TAGS

ടൈറ്റാനിക് കപ്പല്‍ ദുരന്തത്തിന്‍റെ അവശിഷ്ടങ്ങള്‍ തേടി പുറപ്പെട്ട സമുദ്രപേടകം 'ടൈറ്റന്‍റെ' യാത്ര ദുരന്തമായി അവസാനിക്കുമ്പോള്‍ ടൈറ്റാനിക്കിനെയും സാഹസികതയെയും സ്നേഹിച്ച അഞ്ചു പേര്‍ക്ക് ആദരാഞ്ജലികളുമായെത്തുകയാണ് ലോകവും. ആശ്വാസ വാക്കുകള്‍ പകരമാകുന്നില്ലെങ്കില്‍ പോലും അവര്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന പ്രവൃത്തിക്കിടെ, അവര്‍ക്ക് ഏറ്റവും പ്രിയ്യപ്പെട്ട ഇടത്തുവച്ചാണ് ജീവന്‍ വെടിഞ്ഞതെന്ന് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ പ്രതികരിച്ചു. പര്യവേഷണത്തിന് നേതൃത്വം നല്‍കിയ ഓഷ്യന്‍ ഗേറ്റിന്‍റെ സിഇഒ സ്റ്റോക്റ്റന്‍ റഷ്, ബ്രിട്ടീഷ്- പാക് വ്യവസായി ഷഹ്‌സാദ ദാവൂദ്, മകൻ സുലെമാൻ, ബ്രിട്ടീഷ് വ്യവസായി ഹമീഷ് ഹാര്‍ഡിങ് മുൻ ഫ്രഞ്ച് നാവികസേനാ മുങ്ങൽ വിദഗ്ധനും പര്യവേഷകനുമായ പോള്‍ ഹെന്‍‌റി നാര്‍ഷെലോ എന്നിവരായിരുന്നു പര്യവേഷണ പേടകത്തില്‍ ഉണ്ടായികരുന്നത്. 

 

തകര്‍ന്നുവെന്ന് സ്ഥിരീകരണങ്ങള്‍ വന്നതിന് പിന്നാലെ ദുരന്തത്തില്‍ ജീവന്‍ വെടിഞ്ഞ അഞ്ചു പേരും യഥാര്‍ഥ പര്യവേഷകരായിരുന്നുവെന്നും സാഹസികതയെ എന്നും ഇഷ്ടപ്പെട്ടിരുന്നവരായിരുന്നു എന്നും ഓഷ്യൻഗേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ടൈറ്റന്‍ കാണാതായതിന് പിന്നാലെ പര്യവേക്ഷകരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സംഘത്തിന്‍റെ ദിവസങ്ങളായി തുടര്‍ന്ന അശ്രാന്ത പരിശ്രമത്തെയും പ്രതിബദ്ധതയെയും ഓഷ്യന്‍ ഗേറ്റ് അഭിനന്ദിക്കുകയും ചെയ്തു. ദുരന്തത്തില്‍ മരിച്ച വ്യവസായി ഹമീഷ് ഹാര്‍ഡിങ് ആവേശഭരിതനായ പര്യവേക്ഷകനായിരുന്നു, കുടുംബത്തിനും തന്‍റെ സാഹസിക പ്രവര്‍ത്തനങ്ങള്‍ക്കും ബിസിനസിനുമായി ജീവിതം ഉഴിഞ്ഞുവച്ചയാളായിരുന്നു എന്നുമാണ് ഹമീഷ് ഹാര്‍ഡിങിന്‍റെ കമ്പനിയായ ആക്ഷൻ ഏവിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. അദ്ദേഹം തന്റെ ജീവിതകാലത്ത് നേടിയവയെല്ലാം ശ്രദ്ധേയമായ നേട്ടങ്ങളാണെന്നും ഏറ്റവും പ്രിയ്യപ്പെട്ട കാര്യം ചെയ്തുകൊണ്ടിരിക്കെയാണ് അദ്ദേഹത്തെ നഷ്ടപ്പെട്ടതെന്നും പ്രസ്താവനയില്‍ പറയുന്നു.

 

അതേസമയം തനിക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ട് സുഹൃത്തുക്കളെയാണ് ദുരന്തത്തില്‍ നഷ്ടപ്പെട്ടതെന്ന് ഹമീഷ് ഹാര്‍ഡിങിന്‍റെയും ഹെന്‍‌റി നാര്‍ഷെലോയുടേയും സുഹൃത്തായ ഡൈവ് വിദഗ്ധൻ ഡേവിഡ് മീർൻസ് പറഞ്ഞു. ഹെന്‍‌റി നാര്‍ഷെലോയെ ആഴക്കടൽ പര്യവേക്ഷണത്തിലെ ഇതിഹാസം എന്നായിരുന്നു അ‍ദ്ദേഹം വിശേഷിപ്പിച്ചത്. 'അവന്റെ വീട് തന്നെയായിരുന്നു കടല്‍, ടൈറ്റാനിക്കിനെ അവന്‍ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു': നർഗോലെറ്റിന്റെ അച്ഛന്‍ പറയുന്നു. അതേ സമയം ദുരന്തത്തില്‍ മരണമടഞ്ഞ ബ്രിട്ടീഷ്- പാക് വ്യവസായി ഷഹ്‌സാദ ദാവൂദിന്‍റെയും മകന്‍റെയും മരണം വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നും അശ്രാന്തം പരിശ്രമിച്ച രക്ഷാപ്രവർത്തകർക്ക് നന്ദി അറിയിക്കുന്നതായും കുടുംബം പ്രതികരിച്ചു.

 

Family and friends reactions on Titan-submersible implosion