ഈ വര്‍ഷത്തെ പ്രണയദിനത്തില്‍ വ്യത്യസ്ത പരിപാടിയുമായി അമേരിക്കയിലെ മൃഗശാല. പ്രണയിതാക്കള്‍ക്കല്ല, മറിച്ച് ബ്രേക്ക് അപ്പ് ആയ യുവതി–യുവാക്കള്‍ക്കു ഈ പ്രണയദിനത്തില്‍ ചെറിയൊരു മധുര പ്രതികാരം നടത്താനാണ് അവസരം. വഞ്ചിച്ചുപോയ കാമുകന്‍റെയോ കാമുകിയുടെയോ പേര് എലി, പുഴു, പാറ്റ എന്നീ ജീവികള്‍ക്കു ഇടുന്നതാണ് പരിപാടി.
ന്യൂയോര്‍ക്കിലെ ബ്രോങ്ക്സ്, ടെക്സാസിലെ സാൻ ആന്റോണിയോ, ഒഹായൊയിലെ കൊളംബസ് എന്നീ മൃഗശാലകളാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കേള്‍ക്കുമ്പോള്‍ വെറും തമാശയാണെന്ന് തോന്നുമെങ്കിലും കാര്യം സത്യമാണ്. ഇങ്ങനെ ജീവികള്‍ക്ക് പേരിടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും മൃഗശാലയില്‍ നിന്ന് ലഭ്യമാകും.
'നെയിം എ റോച്ച്' എന്ന പേരിലാണ് ന്യൂയോര്‍ക്കിലെ ബ്രോങ്ക്സില്‍ പരിപാടി സംഘടിപ്പിക്കുന്നത്. സാൻ ആന്‍റോണിയോ മൃഗശാലയില്‍ 'സ്ക്വാഷ് യുവർ പാസ്റ്റ്' എന്ന പേരിലാകും പരിപാടി. സാന്‍ ആന്‍റോണിയോയില്‍ പാറ്റ, എലി, പച്ചക്കറികൾ എന്നിവയ്ക്ക് നിങ്ങളുടെ പുര്‍വപ്രണയിതാവിന്‍റെ പേരിടാം. പേരിട്ട ശേഷം ഇവയെ അവിടെ വിശന്നിരിക്കുന്ന മൃഗങ്ങള്‍ക്ക് ഭക്ഷണമായും നല്‍കാം.
പുഴുക്കൾക്ക് മുൻ കാമുകിയുടേയും കാമുകന്‍റേയും പേരിടാനാണ് കൊളംമ്പസ് മൃഗശാല അവസരം നൽകിയിരിക്കുന്നത്. ഈ പുഴുക്കളെ അവിടെയുളള തേൻകരടികൾക്ക് ഭക്ഷണമായി നൽകും. അതിന്‍റെ വിഡിയോയും പങ്കെടുക്കുന്നവര്‍ക്ക് നല്‍കും.
ഇത്തരത്തില്‍ എക്സിന്‍റെ പേര് ജീവികള്‍ക്ക് ഇടാന്‍ വരുന്ന യുവതീ യുവാക്കളില്‍ നിന്ന് പണവും അധികൃതര്‍ ഈടാക്കും. ബ്രോങ്ക്സ് മൃഗശാല 15 ഡോളറാണ് ഈടാക്കുന്നത്. 20 ഡോളർ അധികം നൽകിയാൽ പ്രാണിയുമായി വെർച്വൽ മീറ്റിംഗിനും മൃഗശാല അവസരമൊരുക്കി തരും. സാൻ ആന്‍റോണിയോ മൃഗശാലയിൽ അഞ്ച് മുതൽ 25 ഡോളർ വരെയാണ് നല്‍കേണ്ടിവരിക. കൊളംമ്പസ് മൃഗശാലയിൽ 15 ഡോളറാണ് ചിലവ്. കഴിഞ്ഞ വർഷം ബ്രോങ്ക്സ് മൃഗശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ 3200 ൽ അധികം ആളുകളാണ് പങ്കെടുത്തത്.