അൽഹൈമേഴ്സ് രോഗബാധിതനായ വിമുക്തഭടനെ മർദ്ദിച്ചു ഗുരുതരാവസ്ഥയിലാക്കിയ ഹോംനഴ്സിനെ റിമാൻഡ് ചെയ്തു. കുന്നിക്കോട് സ്വദേശി വിഷ്ണുവിനെയാണ് കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട പറപ്പെട്ടി സ്വദേശി ശശിധര പിള്ള ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
നാലുദിവസമായി പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് മർദ്ദനമേറ്റ ശശിധര പിള്ള. കട്ടിലിൽ നിന്ന് വീണ് പരുക്കേറ്റു എന്നായിരുന്നു ഹോംനഴ്സിന്റെ വിശദീകരണം. സംശയം തോന്നി ഇന്നലെ സിസിടിവി വിശദമായി പരിശോധിച്ചപ്പോഴാണ് നഗ്നനാക്കി വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങൾ കിട്ടിയത്. തുടർന്നാണ് കൊടുമൺ പൊലീസിൽ പരാതി നൽകിയത്.
ആശുപത്രിയിൽ തന്നെ ഉണ്ടായിരുന്ന പ്രതിയെ ഇന്നലെ രാത്രി പൊലീസ് അറസ്റ്റ് ചെയ്തു. ബെൽറ്റ് കൊണ്ട് അടിച്ചതായും വടികൊണ്ട് കുത്തിയതായും പ്രതി സമ്മതിച്ചു. വടികൊണ്ട് കണ്ണിനു താഴെ കുത്തി അസ്ഥിക്ക് പൊട്ടലുണ്ട്. നിലത്തിട്ട് വലിച്ചിഴച്ച് നട്ടെല്ലിന് പരുക്കുണ്ട്. അടൂരിലെ ഏജൻസിയെ കുറിച്ചും പ്രതിയുടെ ക്രിമിനൽ പശ്ചാത്തലത്തെ കുറിച്ചും വിശദമായി പരിശോധിച്ച് വരികയാണ്.
ബി എസ് എഫ് ഉദ്യോഗസ്ഥനായിരുന്ന ശശിധരൻ പിള്ള വി ആർ എസ് വാങ്ങിയാണ് നാട്ടിലെത്തിയത്. ഭാര്യ തമിഴ്നാട് സർക്കാർ ഉദ്യോഗസ്ഥയാണ്. മകൾ എറണാകുളത്ത് വിദ്യാർത്ഥിനിയും. ഏജൻസി വഴിയെത്തിച്ചിരുന്ന ഹോം നഴ്സുമാരാണ് വർഷങ്ങളായി നോക്കുന്നത്.