ഗാസയില്‍ കോണ്ടം വാങ്ങാന്‍ മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍റെ ഭരണകൂടം 50 ദശലക്ഷം ഡോളര്‍ നല്‍കിയെന്ന ആരോപണവുമായി ട്രംപിന്‍റെ ഔദ്യോഗിക വക്താവ്. വൈറ്റ് ഹൗസ് വക്താവ് കരോളിന്‍ ലീവിറ്റാണ് വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത്. അമേരിക്കന്‍ ജനതയുടെ നികുതിപ്പണമാണ് ഗാസയില്‍ ചെലവാക്കിയതെന്നും കരോളിന്‍ പറഞ്ഞു.  ഇലോണ്‍ മസ്ക് നേതൃത്വം നല്‍കുന്ന കാര്യക്ഷമതാ വകുപ്പാണ് ഈ ചെലവിന്‍റെ വിവരങ്ങള്‍ കണ്ടെത്തിയത്. 

ഇലോണ്‍ മസ്ക്

കോണ്ടത്തില്‍ സ്ഫോടകവസ്തു നിറച്ച് ബലൂണുകളായി പറത്തി ഹമാസ്,തെക്കന്‍ ഇസ്രയേലില്‍ ആക്രമണം നടത്തിയിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതേസമയം, ട്രംപ് ഭരണകൂടത്തിന്‍റെ ആരോപണം നിഷേധിച്ച് ബൈഡന്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്‍ രംഗത്തെത്തി. ലൈംഗികആരോഗ്യം മെച്ചപ്പെടുത്തുന്നതിനായിരിക്കും ഇത്തരം ചെലവുകളെന്നും കോണ്ടത്തിന് മാത്രമായി ഇത്രയും തുക ഉപയോഗിച്ചിട്ടില്ലെന്നും ഇസ്രയേല്‍–പലസ്തീന്‍കാര്യവകുപ്പിന്‍റെ ഡെപ്യൂട്ടി അസിസ്റ്റന്‍റ് സെക്രട്ടറിയായിരുന്ന ആന്‍ഡ്രൂ മില്ലെര്‍ വ്യക്തമാക്കി.

ട്രംപ് (ഫയല്‍ ചിത്രം)

അതേസമയം, വലിയ തട്ടിപ്പിന്‍റെ മഞ്ഞുമലയുടെ തുടക്കം മാത്രമാണ് ഈ കണ്ടെത്തലെന്നും പണം ഹമാസ് നേതാക്കളുടെ പോക്കറ്റില്‍ പോയിരിക്കാമെന്നും മസ്ക് ട്വീറ്റ് ചെയ്തു. അതേസമയം, ആരോപണത്തിന് ബലം നല്‍കുന്ന യാതൊരു തെളിവുകളും ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ലോകാരോഗ്യ സംഘടനയില്‍ നിന്ന് യുഎസ് പിന്‍മാറിയതിന് പിന്നാലെ സംഘടനയ്ക്ക് നല്‍കാനിരുന്ന 37 മില്യണ്‍ ഡോളര്‍ സഹായം ട്രംപ് സര്‍ക്കാര്‍ അധികാരമേറ്റ അന്ന് തന്നെ റദ്ദാക്കിയിരുന്നു.

ENGLISH SUMMARY:

Trump’s spokesperson Carolyn Leavitt claims Biden's administration allocated $50 million for condoms in Gaza, citing findings by an efficiency department led by Elon Musk.