Image: x.com/TheAfrican_Wave/status
മന്ത്രിസഭ പുനഃസംഘടനയില്‍ ഉള്‍പ്പെടുത്തിയവരുടെ പശ്ചാത്തല പരിശോധനയെച്ചൊല്ലി ഘാന പാര്‍ലമെന്‍റില്‍ എംപിമാര്‍ തമ്മിലടിച്ചു. ഉന്തും തള്ളും ഉണ്ടായതിന് പിന്നാലെ ഫര്‍ണിച്ചറുകള്‍ എറിഞ്ഞുടച്ചും മൈക്ക് കേടുവരുത്തിയുമാണ് ചിലര്‍ നിരാശ പ്രകടിപ്പിച്ചത്. പാര്‍ലമെന്‍റിനുള്ളിലെ കയ്യാങ്കളിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.
ഭരണകക്ഷിയായ നാഷനല്‍ ഡമക്രറ്റിക് കോണ്‍ഗ്രസ് മന്ത്രിസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത മൂന്ന് എംപിമാരുടെ വിവരങ്ങള്‍ പരിശോധിക്കാന്‍ ക്രോസ് പാര്‍ട്ടി കമ്മിറ്റി ചേര്‍ന്നു. നിയുക്ത മന്ത്രിമാരെക്കുറിച്ച് വിശദമായി പഠിക്കാനുണ്ടെന്നായിരുന്നു കമ്മിറ്റിയുടെ നിലപാട്. വാര്‍ത്താവിനിമയ മന്ത്രിയായി നാമനിര്‍ദേശം ചെയ്യപ്പെട്ട സാമുവല്‍ നാര്‍റ്റെ ജോര്‍ജിന്‍റ പരിശോധന പൂര്‍ത്തിയാക്കാന്‍ മാത്രം കമ്മിറ്റി അഞ്ച് മണിക്കൂറിലേറെ സമയമെടുത്തതാണ് എംപിമാരെ ചൊടിപ്പിച്ചത്. കമ്മിറ്റിയിലെ പ്രതിപക്ഷാംഗങ്ങള്‍ അനാവശ്യ തടസമുണ്ടാക്കുകയാമെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണെന്നും ഭരണപക്ഷം ആരോപിച്ചു.
പ്രതിപക്ഷാംഗങ്ങള്‍ പകപോക്കുകയാണെന്ന് പറഞ്ഞ് ഭരണപക്ഷം ബഹളം ആരംഭിച്ചു. ഇത് അക്രമത്തിന് വഴിമാറുകയായിരുന്നു. കമ്മിറ്റി അംഗങ്ങളെ പിടിച്ചുതള്ളിയും ഇടിച്ചും അടിച്ചും മേശയടക്കം മറിച്ചിട്ടുമാണ് എംപിമാര്‍ കലി തീര്‍ത്തത്. പ്രതിപക്ഷത്തെ മൂന്ന് എംപിമാരെയും ഭരണപക്ഷത്തെ ഒരു എംപിയെയും സ്പീക്കര്‍ രണ്ടാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തു.