ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് പെണ്‍കുട്ടി ചിത്രത്തില്‍ കാണുന്ന അവസ്ഥയിലായിരുന്നു.
‘നടക്കുന്ന അസ്ഥികൂടം പോലെ’ ഒരു പതിനേഴു വയസ്സുകാരിയെ കണ്ട് ഞെട്ടിയ ഡോക്ടര്‍ പറഞ്ഞതാണിത്. മാതാപിതാക്കളുടെ കടുംപിടിത്തം ഒരു കുട്ടിയുടെ ജീവന്‍ തന്നെ തുലാസിലാക്കിയ സംഭവം നടുക്കുന്നതാണ്. വിശക്കുന്ന കുട്ടിക്ക് ഭക്ഷണം പോലും കൃത്യമായി നല്‍കാതെ നൃത്ത പരിശീലനവും കടുത്ത ഡയറ്റും നടപ്പാക്കിയ മാതാപിതാക്കാള്‍ അഴിക്കുള്ളിലായി. ഓസ്ട്രേലിയയിലെ പെര്‍ത്തിലാണ് സംഭവം.
17 വയസ്സ് പ്രായമുള്ള കുട്ടിയെ കണ്ടാല്‍ ഒന്‍പത് വയസ്സ് പോലും തോന്നിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. പോഷകാഹാര കുറവും ഭാരക്കുറവും തുടങ്ങി ആരോഗ്യപരമായി അവശതകള്‍ നേരിട്ട കുട്ടിയ്ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കി. 2021ലാണ് കുട്ടിയുടെ ദാരുണാവസ്ഥ പുറംലോകം അറിഞ്ഞത്. കേസില്‍ കുട്ടിയുടെ അച്ഛന് ആറര വര്‍ഷവും അമ്മയ്ക്ക് അഞ്ചു വര്‍ഷവും കോടതി തടവുശിക്ഷ വിധിച്ചിരിക്കുകയാണ്. ഇപ്പോള്‍ ആ കുട്ടിക്ക് 20 വയസ്സുണ്ട്.
കുട്ടിയെ മാതാപിതാക്കള്‍ വീടിനു വെളിയില്‍ പോലും ഇറക്കിയിരുന്നില്ല. പല്ലു തേയ്ക്കുന്നതിനു പോലും ടൈമര്‍ സെറ്റ് ചെയ്തു. എല്ലാത്തരത്തിലും കൂട്ടിലിട്ട അവസ്ഥയിലാണ് കുട്ടി വളര്‍ന്നത്. എപ്പോഴും കുഞ്ഞായിരിക്കണം എന്ന മാതാപിതാക്കളുടെ ആഗ്രഹമാണ് കുട്ടിയുടെ ജീവന്‍ പോലും പണയപ്പെടുത്താന്‍ പ്രേരണയായത് എന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.
കൗമാരപ്രായത്തിലും പ്രീ സ്കൂള്‍ കുട്ടികളുടെ പോലുള്ള വസ്ത്രങ്ങളാണ് കുട്ടിയെ ധരിപ്പിച്ചിരുന്നത്. പീയർ, സ്ട്രോബെറി, മിനെസ്ട്രോണ്‍ സൂപ്പ്, ഐസ്ക്രീം എന്നിവ മാത്രമാണു കഴിക്കാൻ നല്‍കിയിരുന്നത്. ഹോം സ്കൂളിങ്ങായിരുന്നു കുട്ടിക്ക് നല്‍കിയിരുന്നത്. കുട്ടിയെ നേരിട്ട് കണ്ട ഒരു അധ്യാപികയും മറ്റു ചില മാതാപിതാക്കളുമാണ് വിഷയം ഗൗരവമാണെന്നും എത്രയും പെട്ടെന്ന് ഇടപെടണമെന്നും പൊലീസിലടക്കം പറഞ്ഞത്. മാതാപിതാക്കളോട് ഇവര്‍ ഇക്കാര്യം നേരിട്ട് സംസാരിച്ചിട്ടും കാര്യമില്ല എന്ന് ബോധ്യപ്പെട്ടതോടെയായിരുന്നു ഇത്.
ഈ നിലയില്‍ വളര്‍ത്തിയാല്‍ കുട്ടിക്ക് ഹൃദയാഘാതമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ പൊട്ടിച്ചിരിക്കുകയായിരുന്നു പിതാവ് ചെയ്തത്. ആശുപത്രിയില്‍ നല്‍കിയ രേഖയില്‍ പോലും കൃത്രിമം കാട്ടി. കുട്ടിയുടെ ജനന തീയതി മാറ്റി, പ്രായം കുറവാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചു. 27.3 കിലോ ഗ്രാം ആയിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ പതിനേഴുകാരിക്കുണ്ടായിരുന്നത്. അന്‍പത് ദിവസങ്ങളോളം ആശുപത്രിയില്‍ പെണ്‍കുട്ടിക്ക് തുടരേണ്ടി വന്നു. ഭക്ഷണം ട്യൂബിലൂടെയാണ് നല്‍കിയത്. ചികിത്സയുടെ ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍ കുട്ടിക്ക് ഏഴു കിലോ ഗ്രാമോളം ഭാരവും 3.4 സെന്‍റീമീറ്റര്‍ നീളവും വര്‍ധിച്ചു എന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകളെത്തി.
കോടതി ജയില്‍ശിക്ഷയ്ക്ക് വിധിച്ചപ്പോഴും അതിനെ എതിര്‍ക്കുകയാണ് പെണ്‍കുട്ടി ചെയ്തത്. ‘ഞാന്‍ അനാഥയാകും, എന്‍റെ മാതാപിതാക്കള്‍ എനിക്ക് ദോഷമുണ്ടാകുന്നതൊന്നും ചെയ്യില്ല’ എന്നു പറഞ്ഞാണ് കോടതിയ്ക്കു മുന്നില്‍ കണ്ണീരോടെ പെണ്‍കുട്ടി നിന്നത്. എന്നാല്‍ സ്വന്തം താല്‍പര്യങ്ങള്‍ മാതാപിതാക്കള്‍ കുട്ടിയില്‍ അടിച്ചേല്‍പ്പിച്ചു, വ്യക്തി സ്വാതന്ത്ര്യം ഹനിച്ചു, വിശക്കുന്ന കുഞ്ഞിന് ഭക്ഷണം പോലും നല്‍കാതെ ഉപദ്രവിച്ചു എന്ന കാരണങ്ങള്‍ നിരത്തി ശിക്ഷ ഇളവ് ചെയ്യില്ലെന്ന് കോടതി വ്യക്തമാക്കി.