alaska-triangle

കടലിലൂടെ പോകുന്ന കപ്പലുകളും, മുകളിലൂടെ പറക്കുന്ന വിമാനങ്ങളും കാണാതാകുന്ന പ്രദേശം! കെട്ടുകഥകളും അന്ധവിശ്വാസങ്ങളും പിടിമുറുക്കിയ ബെർമുഡ ട്രയാങ്കിളിനെക്കുറിച്ച് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. പക്ഷേ അത്രത്തോളം കേട്ടുകാണാത്ത, എന്നാല്‍ ഇതുവരെ ഏകദേശം 20,000 പേരെങ്കിലും കാണാതായ ഒരിടമുണ്ട്. അമേരിക്കയില്‍ ഏറ്റവും ഒടുവിലെ വിമാന അപകടത്തിന്‍റെ പിന്നാലെ ചര്‍ച്ചയാകുകയാണ് ‘അലാസ്ക ട്രയാങ്കിള്‍’ എന്ന മഞ്ഞുപുതച്ച അലാസ്കയുടെ മറ്റൊരു മുഖം.

This photo provided by the U.S. Coast Guard on Friday, Feb. 7, 2025, shows a small commuter plane that crashed in western Alaska on a flight that was bound for the hub community of Nome. AP/PTI(AP02_08_2025_000008A)

This photo provided by the U.S. Coast Guard on Friday, Feb. 7, 2025, shows a small commuter plane that crashed in western Alaska on a flight that was bound for the hub community of Nome. AP/PTI(AP02_08_2025_000008A)

ബെറിങ് എയര്‍ വിമാനാപകടം

കഴിഞ്ഞ വ്യാഴാഴ്ചയാണ് പത്ത് യാത്രക്കാരുമായി പറന്നുയര്‍ന്ന യുഎസ് വിമാനം യാത്രാമധ്യേ അലാസ്കയ്ക്ക് മുകളില്‍ വച്ച് കാണാതാകുന്നത്. ഉനലക്ലീറ്റിൽ നിന്ന് നോമിലേക്ക് പറക്കുന്നതിനിടെയാണ് വിമാനം അപ്രത്യക്ഷമായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വിമാനം മഞ്ഞുപാളികളില്‍ ഇടിച്ച് തകര്‍ന്നതായും വിമാനത്തിലുണ്ടായിരുന്ന പത്തുപേരും കൊല്ലപ്പെട്ടതായും സ്ഥിരീകരിച്ചു. നോമില്‍ നിന്ന് തെക്ക് കിഴക്ക് 48 കിലോമീറ്ററോളം അകലെ നിന്നാണ് വിമാനം കണ്ടെത്തിയത്. ബെറിങ് എയറിന്‍റെ വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. നോം, കോട്സെബ്യൂ, ഉനലക്ലീറ്റ് എന്നിവിടങ്ങളില്‍ താമസിക്കുന്ന പടിഞ്ഞാറൻ അലാസ്കയിലെ 32 കമ്മ്യൂണിറ്റികളുടെ പ്രധാന യാത്രാമാര്‍ഗങ്ങളിലൊന്നായിരുന്നു ബെറിങ് എയര്‍ സര്‍വീസ്. റോഡുകളുമായി ബന്ധിപ്പിക്കാത്ത സംസ്ഥാനത്തെ മിക്ക കമ്യൂണിറ്റികളുടേയും യാത്രാമാര്‍ഗങ്ങള്‍ ചെറിയ വിമാനങ്ങൾ ഉൾപ്പെടെയുള്ളവയാണ്. എട്ട് ദിവസത്തിനിടെ യുഎസിലുണ്ടായ മൂന്നാമത്തെ വലിയ വ്യോമയാന അപകടമായിരുന്നു ഇത്. എന്നാല്‍ അലാസ്കയെ സംബന്ധിച്ചിടത്തോളം പ്രദേശത്ത് ഉണ്ടായിട്ടുള്ള അപകടങ്ങളുടെ നീണ്ട ചരിത്രത്തിലെ ഒന്ന് മാത്രവും.  

