lady74

TAGS

തനിച്ചു നടക്കാനോ സംസാരിക്കാനോ സാധിക്കാത്ത അൽഷിമേഴ്സ് ബാധിതയെ നാടുകടത്താനൊരുങ്ങുകയാണ് സ്വീഡൻ ഭരണകൂടം. കാതലിൻ പൂൾ എന്ന 74 കാരിയെയാണ് ബന്ധുക്കൾക്കരികിൽ നിന്ന് വേർപ്പെടുത്തി നാടുകടത്താൻ ഭരണകൂടം തീരുമാനിച്ചത്. ബ്രിട്ടീഷ് വംശജയായ കാതലിന്റെ പാസ്പോർട്ട് പുതുക്കിയിട്ടില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം. 

 

പരസഹായമില്ലാതെ സ്വന്തം കാര്യം പോലും ചെയ്യാനാവാത്ത വൃദ്ധയെ തനിച്ച് നാടുകടത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്.സ്വീഡനിൽ താമസമാക്കിയ മകൻ വെയിനിനും ഭാര്യയ്ക്കും ചെറുമക്കൾക്കുമൊപ്പം ജീവിക്കാനായി 18 വർഷം മുൻപാണ് വിധവയായ കാതലിൻ ഇവിടെ എത്തിയത്. പിന്നീട് ഏറെക്കാലം ഇവർക്കൊപ്പം സന്തോഷത്തോടെ കാതലിൻ ജീവിക്കുകയും ചെയ്തു. 11 വർഷം മുൻപാണ് കാതലിന് മറവിരോഗം ബാധിച്ചത്. ഒരു വർഷത്തെ ചികിത്സയ്ക്കുശേഷം കെയര്‍ ഫോമിലേക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞ പത്തു വർഷമായി ഈ കെയർ ഹോമിലാണ് കാതലിന്റെ ജീവിതം. നിലവിൽ കിടപ്പുരോഗിയായി മാറിയ കാതലിന് ദിനചര്യകൾ ചെയ്യുന്നതിനും ആഹാരം കഴിക്കുന്നതിനും എല്ലാം മറ്റൊരാളുടെ സഹായം കൂടിയ തീരു.എന്നാൽ ആരോഗ്യസ്ഥിതി തീർത്തും മോശമായതിനാൽ കാതലിന് പാസ്പോർട്ട് പുതുക്കാൻ സാധിച്ചിട്ടില്ല. ഈ അവസ്ഥയിൽ ഇവരെ സ്വീഡനിൽ തന്നെ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ സ്റ്റോക്ക്ഹോമിലെ ബ്രിട്ടീഷ് എംബസിയെ സമീപിച്ചിരുന്നു. 

 

കാതിലിനെ യുകെയിൽ എത്തിച്ചശേഷം അവിടുത്തെ കെയർ ഹോമിൽ ആക്കണമെന്ന് സ്വീഡൻ പോലീസ് തങ്ങളോട് ആവശ്യപ്പെടുകയാണെന്നും മറ്റു മാർഗ്ഗമില്ലെന്നുമാണ് ബ്രിട്ടീഷ് എംബസി മറുപടി നൽകിയത്. യുകെയിൽ എത്രയും വേഗം കാതലിനെ പാർപ്പിക്കാനാവുന്ന കെയർ ഹോം കണ്ടെത്താൻ ശ്രമങ്ങൾ ആരംഭിച്ചതായും ഇക്കാര്യത്തിൽ തീരുമാനമായാൽ യാത്ര ചെയ്യാനുള്ള തീയതി സ്വീഡൻ പോലീസ് അറിയിക്കുമെന്നും അതോടെ അടിയന്തര പാസ്പോർട്ട് ഇഷ്യൂ ചെയ്യുമെന്നുമാണ് എംബസി അറിയിച്ചിരിക്കുന്നത്.

 

ഈ നടപടിയിൽ അങ്ങേയറ്റം പ്രതിഷേധമുണ്ടെന്ന് വെയിൻ അറിയിക്കുന്നു. ഇത്രയും മോശമായ ശാരീരിക സ്ഥിതിയിലുള്ള ഒരു വ്യക്തിയെ നാടുകടത്താനുള്ള തീരുമാനത്തെ മനുഷ്യത്വരഹിതം എന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കാനാവില്ല എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുത്തശ്ശിയെ നഷ്ടമാകുമോ എന്ന ഭയത്തിൽ മക്കൾ കഴിയുന്ന അവസ്ഥ കണ്ടുനിൽക്കാനാവുന്നില്ലെന്നും വെയിനും ഭാര്യയും പറയുന്നു. അതേസമയം കാതലിന്റെ ആരോഗ്യസ്ഥിതി ഒരിക്കലും പൂർവാവസ്ഥയിലാവില്ല എന്ന് ഡോക്ടർമാർ വിധി എഴുതിയിട്ടുണ്ട്.

 

2021 ലെ അവസാന തീയതിക്കു മുൻപായി കാതലിനെ സ്വീഡനിൽ തുടരാൻ അനുവദിക്കണമെന്ന അപേക്ഷ വെയിൻ സമർപ്പിച്ചിരുന്നു. എന്നാൽ പാസ്പോർട്ടിന്റെ കാരണത്തെ ചൊല്ലി അന്നേ ആ അപേക്ഷ നിരസിക്കുകയായിരുന്നു. കാതലിനെ നാടുകടത്താനുള്ള നീക്കത്തിനെതിരെ ലേബർ കൗൺസിലർ അടക്കമുള്ള അധികാരികളും രംഗത്ത് വന്നിട്ടുണ്ട്.

Sweden Deports bedridden British Alzheimer's sufferer, 74