baba-vanga

TOPICS COVERED

നിരവധി പ്രവചനങ്ങള്‍ കൊണ്ട് ലോക ശ്രദ്ധ നേടിയ ബള്‍ഗേറിയന്‍ യോഗി ബാബ വാന്‍കയുടെ സിറിയയെ പറ്റിയുള്ള പ്രവചനമാണ് ഇപ്പോള്‍ സംസാരം. 12 വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തിന് ശേഷം തലസ്ഥാനം വിമതര്‍ കീഴടക്കിയതോടെ അസദ് ഭരണത്തിന് പൂര്‍ണ പതനമാണുണ്ടായത്. അധികാരം നഷ്ടപ്പെട്ട സിറിയ പ്രസിഡൻറ് ബഷാര്‍ അല്‍ അസദും കുടുംബവും റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലേക്ക് പലായനം ചെയ്തു. സിറിയന്‍ വിമതരെ നയിക്കുന്ന ഹയാത് തഹിര്‍ അല്‍ ഷാം അഥവാ എച്ച്ടിഎസിന്‍റെ നേതൃത്വത്തിലാകും ഇനി ഭരണം. 

സിറിയയുടെ പതനം ലോകത്തിന് ഭയക്കാനുണ്ടെന്നാണ് ബാബ വാന്‍ക പ്രവചിച്ചിരിക്കുന്നത്. സിറിയ വീണു കഴിഞ്ഞാല്‍ തുടര്‍ച്ചയായി പടിഞ്ഞാറും കിഴക്കും തമ്മിലുള്ള യുദ്ധം ആംരഭിക്കും. കിഴക്കന്‍ മേഖല സംഘര്‍ഷ ഭരിതമാകും, മൂന്നാം ലോക യുദ്ധത്തിലേക്ക് നീങ്ങും. യുദ്ധാനന്തരം പടിഞ്ഞാറാന്‍ രാജ്യങ്ങളുടെ പതനവുമാണ് ബാബ വാന്‍ക പ്രവചിച്ചിട്ടുള്ളത്. സിറിയ വിജയിയുടെ കാല്‍ക്കല്‍ വീഴും എന്നാല്‍ വിജയി ഒരാള്‍ മാത്രമായിരിക്കില്ലെന്ന സൂചനയും പ്രവചനത്തിലുണ്ട്. 

1996 ല്‍ മരണപ്പെട്ടെങ്കിലും ബാബ വാന്‍ക പ്രവചനങ്ങള്‍ക്ക് ലോകത്തെമ്പാടും ആരാധകരുണ്ട്. വാന്‍ക പലപ്പോഴായി പ്രവചിച്ച കാര്യങ്ങൾ ജോലിക്കാർ എഴുതി സൂക്ഷിച്ചിരുന്നതായിട്ടാണ് അനുയായികൾ പറയുന്നത്. 51 ാം നൂറ്റാണ്ടു വരെയുള്ള കാര്യങ്ങൾ വാന്‍ക പ്രവചിച്ചിട്ടുണ്ട് എന്നാണ് അവർ അവകാശപ്പെടുന്നത്. ഇതാണ് ഓരോ വര്‍ഷവും വാന്‍കയുടെ പ്രവചനങ്ങളായി പുറത്തുവരാറുള്ളത്. 5079ല്‍ നടക്കാനിരിക്കുന്ന സംഭവത്തെ  കുറിച്ചാണ് വാന്‍കയുടെ അവസാന പ്രവചനം. ഇതോടെ ലോകം അവസാനിക്കുമെന്നാണ് വാന്‍കയുടെ അനുയായികള്‍  കരുതുന്നത്. 

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം നടന്നുകൊണ്ടിരിക്കെയാണ് വാന്‍കയുടെ പ്രചവനമെന്നതാണ് ശ്രദ്ധേയം. ഇസ്രയേല്‍– പലസ്തീന്‍ സംഘര്‍ഷം, റഷ്യ– യുക്രൈന്‍ യുദ്ധം, സിറയയിലെ സംഭവങ്ങള്‍, മിഡില്‍ ഈസ്റ്റിലാകെയുള്ള സംഘര്‍ഷങ്ങള്‍ എന്നിവയ്ക്കിടയിലാണ് ലോകത്തിന്‍റെ ഭാവി സംബന്ധിച്ച് വാന്‍ക പ്രവചനം നടത്തിയത്. 

പെട്ടന്നുള്ള വിമത നീക്കമാണ് ഒരിടവേളയ്ക്ക് ശേഷം സിറിയയെ വാര്‍ത്തകളിലെത്തിച്ചതും അധികാര മാറ്റത്തിന് കാരണമായതും. രണ്ടാഴ്ച മുന്‍പാണ് വിമതസേനയുടെ ആക്രമണം തുടങ്ങിയത്. അലപ്പോ, ഹോംസ്, ഹമ തുടങ്ങിയ നഗരങ്ങൾ കീഴടക്കിയതിന് പിന്നാലെ ഞായറാഴ്ചയാണ് ഡമാസ്കസിലേക്കും എച്ച്ടിഎസ് എത്തുന്നത്. അതേസമയം, സിറിയയിൽ അടുത്ത സർക്കാർ രൂപീകരിക്കുന്നതിന് ആവശ്യമായ നടപടികൾ വിമതസേനയുടെ നേതൃത്വത്തിൽ നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. 

എച്ച്ടിഎസിന്റെ കമാൻഡർ അബു മുഹമ്മദ് അൽ ജുലാനി, നിലവിലെ പ്രധാനമന്ത്രി മുഹമ്മദ് ജലാലിയുമായും വൈസ് പ്രസിഡന്റ് ഫൈസൽ മെക്ദാദുമായും ചർച്ച നടത്തി. ദിവസങ്ങളെടുത്തേ അധികാരക്കൈമാറ്റം പൂർത്തിയാക്കാനാകൂയെന്ന് ജുലാനി മാധ്യമങ്ങളോടു പറഞ്ഞു.

ENGLISH SUMMARY:

When Syria falls, a great war between the West and the East will follow, leading to a Third World War prediction from Baba Vanga.