alaska-triangle-map

Image Credit: X

അലാസ്കാ ട്രയാങ്കിള്‍

ആങ്കറേജ്, ജുനൗ, ഉത്ക്വിയാഗ്വി എന്നിവയ്ക്കിടയിലുള്ള ഒരു വലിയ പ്രദേശമാണ് പൊതുവേ ‘അലാസ്ക ട്രയാങ്കിള്‍’ എന്നറിയപ്പെടുന്നത്. ദി എക്സ്പ്രസിലെ റിപ്പോർട്ട് അനുസരിച്ച്, ബർമുഡ ട്രയാങ്കിളിന്‍റെ വായുവില്‍ സ്ഥിതി ചെയ്യുന്ന ഒരു പതിപ്പാണിതത്രേ! 1972 മുതൽ 20,000 ത്തിലധികം തിരോധാനങ്ങളാണ് അലാസ്ട ട്രയാങ്കിള്‍ എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 1972ൽ ഹൗസ് മെജോറിറ്റി ലീഡർ ഹെയ്ൽ ബോഗ്‌സും കോൺഗ്രസ് അംഗം നിക്ക് ബെഗിച്ചും സഞ്ചരിച്ച വിമാനം ആങ്കറേജിൽ നിന്ന് ജുനൗവിലേക്ക് പറക്കുന്നതിനിടെ ഇവിടെ വച്ച് വായുവില്‍ അപ്രത്യക്ഷമായി. വിപുലമായ തിരച്ചിൽ നടത്തിയിട്ടും വിമാനത്തിന്റെയോ അതിലെ യാത്രക്കാരുടെയോ ഒരു സൂചന പോലും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം ബെറിങ് വിമാനം അപ്രത്യക്ഷമായതിന് സമാനമായ സംഭവമായിരുന്നു ഇതും. 

bering-sea-ice

FILE - Ice is visible in the Bering Sea Jan. 22, 2020, as seen from a small plane airplane near the western Alaska coast. (AP Photo/Mark Thiessen, File)

1970ല്‍ വേട്ടയാടലിനിടെ ന്യൂയോർക്കിൽ നിന്നുള്ള 25 കാരനായ ഗാരി ഫ്രാങ്ക് എന്ന യുവാവിനെ കാണാതായിരുന്നു. പിന്നീട് 1997ൽ, പോർക്കുപൈൻ നദിക്കരയിൽ ഒരു മനുഷ്യ തലയോട്ടി കണ്ടെത്തുകയും. ഡിഎൻഎ പരിശോധനയിലൂടെ അത് ഗാരിയുടേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. കരടിയുടെ ആക്രമണത്തിലായിരിക്കാം യുവാവ് കൊല്ലപ്പെട്ടതെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മറ്റൊരിക്കല്‍ അലാസ്കയിൽ നിന്ന് മൊണ്ടാനയിലേക്കുള്ള യാത്രാമധ്യേ ഡഗ്ലസ് സി-54 സ്കൈമാസ്റ്റര്‍ എന്നി വിമാനം ഇവിടെ വച്ച് കാണാതായി. 44 സൈനികരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. കനേഡിയൻ, യുഎസ് അധികാരികൾ സംയുക്തമായി വലിയ തിരച്ചിൽ നടത്തിയിട്ടും വിമാനം പിന്നീട് ഒരിക്കലും കണ്ടെത്താനായില്ല.

nome-alaska

FILE - The city of Nome, Alaska, awaits the first Iditarod Trail Sled Dog Race musher Tuesday, March 14, 2023. Ryan Redington won the race. (Loren Holmes/Anchorage Daily News via AP, File)

അലാസ്ക ട്രയാങ്കിളിലെ തിരോധാനങ്ങള്‍ വെറും പഴങ്കഥകള്‍ മാത്രമല്ല. 2011ൽ കാണാതായ ഒരു സ്ത്രീയെ തിരയുന്നതിനിടെ ഫെയർബാങ്ക്സിനടുത്തുള്ള വൈറ്റ് മൗണ്ടൻസിൽ രക്ഷാപ്രവർത്തകനായ ജെറാൾഡ് ഡിബെറിയെയും കാണാതായിരുന്നു. പിന്നീട് എടിവി കണ്ടെത്തിയെങ്കിലും അദ്ദേഹത്തെ മാത്രം കണ്ടെത്താനായില്ല. 2016ൽ ജോസഫ് ബാൽഡെറാസ് എന്നയാളും  2020 ഓഗസ്റ്റിൽ ഫ്ലോറൻസ് ഒക്‌പീലുക്ക് എന്ന മുപ്പിത്തിമൂന്നുകാരനും ഇവിടെവച്ച് അപ്രത്യക്ഷനായിരുന്നു.

bering-air-plane

A Bering Air plane prepares to arrive in Ambler on Saturday, April 9, 2022. (Emily Mesner/Anchorage Daily News via AP)

ബെറിങ് എയർ വിമാനത്തിന് സംഭവിച്ചതെന്ത്?

