാര്‍ക്കാണ് ലോകത്തില്‍ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യം. തൊട്ടുപിന്നാലെ ഫിന്‍ലന്‍ഡും, സിംഗപ്പുറും ന്യൂസീലാന്‍ഡുമുണ്ട്. 

ലോകത്തെല്ലായിടത്തും അഴിമതിയൊരു വലിയ പ്രശ്നമാണെന്നും ചില രാജ്യങ്ങളിലെങ്കിലും മാറ്റം പ്രകടമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 32 രാജ്യങ്ങളില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടായതായും അഴിമതി ഗണ്യമായി കുറഞ്ഞതായും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. പട്ടികയില്‍ പൂജ്യമാണ് ഏറ്റവും അഴിമതിയേറിയ രാജ്യത്തെ സൂചിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന സ്കോര്‍.  മുകളിലേക്ക് പോകുന്തോറും അഴിമതിയുടെ അളവ് കുറഞ്ഞ് വരും.

പട്ടികയില്‍ വെറും എട്ട് പോയിന്‍റുകള്‍ മാത്രമാണ് സുഡാന് നേടാനായത്. സൊമാലിയ ആയിരുന്നു കഴി‍ഞ്ഞ വര്‍ഷം ഏറ്റവും അഴിമതിയേറിയ രാജ്യമായി കണ്ടെത്തിയത്. വെനസ്വേലയും സിറിയയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. 

അയല്‍വാസികളെ അപേക്ഷിച്ച് ഇന്ത്യയില്‍ അഴിമതിക്കണക്ക് കുറയുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പട്ടികയില്‍ പാക്കിസ്ഥാന്‍ 135–ാം സ്ഥാനത്തും ശ്രീലങ്ക 121–ാം സ്ഥാനത്തുമാണ്. ബംഗ്ലദേശ് 149–ാം സ്ഥാനത്തുള്ളപ്പോള്‍ ചൈന 76–ാമതുമാണ്. അമേരിക്കയും ഫ്രാന്‍സും റഷ്യയുമടക്കമുള്ള രാജ്യങ്ങളില്‍ അഴിമതി വര്‍ധിച്ചുവെന്നും 10 വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ സ്ഥിതിയാണ് കാണുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ വര്‍ഷം പട്ടികയില്‍ 69 പോയിന്‍റുകള്‍ നേടിയ യുഎസിന് ഇക്കുറി 65  പോയിന്‍റുകളാണ് നേടാനായത്. ഇതോടെ 24–ാം സ്ഥാനത്ത് നിന്നും 28–ാം സ്ഥാനത്തേക്ക് മാറി. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും നാല് പോയിന്‍റ് ഇടിഞ്ഞ് ഫ്രാന്‍സ് 25–ാമതും ജര്‍മനി 15–ാമതുമാണ്. കാനഡയും 15–ാം സ്ഥാനത്താണ് നിലവില്‍. പട്ടികയില്‍ ഇക്കുറം 96–ാമതാണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് പോയിന്‍റ് മെച്ചപ്പെടുത്തിയിട്ടുണ്ട്.

ENGLISH SUMMARY:

Transparency International’s Corruption Perceptions Index ranks Sudan as the most corrupt country, while Denmark remains the least corrupt