വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ ശനിയാഴ്ച നടക്കുന്ന കിങ് ചാള്‍സിന്‍റെ രാജവാഴ്ച ചടങ്ങില്‍ പങ്കെടുക്കുന്ന രണ്ടായിരം പേരില്‍ ഒരു മലയാളി കുടുംബമുണ്ട്. വയനാട് സ്വദേശിയായ ഡോ. ഏബ്രഹാം മത്തായി നൂറനാലിനും ഡോ. സുജ ഐസക്കിനും ലഭിച്ചിരിക്കുന്നത് മൂന്ന് രാജകീയ ചടങ്ങുകള്‍ക്കുള്ള ക്ഷണമാണ്. കമീല പാര്‍കര്‍ ബൗള്‍സിന്‍റെയും വെയില്‍സ് രാജകുമാരന്‍ ചാള്‍സിന്‍റെയും ഇഷ്ട ഡോക്ടറാണ് ഡോ. ഏബ്രഹാം മത്തായി നൂറനാല്‍.
വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലെ രാജവാഴ്ച ചടങ്ങിലേക്കുള്ളതാണ് ഒരു ക്ഷണക്കത്ത്. അടുത്തത് കോറണേഷനു ശേഷം ബക്കിങാം കൊട്ടാരത്തിലെ ഗാര്‍ഡന്‍ പാര്‍ട്ടിയിലേക്കുള്ളതും. ബംഗളൂരുവിലെ സൗഖ്യ ഹോളിസ്റ്റിക് ഹെല്‍ത് സെന്‍ററിലെ പതിവ് അതിഥിയാണ് കമീല. കോണ്‍വാളിലെ പ്രഭ്വി ആയിരുന്ന കാലത്ത് 2010ലാണ് കമീല ഇവിടെ ആദ്യം എത്തുന്നത്. ഹോമിയോ, ആയുര്‍വേദം തുടങ്ങി ബദല്‍ ചികില്‍സാ രീതികളെ ഇഷ്ടപ്പെടുന്ന ചാള്‍സ് 2019ല്‍ സൗഖ്യയിലെത്തി. നൂറ്റാണ്ടില്‍ ഒന്ന് എന്ന് ഇപ്പോള്‍ വിശേഷിപ്പിക്കാവുന്ന രാജവാഴ്ചയില്‍ പങ്കെടുക്കുന്ന നൂറു പേര്‍ രാഷ്ട്രത്തലവന്‍മാരായിരിക്കും. രാജകുടുംബാംഗങ്ങള്‍ക്കു പുറമേ സമൂഹത്തിന് മാതൃകാപരമായ സന്ദേശം നല്‍കിയവരും ഇത്തവണ ക്ഷണിതാക്കളാണ്. ഇന്ത്യന്‍ വംശജയും ബ്രിട്ടിഷ് എംപയര്‍ മെഡല്‍ ജേതാവുമായ ഷെഫ് മഞ്ജു മല്‍ഹിയെ ക്ഷണിച്ചത് അവര്‍ കോവിഡ് കാലത്ത് നല്‍കിയ സേവനങ്ങള്‍ കണക്കിലെടുത്താണ്. ഇന്ത്യയില്‍ നിന്ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍, യുഎസിലെ പ്രഥമ വനിത ജില്‍ ബൈഡന്‍, ഗായകന്‍ ലയണല്‍ റിച്ചി, മജീഷ്യന്‍ ഡൈനാമോ (സ്റ്റീവന്‍ ഫ്രെയിന്‍) എന്നിവരുടെതാണ് ക്ഷണിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ഇതുവരെ പുറത്തു വന്ന പേരുകള്‍.