A satellite image shows the Munzenze prison, following its destruction, in Goma, Democratic Republic of Congo, December 31, 2025
കോംഗോയിലെ ഗോമ നഗരത്തിൽ വിമത കലാപം സൃഷ്ടിച്ച അരാജകത്വത്തിനിടയില്‍ കൂട്ടത്തോടെ ജയില്‍ ചാടിയ തടവുകാര്‍, നൂറിലധികം വനിതാ തടവുകാരെ ബലാത്സംഗം ചെയ്യുകയും ജീവനോടെ ചുട്ടുകൊന്നതായും യുഎൻ റിപ്പോർട്ട്. രാജ്യാന്തര മാധ്യമങ്ങള്‍ പുറത്തുവിട്ട ഐക്യരാഷ്ട്രസഭയുടെ ആഭ്യന്തര രേഖകള്‍ പ്രകാരം 165 ഓളം സ്ത്രീകളെ ജയിലിലെ പുരുഷ തടവുകാര്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.
ജനുവരി 27നാണ് മധ്യ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ട പിന്തുണയുള്ള M23 വിമത സൈന്യത്തിലെ ആളുകള്‍ നഗരത്തില്‍ ആക്രമണം നടത്തുന്നത്. തുടര്‍ന്നുണ്ടായ അരാജകത്വത്തിനിടയിലാണ് മുൻസെൻസെ ജയിലില്‍ കൂട്ട ജയില്‍ ചാട്ടമുണ്ടാകുന്നത്. സ്ത്രീകൾ ഉൾപ്പെടെ ഏകദേശം 4,000 തടവുകാർ രക്ഷപ്പെട്ടതായി ഗോമയിലെ യുഎൻ സമാധാന സേനയുടെ ഡെപ്യൂട്ടി മേധാവി വിവിയൻ വാൻ ഡി പെറെ സ്ഥിരീകരിച്ചു. ഈ ജയില്‍ ചാട്ടത്തിനിടയിലാണ് വനിതാ സെല്ലിലുള്ള സ്ത്രീകള്‍ക്കുനേരെ ലൈംഗിക അതിക്രമമുണ്ടായത്. നൂറോളം സ്ത്രീകളെ ബലാല്‍സംഗം ചെയ്ത പുരുഷ സൈനികര്‍ ശേഷം വനിതാ വിഭാഗത്തിന് തീയിടുകയായിരുന്നു.
ജയില്‍ ചാട്ടത്തിന്‍റെ ദൃശ്യങ്ങളും കത്തിയെരിയുന്ന സെല്ലുകളുടേയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തടവുകാർ ഓടിപ്പോകുന്നതും കനത്ത വെടിവയ്പ്പിന്റെ ശബ്ദവും ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. രക്ഷപ്പെട്ട തടവുകാർ ഗോമയിലെ തെരുവുകളിലൂടെ മാർച്ച് ചെയ്യുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തില്‍ ഇതുവരെ കുറഞ്ഞത് 2,900 പേർ കൊല്ലപ്പെട്ടതായും 2,000 മൃതദേഹങ്ങൾ ഇതിനകം സംസ്കരിച്ചതായും യുഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 900 മൃതദേഹങ്ങള്‍ ഇപ്പോളും മോർച്ചറികളില്‍ സൂക്ഷിച്ചിരിക്കുകയാണ്. പത്ത് ലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന നഗരം വിമതരുരുടെ പൂര്‍ണ നിയന്ത്രണത്തിലാണ്.
അതേസമയം, ഗോമയിലെ സായുധ സംഘങ്ങൾ ലൈംഗിക അതിക്രമത്തെ യുദ്ധായുധമായി ഉപയോഗിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മാനുഷിക വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ബുധനാഴ്ച വിമതര്‍ വീണ്ടും ആക്രമണം ആരംഭിച്ചു. കിഴക്കൻ മേഖലയിലെ രണ്ടാമത്തെ വലിയ നഗരമായ ബുക്കാവിൽ നിന്ന് 100 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ന്യാബിബ്‌വെ പിടിച്ചെടുക്കുകയും ചെയ്തു. ആക്രമണത്തിൽ നിന്ന് ബുക്കാവുവിനെ പ്രതിരോധിക്കാൻ കോംഗോ അധികൃതർ നൂറുകണക്കിന് സിവിലിയൻ വളണ്ടിയർമാരെ നിയോഗിച്ചിട്ടുണ്ട്. വിമതർ ബുക്കാവുവിലേക്ക് നീങ്ങിയാൽ ആയിരക്കണക്കിന് മരണങ്ങൾക്ക് സാധ്യതയുള്ള ഒരു പുതിയ ഏറ്റുമുട്ടൽ ഉണ്ടാകുമെന്നും വാൻ ഡി പെറെ മുന്നറിയിപ്പ് നൽകി.
അതേസമയം, കലാപത്തെ തുടര്‍ന്നുള്ള മാനുഷിക ആശങ്കകളും വർദ്ധിച്ചു വരികയാണ്. നഗരത്തിലേക്കുള്ള ശുദ്ധജല ലഭ്യത കുറഞ്ഞു. തെരുവുകളിൽ മൃതദേഹങ്ങൾ ഇപ്പോഴും കിടക്കുകയാണ് ഇത് രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ടെന്നും സ്ഥലത്തെ കോളറ ചികില്‍സാ കേന്ദ്രങ്ങള്‍ നിറഞ്ഞതായും മെഡെസിൻസ് സാൻസ് ഫ്രോണ്ടിയേഴ്‌സിന്റെ (എംഎസ്എഫ്) നേതാവായ സ്റ്റീഫൻ ഗോട്ട്ഗ്ബർ ബിബിസിയോട് പറഞ്ഞു.