china-marriage-rate

TOPICS COVERED

കഴിഞ്ഞ വര്‍ഷം ചൈനയിലെ വിവാഹങ്ങളുടെ എണ്ണം 20.5 ശതമാനം ഇടിഞ്ഞതായി കണക്കുകള്‍. 1986 ല്‍ വിവാഹങ്ങളുടെ കണക്കുകള്‍ ചൈനീസ് ഭരണകൂടം പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും താഴ്ന നിലയാണിത്. വിവാഹ- ജനന നിരക്കുകൾ വർദ്ധിപ്പിക്കാനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ കാറ്റില്‍പറത്തിയാണ് നിരക്ക് കുത്തനെ താഴോട്ട് കുതിക്കുന്നത്. രാജ്യത്തെ ജനസംഖ്യ ഇടിയുന്നതിനും ഈ കുറഞ്ഞു വരുന്ന വിവാഹ നിരക്ക് കാരണമായിട്ടുണ്ടാകാം എന്നാണ് കരുതുന്നത്.

കണക്കുകൾ പ്രകാരം 2024 ല്‍ 6.1 ദശലക്ഷം ദമ്പതികൾ മാത്രമാണ് രാജ്യത്ത് വിവാഹം രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2023ൽ ഇത് 7.7 ദശലക്ഷമായിരുന്നു. 2013 ലാകട്ടെ 13 ദശലക്ഷവും. വിവാഹങ്ങളുടെ എണ്ണം കുറയുന്നത് ജനന നിരക്കും കുറയ്ക്കുന്നു. 2023ല്‍ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം എന്ന വിശേഷം ചൈനയ്ക്ക് നഷ്ടപ്പെട്ടിരുന്നു. അന്നു മുതല്‍ തുടർച്ചയായ മൂന്നാം വർഷവും ചൈനയുടെ ജനസംഖ്യാ നിരക്ക് കുത്തനെ താഴോട്ടാണ് പോകുന്നത്. വിവാഹങ്ങൾ കുറയുന്നത് വരും വർഷങ്ങളിലും ജനനനിരക്ക് കുറയാൻ കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന ‘വിവാഹങ്ങള്‍’!

ജനസംഖ്യാ നിരക്ക് മാത്രമല്ല, വിവാഹങ്ങളുടെ കുറവ് ചൈനയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും ഗുരുതരമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. യുവാക്കളുടെ എണ്ണത്തിലെ കുറവും പ്രായമാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും സാമ്പത്തിക സ്ഥിരതയെ ബാധിക്കുന്നു. 2024ൽ മാത്രം 16നും 59നും ഇടയില്‍ വയസുവരെയുള്ളവരുടെ ജനസംഘ്യ 6.83 ദശലക്ഷം കുറഞ്ഞു. അതേസമയം 60 വയസും അതിൽ കൂടുതലുമുള്ളവരാണ് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 22 ശതമാനവും. ഇത് ദീർഘകാല സാമ്പത്തിക പ്രത്യാഘാതങ്ങളിലേക്കാണ് രാജ്യത്തെ നയിക്കുക എന്നാണ് വിദഗ്ധാഭിപ്രായം. പ്രായമുള്ളവരുട ജനസംഖ്യ വര്‍ധിക്കുന്നത് ചൈനയുടെ പെൻഷൻ സംവിധാനത്തിലും പൊതുജനാരോഗ്യ– അടിസ്ഥാന സൗകര്യ വികസനങ്ങളിലും സമ്മർദ്ദം വർദ്ധിപ്പിക്കുന്നുണ്ട്. തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി രാജ്യത്തിലെ വിരമിക്കൽ പ്രായം 60 ല്‍ നിന്ന് ക്രമേണ ഉയർത്തുമെന്നും പ്രഖ്യാപനങ്ങളുണ്ടായിരുന്നു.

