monkey-srilankan-power-house

TOPICS COVERED

ചെറിയ കാലത്തിനുള്ളില്‍ പല പ്രതിസന്ധികളും നേരിട്ട രാജ്യമാണ് ശ്രീലങ്ക. ഞായറാഴ്ച കുഞ്ഞന്‍ ദ്വീപ് രാജ്യം മറ്റൊരു പ്രതിസന്ധിയെ നേരിട്ടു. രാജ്യം മുഴുവന്‍ വൈദ്യുതി വിതരണം തടസപ്പെട്ടു. അക്ഷരാര്‍ഥത്തില്‍ ശ്രീലങ്ക ഇരുട്ടിലായി. സംഭവങ്ങള്‍ക്ക് കാരണം ഒരു കുരങ്ങനാണെന്നാണ് ലങ്കന്‍ ഊര്‍ജ മന്ത്രി കുമാരാ ജയകോഡെ പറഞ്ഞത്. 

ശ്രീലങ്കന്‍ ഇലക്ട്രിക്കല്‍ ഗ്രിഡ് സബ്സ്റ്റേഷനില്‍ നുഴഞ്ഞു കയറിയ കുരങ്ങാണ് രാജ്യത്തെ ഇരുട്ടിലാക്കിയതെന്നാണ് മന്ത്രിയുടെ വാദം. നുഴഞ്ഞു കയറിയ കുരുങ്ങന്‍ ചെന്നു പെട്ടത് ഗ്രി‍ഡ് ട്രാന്‍സ്ഫോറിലേക്കാണ്. ഇത് വൈദ്യുതി വിതരണ ശ്രംഖവലയില്‍ അസുന്തലാവസ്ഥയുണ്ടാക്കി, ഊര്‍ജ മന്ത്രി കുമാരാ ജയകോഡെ പറഞ്ഞു. തെക്കന്‍ കൊളംബോയുടെ പ്രാന്തപ്രദേശത്താണ് കുരങ്ങന്‍ പണി പറ്റിച്ചത്. 

ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 11.30 ഓടെയായിരുന്നു പ്രശ്നങ്ങള്‍ക്ക് തുടക്കം. രാജ്യത്തൊട്ടാകെ ഉണ്ടായ വൈദ്യുതി തടസം പുനഃസ്ഥാപിക്കാന്‍ പരിശ്രമിക്കുകയാണെന്ന് സിലോണ്‍ ഇല്ക്ട്രിസിറ്റി ബോര്‍ഡിന്‍റെ വെബ്സൈറ്റില്‍ നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ സംഭവത്തിന്‍റെ കാരണമെന്താണെന്ന് ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ല. 

traffic-srilanka

വൈദ്യുതി ബന്ധം തകരാറിലായതിനെ തുടര്‍ന്ന് പ്രവര്‍ത്തന രഹിതമായ ഗാലെയിലെ ട്രാഫിക് സിഗ്നല്‍ .

സംഭവത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളും നിറയുകയാണ്. രാജ്യത്തൊട്ടാകെ വൈദ്യുത മുടക്കമുണ്ടോ എന്നാണ് ഒരു ഉപഭോക്താവ് റെഡ്ഡിറ്റില്‍ കുറിച്ചത്. കൊളംബോ, ഗാലെ എന്നി പ്രധാന മേഖലയിലും മറ്റു പ്രദേശങ്ങളിലും വൈദ്യുത തടസമുണ്ടെന്നാണ് ഇതിന് പലരും നല്‍കുന്ന മറുപടി. ശ്രീലങ്കയില്‍ കഠിനവേനല്‍ തുടങ്ങുമ്പോഴുണ്ടായ വൈദ്യുതി തടസത്തിനും വിമര്‍ശനമുണ്ട്. 30 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില.  

കുരങ്ങന്‍മാര്‍ പവര്‍ സ്റ്റേഷനുള്ളില്‍ ഏറ്റുമുട്ടുകയും വൈദ്യുതി തടസമുണ്ടാക്കുകയും ചെയ്യുന്ന ഏകരാജ്യം ശ്രീലങ്കയില്‍ മാത്രമാണ് എന്ന് ശ്രീലങ്കന്‍ ദിനപത്രമായ ഡെയ്‍ലി മിറര്‍ എഡിറ്റര്‍ ഇന്‍ ചീഫ് ജമീല ഹുസൈന്‍ എഴുതി. പവര്‍ ഗ്രിഡ് സംവിധാനം മെച്ചപ്പെടുത്താനും അല്ലെങ്കില്‍ വൈദ്യുതി തടസമുണ്ടാകുമെന്നും വര്‍ഷങ്ങളായി മാറിമാറി വരുന്ന സര്‍ക്കാറുകള്‍ക്ക് എന്‍ജിനയര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി പത്രം തിങ്കളാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലുണ്ട്. ദേശിയ പവര്‍ ഗ്രിഡ് ദുര്‍ബലാവസ്ഥയിലാണെന്നും ഒരു ലൈനില്‍ പോലും തടസമുണ്ടായാല്‍ രാജ്യത്തൊട്ടാകെ വൈദ്യുതി നിലയ്ക്കുന്ന സാഹചര്യമാണെന്നും മുതിര്‍ന്ന എന്‍ജീനീയര്‍ പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്തു. 

ദിവസം ഒന്ന് കഴിഞ്ഞിട്ടും ലങ്കയുടെ എല്ലാമേഖലകളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. പലമേഖലകളിലും വൈദ്യുതി പുനസ്ഥാപിക്കുകയാണെന്നും  ആരോഗ്യമേഖലയ്ക്കും ജലശുദ്ധീകരണ പ്ലാന്‍റുകള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നതെന്നുമാണ് വിവരം. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും രാജ്യത്ത് പവര്‍ കട്ട് ഉണ്ടാകുമെന്ന് സിലിക്കോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് അറിയിച്ചു. വൈകീട്ട് 3.30 മുതല്‍ രാത്രി 9.30 വരെയാണ് വൈദ്യുത വിതരണം തടസപ്പെടുക. 

ENGLISH SUMMARY:

A monkey entering an electrical substation is blamed for a nationwide power outage in Sri Lanka. The incident highlights concerns about the country's fragile power grid.