AI Generated Image

രാജ്യത്ത് പ്ലാസ്റ്റിക് സ്‌ട്രോകൾ തിരികെ കൊണ്ടുവരാനൊരുങ്ങി യു.എസ് പ്രസിഡന്‍റ് ട്രംപ്. ഫെഡറൽ ഗവണ്‍മെന്‍റിലുടനീളം പ്ലാസ്റ്റിക് സ്ട്രോകള്‍ ഘട്ടംഘട്ടമായി നിർത്തലാക്കാനുള്ള ബൈഡൻ ഭരണകൂടത്തിന്‍റെ പദ്ധതികള്‍ നിര്‍ത്തണമെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഉത്തരവ്. 

'ഒരിക്കലും നടക്കാത്ത പേപ്പർ സ്‌ട്രോകൾക്കായുള്ള പരിഹാസ്യമായ ബൈഡൻ പുഷ് അവസാനിപ്പിച്ച് അടുത്തയാഴ്ച ഞാൻ എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പിടും, പ്ലാസ്റ്റികിലേക്ക് തിരികെ മടങ്ങുക' എന്ന് ട്രംപ് തന്‍റെ സോഷ്യല്‍മീഡിയ പോസ്റ്റില്‍ കുറിച്ചു. പോസ്റ്റ് പങ്കുവച്ചതിനു പിന്നാലെ നിരവധിയാളുകളാണ് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. 

കഴിഞ്ഞ വർഷം ബൈഡൻ സർക്കാർ, 2027ഓടെ ഫെഡറൽ ഗവൺമെന്റിന്റെ ഭക്ഷണ സേവനങ്ങളിലും ഇവന്റുകളിലും പാക്കേജിങ്ങിലും ഏകോപിച്ചു ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഒഴിവാക്കാനും, 2035ഓടെ മറ്റ് എല്ലാ ഫെഡറൽ പ്രവർത്തനങ്ങളിൽ നിന്നും പ്ലാസ്റ്റിക് പൂർണ്ണമായും നീക്കാനും ഉത്തരവിട്ടിരുന്നു. പിന്നാലെയാണ് ട്രംപിന്‍റെ പുതിയ ഉത്തരവ്.

ട്രംപിന്റെ ഈ നീക്കം പരിസ്ഥിതി വിഷയങ്ങളിൽ റിപ്പബ്ലിക്കൻ നേതാവിന്റെ ഏറ്റവും പുതിയ നടപടിയാണ്. തന്റെ രണ്ടാം ഭരണം ആരംഭിച്ചപ്പോള്‍ തന്നെ, പാരിസ് കാലാവസ്ഥാ കരാറിൽ നിന്ന് അമേരിക്കയെ പിൻവലിച്ച ട്രംപ്, എണ്ണ ഖനനം ശക്തിപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. "ഡ്രിൽ, ബേബി, ഡ്രിൽ" എന്നായിരുന്നു അതിന് നല്‍കിയിരുന്ന മുദ്രാവാക്യം. 

പ്ലാസ്റ്റിക് സ്‌ട്രോകളെ പിന്തുണയ്ക്കാനുള്ള ട്രംപിന്‍റെ തീരുമാനത്തെ എലോൺ മസ്‌ക് പിന്തുണ നല്‍കി, എക്‌സിലെ ട്രൂത്ത് സോഷ്യൽ പോസ്റ്റിന്‍റെ സ്‌ക്രീൻഷോട്ട് പങ്കിട്ട് “എക്കാലത്തെയും മികച്ച പ്രസിഡൻ്റ്!” എന്നാണ് അദ്ദേഹം കൂട്ടിച്ചേർത്തത്.