വിവാഹിതരാകുന്നവരുടെ എണ്ണം കുറയുമ്പോൾ വിവാഹമോചന നിരക്കില്‍ നേരിയ വർധനവ് ഉണ്ടായിട്ടുണ്ട്. 2024ൽ ഏകദേശം 2.6 ദശലക്ഷം ദമ്പതികളാണ് ചൈനയില്‍ വിവാഹമോചനത്തിന് അപേക്ഷിച്ചത്. മുൻ വർഷത്തേക്കാൾ 28,000 അപേക്ഷകളുടെ വര്‍ധനവാണ് ഉണ്ടായത്. വിവാഹമോചനങ്ങളുടെ നിരക്ക് കുറയ്ക്കാനായി 2021 മുതൽ രാജ്യത്ത് വിവാഹമോചനത്തിന് അപേക്ഷിക്കുന്നവര്‍ക്ക് 30 ദിവസത്തെ ‘കൂളിങ്-ഓഫ്’ കാലയളവ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നിരുന്നാലും ഈ നയങ്ങള്‍ സ്ത്രീകളെ പ്രതികൂലമായി ബാധിക്കുമെന്നും ‘ടോക്സിക്’ ബന്ധങ്ങളില്‍ നിന്ന് പുറത്തുകടക്കാന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും വിമർശകർ വാദിക്കുന്നു. 

എന്തുകൊണ്ട് വിവാഹത്തോട് ‘നോ’?

സാമ്പത്തിക അസ്ഥിരത, തൊഴിലില്ലായ്മ, മാറിക്കൊണ്ടിരിക്കുന്ന ചിന്താഗതി എന്നിവയാണ് ചൈനീസ് യുവാക്കൾ വിവാഹം വേണ്ടെന്നു പറയുന്നതിന്‍റെ പ്രധാന കാരണങ്ങള്‍. ഉയർന്ന തൊഴിലില്ലായ്മ നിരക്കും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും കാരണം പലരും വിവാഹം വേണ്ടെന്നുവയ്ക്കുകയോ നീട്ടിക്കൊണ്ടുപോകുകയോ ചെയ്യുന്നു. കുടുംബ ബന്ധങ്ങളിലെ ലിംഗപരമായ അസമത്വം ജോലിസ്ഥലത്തെ വിവേചനം കുട്ടികളുടെ സംരക്ഷണവും വീട്ടുജോലികളും ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടി വരിക എന്നിവയാണ് സ്ത്രീകള്‍ വിവാഹം വേണ്ടെന്നുവയ്ക്കുന്നതിനുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നു.

ചൈനയ്ക്ക് പിഴച്ചതെവിടെ?

2016ൽ നിർത്തലാക്കപ്പെട്ട ഒരു കുട്ടി നയം ഉൾപ്പെടെ പതിറ്റാണ്ടുകളായി തുടരുന്ന ജനസംഖ്യാ നിയന്ത്രണ നയങ്ങളാണ് ചൈനയെ ഈ അവസ്ഥയിലേക്ക് എത്തിക്കുന്നത്. വിവാഹ, ജനന നിരക്കുകൾ വര്‍ധിപ്പിക്കാന്‍ ദമ്പതികള്‍ക്ക് ജനിക്കുന്ന കുട്ടികളുടെ എണ്ണം 2015ൽ രണ്ട് കുട്ടികളിലേക്കും 2021-ൽ മൂന്ന് കുട്ടികളിലേക്കും ഉയര്‍ത്തിയെങ്കിലും ശ്രമങ്ങൾ പരാജയപ്പെട്ടു. 

വിവാഹ നിരക്ക് കുത്തനെ താഴോട്ട് പോകുമ്പോളും നിരക്ക് വര്‍ധിപ്പിക്കാന്‍ ചൈനീസ് സര്‍ക്കാരും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. ഇതിനായി വിവിധ പദ്ധതികളും പരിപാടികളും സര്‍ക്കാര്‍ ആവിഷ്കരിച്ചു കഴിഞ്ഞു. സമൂഹ വിവാഹങ്ങള്‍ സംഘടിപ്പിക്കുക, ഡേറ്റിങിന് പ്രോല്‍സാഹനം നല്‍കുക, ചെലവേറിയ വിവാഹ ചടങ്ങുകളെ നിരുല്‍സാഹപ്പെടുത്തുക, നവദമ്പതികൾക്ക് സാമ്പത്തിക സഹായം നല്‍കുക, വിവാഹത്തോടും രക്ഷാകർതൃത്വത്തോടുമുള്ള മനോഭാവം മാറ്റുന്നതിനായുള്ള ഫാമിലി പ്ലാനിങ് പ്രോഗ്രാമുകള്‍ തുടങ്ങിയവ ഇതില്‍ ചിലതാണ്.

ENGLISH SUMMARY:

China's marriage rate has fallen by 20.5%, reaching its lowest level since 1986. As the population continues to shrink, government efforts to boost marriage and birth rates remain ineffective.