AI Generated Image

പത്ത് യാത്രക്കാരുമായി പറന്നുയര്‍ന്ന യുഎസ് വിമാനം യാത്രാമധ്യേ അലാസ്കയ്ക്ക് മുകളില്‍ വച്ച് കാണാതായതായി റിപ്പോര്‍ട്ട്. ബെറിങ് എയർ സർവീസിന്‍റെ സെസ്‌ന 208B ഗ്രാൻഡ് കാരവൻ എന്ന വിമാനമാണ് വ്യാഴാഴ്ച വൈകുന്നേരം 4 മണിയോടെ കാണാതായത്. ഉനലക്ലീറ്റിൽ നിന്ന് നോമിലേക്ക് പറക്കുന്നതിനിടെയാണ് വിമാനം അപ്രത്യക്ഷമായത്. വിമാനത്തിനായി തിരച്ചില്‍‌ തുടരുകയാണെന്ന് അധികൃതര്‍‌ അറിയിച്ചു. നോമിന്റെ തീരത്ത് ടോപ്‌കോക്കിനു സമീപത്തുവച്ചാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. 

ഒമ്പത് യാത്രക്കാരും ഒരു പൈലറ്റുമാണ് വിമാനത്തില്‍‌ ഉണ്ടായിരുന്നത്. റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് പ്രകാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.37 നാണ് ഉനലക്ലീറ്റിൽ വിമാനം പുറപ്പെട്ടത്. 3.16ന് നോർട്ടൺ സൗണ്ടിന് മുകളിലൂടെ പറക്കുമ്പോഴാണ് വിമാനത്തില്‍ നിന്ന് അവസാനമായി സിഗ്നല്‍ ലഭിച്ചതെന്ന് അലാസ്ക ന്യൂസ് സോഴ്സ് പറയുന്നു. വിമാനത്തിന്‍റെ അവസാന കോർഡിനേറ്റുകള്‍ കണ്ടെത്താനും തിരച്ചില്‍ സംഘം ശ്രമിക്കുന്നണ്ട്. 

നോമിലും വൈറ്റ് മൗണ്ടനിലും സംഘം തിരച്ചില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതേസമയം മോശം കാലാവസ്ഥയും കുറഞ്ഞ ദൃശ്യപരതയും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എങ്കിലും തിരച്ചില്‍ സജീവമാണെന്നും വിമാനം കണ്ടെത്തുന്നതുവരെ തുടരുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഫിലാഡൽഫിയയിൽ വിമാനാപകടത്തിൽ നാല് പേർ കൊല്ലപ്പെടുകയും വാഷിങ്‍ടൺ ഡിസിയിൽ സൈനിക വിമാനവും ജെറ്റും കൂട്ടിയിടിച്ച് 67 പേർ കൊല്ലപ്പെടുകയും ചെയ്തതിനു പിന്നാലെയാണ് പുതിയ സംഭവം.

ENGLISH SUMMARY:

A US plane carrying 10 passengers vanished mid-flight over Alaska. The Bering Air Cessna 208B Grand Caravan disappeared from radar while flying from Unalakleet to Nome. Authorities continue the search.