പതിറ്റാണ്ടുകൾക്കിടയില്‍ ഹോങ്കോങ് കണ്ട ഏറ്റവും വലിയ തീപിടിത്തമായി മാറിയിരിക്കുകയാണ് ന്യൂ ടെറിട്ടറികളിലെ റെസിഡൻഷ്യൽ കോംപ്ലക്‌സായ തായ് പോയിലെ വാങ് ഫുക്ക് കോർട്ടിലെ തീപിടിത്തം. സംഭവത്തില്‍ മരണ സംഖ്യ 128 ആയി ഉയർന്നിട്ടുണ്ട്. ഡസൻ കണക്കിന് ആളുകളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. 40 മണിക്കൂറിലധികം നിന്ന് കത്തിയതിനുശേഷം വെള്ളിയാഴ്ച രാവിലെയോടെയാണ് തീ നിയന്ത്രണവിധേയമാകുക പോലും ചെയ്തത്. ഒരു വശത്ത് അന്വേഷണം പുരോഗമിക്കവേ, മറുവശത്ത് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ചില അനുമാനങ്ങളാണ് വൈറലാകുന്നത്.
എക്സില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ വാങ് ഫുക്ക് കോർട്ടില്‍ തീ പടരുന്നതിന് തൊട്ടുമുമ്പ് പണിനടക്കുന്ന ചുമരുകള്‍ക്ക് അടുത്തിരുന്ന് പുകവലിക്കുന്ന തൊഴിലാളികളുടെ ദൃശ്യങ്ങൾ കാണാം. മുളകൊണ്ടുള്ള ഫ്രെയിമുകള്‍ക്കും മറയ്ക്കാന്‍ ഉപയോഗിച്ച നെറ്റുകള്‍ക്കും ഇടയിലിരുന്നാണ് തൊഴിലാളികള്‍ പുകവലിക്കുന്നത്. ഇതോടെ സിഗററ്റില്‍ നിന്നുള്ള തീയാണ് നൂറോളം പോരുടെ ജീവനെടുക്കാന്‍ പോന്ന വണ്ണം ആളിപ്പടര്‍ന്നതെന്ന് അനുമാനം ഉയര്‍ന്നു. മുളകൊണ്ടുള്ള ഫ്രെയിമുകളും നെറ്റും തീ പെട്ടെന്ന് വ്യാപിക്കാന്‍ കാരണമായെന്നും സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇവയൊന്നും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടില്ല.
പ്രാഥമിക കണ്ടെത്തലുകൾ പ്രകാരം, എട്ട് ടവറുകളുള്ള സമുച്ചയത്തിലെ ഒരു ടവറിന്‍റെ താഴത്തെ നിലയിലെ സംരക്ഷണ വലയിലാണ് തീ പടർന്നത്. നവീകരണത്തിനായി മുളകൊണ്ടുള്ള ചട്ടക്കൂടും വലയും ഉപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു കെട്ടിടസമുച്ചയമാകെ. അതിലൂടെ തീ വേഗത്തിൽ പടര്‍ന്നു. ഫോം ബോർഡുകളും കത്തിയമര്‍ന്നു. സുരക്ഷയെ മുന്‍നിര്‍ത്തി നഗരത്തിലുടനീളം മുളകൊണ്ടുള്ള ഫ്രെയിമുകള്‍ക്ക് പകരം മെറ്റൽ സ്കാർഫോൾഡിങിലേക്കുള്ള മാറ്റം അത്യാവശ്യമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നുണ്ട്. നഗരത്തിലുടനീളം ഇന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്കാർഫോൾഡിങുകളായി മുളകൊണ്ടുള്ള ഫ്രെയിമുകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്.
A man reacts, as smoke rises while flames engulf bamboo scaffolding across multiple buildings at Wang Fuk Court housing estate, in Tai Po, Hong Kong, China, November 26, 2025. REUTERS/Tyrone Siu
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ അധികൃതർ അറസ്റ്റ് ചെയ്തായി റിപ്പോര്‍ട്ടുണ്ട്. സ്കാഫോൾഡിങ് സബ് കോൺട്രാക്ടർമാർ, എന്‍ജിനീയറിങ് കൺസൾട്ടൻസിയുടെ ഡയറക്ടർമാർ, ജോലിക്ക് മേൽനോട്ടം വഹിക്കുന്ന പ്രോജക്ട് മാനേജർമാർ എന്നിവരെ അടക്കമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മാത്രമല്ല നിർമാണക്കമ്പനി മേധാവികള്‍ക്കെതിരെ നരഹത്യക്കുറ്റം ചുമത്തിയിട്ടുമുണ്ട്.
1948 ന് ശേഷം ഹോങ്കോങ്ങില്‍ സംഭവിച്ച ഏറ്റവും തീവ്രമായ തീപിടിത്തമാണിത്. 1983 ൽ നിർമ്മിച്ച വാങ് ഫുക്ക് അപ്പാര്‍ട്ട്മെന്‍റ് സമുച്ചയത്തിൽ ഏകദേശം 2,000 അപ്പാർട്ടുമെന്റുകളുണ്ട്. തീപിടുത്തത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ 300 മില്യൺ ഡോളർ ധനസഹായം ഹോങ്കോങ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തത്തെത്തുടര്‍ന്ന് ഡിസംബർ 7ന് നടക്കുന്ന ഹോങ്കോങ് നിയമനിർമ്മാണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു.