കണ്ടാല്‍ സുന്ദരിയായ ഒരു സ്ത്രീയുടെ ചുണ്ടുകളാണന്നേ പറയൂ.. എന്നാല്‍ ഇത് ഒരു ചെടിയുടെ പൂവാണ്. ചുവന്ന ചുണ്ടുകള്‍ പോലയുള്ളതിനാല്‍ ഹൂക്കേഴ്സ് ലിപ്സ്, ഹോട്ട് ലിപ്സ് എന്നൊക്കെയാണ് അറിയപ്പെടുന്നത്. കോസ്റ്റ റിക്ക, ഇക്വഡോര്‍ എന്നിവിടങ്ങളിലെ മഴക്കാടുകളിലും‍, തെക്കേ അമേരിക്കയിലെ ചില രാജ്യങ്ങളിലുമാണ് ഇത് കണ്ടുവരുന്നത്. ട്രോപ്പിക്കല്‍ സസ്യങ്ങളിലെ ഒരു അല്‍ഭുതമായാണ് ഈ ചെടി അറിയപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവ വംശനാശത്തിന്‍റെ വക്കിലാണ്. കടുംചുമപ്പ് നിറത്തിലുള്ള പൂവ് പോലുള്ള ഭാഗം ചെറുപക്ഷികളെ ആകര്‍ഷിക്കുന്നത് വഴിയാണ് ഇവയുടെ പരാഗണം നടക്കുക. ഇതു കൂടാതെ നക്ഷത്ര ആകൃതിയിലുള്ള പൂക്കളും ഈ ചെടിയിലുണ്ട്യ എന്നാല്‍ അതിനേക്കാളും മറ്റ് ജീവികളെ ആകര്‍ഷിക്കുക ചുണ്ട് പോലെത്തെ ഭാഗമാണ്. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്താണ് ഇത് ഉണ്ടാവുക. ഇതിന്‍റെ മണവും ആകര്‍ഷണീയമാണ്. മധ്യ അമേരിക്കയിലുള്ളവര്‍ വാലന്‍റൈന്‍സ് ഡേ അടക്കമുള്ള വിശേഷ ദിവസങ്ങളില്‍ ഈ ചെടി പ്രിയപ്പെട്ടവര്‍ക്ക് സമ്മാനം നല്‍കാറുണ്ട്. ത്വക്ക് സംബന്ധമായ അസുഖങ്ങള്‍ക്ക് ഇതിന്‍റെ ഇലകളും ഉപയോഗിക്കുന്നു. വനനശീകരണവും കാലാവസ്ഥാ വ്യതിയാനവും ഇവയുടെ നിലനില്‍പിനെ ബാധിച്ചിരിക്കുകയാണ്. ഇവയെ വംശനാശത്തില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമത്തിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