നോമിന് സമീപം ബെറിങ് എയർ വിമാനം അപ്രത്യക്ഷമായതോടെയാണ് അലാസ്ക ട്രയാങ്കിള്‍ വീണ്ടും ചര്‍ച്ചയായത്. അലാസ്ക ട്രയാങ്കിളിന്‍റെ മറ്റൊരു ‘ഇര’യായിരുന്നോ ബെറിങ് എയർ എന്ന രീതിയില്‍ ഊഹാപോഹങ്ങൾ വർദ്ധിച്ചു. അതേസമയം, പ്രാദേശിക സമയം മൂന്നേ കാല്‍ കഴിഞ്ഞതിന് പിന്നാലെ വിമാനത്തിന് പെട്ടെന്ന് മര്‍ദവ്യതിയാനം താങ്ങാന്‍ കഴിയാതെ വരികയും അപകടം സംഭവിക്കുകയുമായിരുന്നുവെന്നുമാണ് റഡാര്‍ ഡേറ്റ ഉപയോഗിച്ചുള്ള യുഎസ് സിവില്‍ എയര്‍ പട്രോളിന്‍റെ വിലയിരുത്തല്‍. ഈ സമയം നേരിയ മഞ്ഞുവീഴ്ചയും മൂടല്‍മഞ്ഞും ഉണ്ടായിരുന്നുവെന്നും അന്തരീക്ഷ താപനില മൈനസ് എട്ട് ഡിഗ്രി ആയിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ശൈത്യകാലത്ത് അലാസ്കയില്‍ പലപ്പോഴും അപ്രതീക്ഷിതമായി മഞ്ഞുവീഴ്ചയും ശക്തിയേറിയ കാറ്റും ഉണ്ടാവാറുണ്ട്. ഇത് ചെറുവിമാനങ്ങളുടെ സഞ്ചാരത്തെ പ്രതികൂലമായി ബാധിക്കാറുമുണ്ടെന്നും അധികൃതര്‍ പറയുന്നു. 

അലാസ്കാ ട്രയാങ്കിളിനു പിന്നില്‍‌

ബെര്‍മുഡ ട്രയാങ്കിളിനെപ്പോലെ അന്ധവിശ്വാസങ്ങളും കെട്ടുകഥകളും പല സിദ്ധാന്തങ്ങളും അലാസ്ക ട്രയാങ്കിളിനെ ചുറ്റിപ്പറ്റിയുമുണ്ട്. പ്രദേശത്തെ അസാധാരണമായ കാന്തിക പ്രവർത്തനമാണ് തിരോധാനങ്ങള്‍ക്ക് കാരണമെന്ന കഥകള്‍ മുതല്‍ അന്യഗ്രഹ ജീവികള്‍ വരെ ഈ കഥകളില്‍ നിറഞ്ഞു നില്‍ക്കുന്നു. പ്രേതകഥകള്‍ക്കും മുന്‍പ് അലാസ്കൻ മത്സ്യബന്ധന ഗ്രാമമായ പോർട്ട്‌ലോക്ക് ഉപേക്ഷിച്ച് ആളുകള്‍ പോയതിന് പ്രധാന കാരണമായി കരുതപ്പെടുന്ന നാന്റിനാക്ക് എന്ന ബിഗ്ഫൂട്ട് ഭീകരജീവികളെ കുറിച്ചും കഥകളുണ്ട്.

സിദ്ധാന്തങ്ങൾ എന്തായാലും അലാസ്കയുടെ വിശാലമായ മ‍ഞ്ഞുമൂടിയ പ്രദേശങ്ങളും അവിടെ പ്രക‍ൃതി തന്നെ ഒളിപ്പിച്ച ‘കെണി’കളുമാണ് ഈ തിരോധാനങ്ങള്‍ക്ക് പിന്നിലെന്നാണ് പൊതുവേ കരുതുന്നത്. മനുഷ്യന് പിടിതരാത്ത തലത്തില്‍ മാറിമറയുന്ന കാലാവസ്ഥയും പരിസ്ഥിതിയും ഈ ഉയർന്ന തിരോധാന നിരക്കിന് കാരണമാകാം എന്നാണ് കരുതുന്നത്. എങ്കിലും തുമ്പില്ലാത്ത ഈ തിരോധാനങ്ങള്‍ നിയമപാലകരെയും അലാസ്കയിലെ കമ്മ്യൂണിറ്റികളുടേയും പ്രധാന ആശങ്കയാണ്. അലാസ്ക ട്രയാങ്കിളില്‍ ഓരോ വർഷവും ഏകദേശം 2,250 പേർ അപ്രത്യക്ഷരാകുന്നതായാണ് കണക്ക്. ദേശീയ ശരാശരിയുടെ ഇരട്ടിയാണിത്. തിരോധാനങ്ങള്‍ക്ക് പിന്നിലെ ഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തുടരുമ്പോള്‍ ബെർമുഡ ട്രയാംഗിളിനെപ്പോലെ, അലാസ്ക ട്രയാംഗിളും പരിഹരിക്കപ്പെടാത്ത ഒരു രഹസ്യമായി തുടരുകയാണ്. 

ENGLISH SUMMARY:

The Alaska Triangle, a region known for mysterious disappearances, has once again gained attention following the Bering Air plane crash. Over 20,000 people have vanished in this area since 1972. Is it due to magnetic anomalies, extreme weather, or supernatural forces?