ജി.സി.സി രാജ്യങ്ങൾക്കിടയിലെ വിമാനയാത്ര നടപടികൾ കൂടുതൽ ലളിതമാക്കുന്ന ‘വൺ-സ്റ്റോപ്പ്’ സംവിധാനത്തിന് അംഗീകാരം. പദ്ധതി നിലവില്‍ വരുന്നതോടെ, ഗള്‍ഫ് പൗരന്മാര്‍ക്ക് ഇമിഗ്രേഷന്‍, കസ്റ്റംസ്, സുരക്ഷാ പരിശോധനകളെല്ലാം ഒരൊറ്റ ചെക്ക് പോയിന്‍റില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗം അംഗീകാരം നല്‍കി.

പുതിയ നിയമം നിലവിൽ വരുന്നതോടെ, യാത്ര പുറപ്പെടുന്ന രാജ്യത്ത് പരിശോധനകൾ പൂർത്തിയാക്കിയാൽ, ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ വീണ്ടും കസ്റ്റംസ്, പാസ്‌പോർട്ട് പരിശോധനകൾക്കായി കാത്തുനിൽക്കേണ്ടി വരില്ല. ഇത് ഒരു ജിസിസി രാജ്യത്തുനിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യുന്നത് ഒരു ആഭ്യന്തര വിമാനയാത്രയുടെ അനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ. 

'വൺ-സ്റ്റോപ്പ്' യാത്രാ സംവിധാനത്തിന്റെ ആദ്യഘട്ടം യുഎഇ- ബഹ്‌റൈൻ റൂട്ടിലെ വിമാന സർവീസുകളിലായിരിക്കും നടപ്പാക്കുക. ഈ പരീക്ഷണം വിജയകരമായാൽ, സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ, ഖത്തർ എന്നിവയുൾപ്പെടെ എല്ലാ ജിസിസി രാജ്യങ്ങളിലേക്കും സംവിധാനം വ്യാപിപ്പിക്കും. ഈ വർഷം ഡിസംബറിൽ പൈലറ്റ് പദ്ധതി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

യൂറോപ്പിലെ 'ഷെങ്കൻ വിസ' മാതൃകയിൽ ജിസിസി രാജ്യങ്ങൾക്കായി ഒറ്റ ടൂറിസ്റ്റ് വിസ നടപ്പിലാക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് പുതിയ യാത്രാ സംവിധാനവും ഒരുങ്ങുന്നത്. ഇത് മേഖലയിലെ സാമ്പത്തിക, ടൂറിസം രംഗത്തിന് വലിയ ഉണർവ് നൽകുമെന്നും വിലയിരുത്തപ്പെടുന്നു.

ENGLISH SUMMARY:

The GCC has approved the first phase of a 'One-Stop' air travel system that will allow Gulf citizens to complete all immigration, customs, and security checks at a single checkpoint in the departure country. This aims to make travel between GCC states feel like a domestic flight, eliminating double checks at the destination. The pilot project will launch on the UAE-Bahrain route in December and is part of the larger initiative to implement a unified 'Schengen-style' tourist visa for the region, boosting the economy and tourism sector.