AI Generated Image
ലിപ് സ്റ്റഡുകളും കമ്മലുകളും വാങ്ങാനായി അമ്മയുടെ കോടിക്കണക്കിന് വില വരുന്ന ആഭരണങ്ങള്‍ വിറ്റ് കൗമാരക്കാരി. ചൈനയിലെ ഷാങ്ഹായിലാണ് സംഭവം. എട്ട് ഡോളര്‍ (700 രൂപ) മാത്രം വരുന്ന ആഭരണങ്ങള്‍ വാങ്ങാനാണ് 140,000 യുഎസ് ഡോളര്‍ (1,22,50,944 രൂപ) വില വരുന്ന ആഭരണങ്ങള്‍ പെണ്‍കുട്ടി വിറ്റത്. സംഭവത്തില്‍ ഞെട്ടിയിരിക്കുകയാണ് കുട്ടിയുടെ അമ്മയും മറ്റ് കുടുംബാഗങ്ങളും.
ഷാങ്ഹായില്‍ താമസിക്കുന്ന വാങ് എന്ന യുവതിയാണ് തന്‍റെ മകൾ ലി വീട്ടിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ എടുത്ത് ചെറിയ വിലയ്ക്ക് വിറ്റതായി കണ്ടെത്തിയത്. കണക്കുകൂട്ടി നോക്കിയപ്പോള്‍ കുടുംബത്തിന് നേരിടേണ്ടി വന്നത് കനത്ത നഷ്ടം. ഇനി എന്തുചെയ്യുമെന്നറിയാതെ ഒടുവില്‍ വാങ് വാൻലി പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തി. പോക്കറ്റ് മണി ലഭിക്കാനായാണ് ലി ആഭരണങ്ങള്‍ എടുത്ത് വിറ്റതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
ജേഡ് ബ്രേസ്ലെറ്റുകൾ, മാലകൾ, വിലയേറിയ രത്നക്കല്ലുകൾ എന്നിവയാണ് അവയുടെ യഥാർത്ഥ മൂല്യം അറിയാതെ ലി സമീപത്തെ കടയില്‍ കൊണ്ടു വിറ്റത്. അവൾ എന്തിനാണ് അത് വിറ്റതെന്ന് തനിക്കറിയില്ലായിരുന്നെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ‘ഒരിക്കല്‍ പണം വേണമെന്ന് അവള്‍ എന്നോട് പറഞ്ഞിരുന്നു. എത്രയാണെന്ന് ചോദിച്ചപ്പോൾ 60 യുവാൻ എന്ന് പറഞ്ഞു. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ ലിപ് സ്റ്റഡ് ധരിച്ച ഒരാളെ താൻ കണ്ടെന്നും അതുപോലൊന്ന് തനിക്ക് വേണമെന്നും അവള്‍ പറഞ്ഞു. ലിപ് സ്റ്റഡിന് 30 യുവാൻ വേണം. 30 യുവാന്‍ ഒരു ജോഡി കമ്മലുകളും വാങ്ങാനും വേണം, അങ്ങിനെ 60 യുവാന്‍’ വാങ് പൊലീസിനോട് പറഞ്ഞു. പരാതി ലഭിച്ച ഉടനെ പൊലീസ് കടയുടെ ഉടമയുമായി ബന്ധപ്പെടുകയും ആഭരണങ്ങൾ കണ്ടെത്തി വാങിന് തിരികെ നൽകുകയും ചെയ്തു.