abu-dhabi-monthly-rent-payment

TOPICS COVERED

അബുദാബിയിൽ വാർഷിക വീട്ടുവാടക മാസഗഡുക്കളായി അടയ്ക്കാനുള്ള പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഈ വർഷാവസാനത്തോടെ നിലവിൽ വരും. പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ 'അഡ്രസും' പ്രോപ്‌ടെക് കമ്പനിയായ 'കീപ്പറും' സംയുക്തമായാണ് സൗകര്യം ഒരുക്കുന്നത്. നിശ്ചിത സർവീസ് ചാർജ് ഈടാക്കിക്കൊണ്ട് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി മാസംതോറും വാടകയടയ്ക്കാൻ ഇതിലൂടെ സാധിക്കും. വലിയ തുക ചെക്കുകളായി തുടക്കത്തിലേ നൽകേണ്ടി വരാത്തതിനാൽ, പ്രവാസികളായ ഇടത്തരം കുടുംബങ്ങൾക്കും യുവ പ്രൊഫഷണലുകൾക്കും ഈ പുതിയ സംവിധാനം വലിയ ആശ്വാസമാകും.

വാർഷിക വാടകത്തുക ഒറ്റത്തവണയായോ ചെക്കുകളായോ നൽകുന്ന പരമ്പരാഗത രീതിക്ക് പകരമാണ് പുതിയ രീതി. റിയൽ എസ്റ്റേറ്റ് മേഖലയിലെ വാടക ഇടപാടുകൾ പൂർണമായും ഡിജിറ്റൽവൽക്കരിക്കാനുള്ള അബുദാബി സർക്കാരിന്റെ ലക്ഷ്യങ്ങളുടെ ഭാഗമാണിത്. പദ്ധതിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഈ വര്‍ഷം ഒക്ടോബർ–ഡിസംബർ മാസങ്ങളോടെ കൂടുതൽ ഉടമകളെയും വാടകക്കാരെയും പദ്ധതിയുടെ ഭാഗമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വായ്പാ സംവിധാനമല്ലാത്തതിനാൽ പദ്ധതി യുഎഇ സെൻട്രൽ ബാങ്കിന്റെ കടബാധ്യതാനിരക്ക് (ഡിബിആർ) പരിധിയിൽ വരില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും വാർഷിക വാടകത്തുകയുടെ 4.75 ശതമാനം മുതൽ 12 ശതമാനം വരെ സർവീസ് ചാർജായി ഈടാക്കും. പേയ്മെന്റ് വ്യവസ്ഥകളും വാടകക്കാരുടെ യോഗ്യതയും അടിസ്ഥാനമാക്കിയായിരിക്കും ഈ നിരക്ക് നിശ്ചയിക്കുക. 

അതേസമയം, പദ്ധതിയെ പലരും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. ഉടമയ്ക്ക് തുക ലഭിച്ച ശേഷം വാടകക്കാരൻ തിരിച്ചടവ് മുടക്കിയാൽ എന്തുചെയ്യും എന്ന ആശങ്കയുണ്ട്. ഇതിനായി വ്യക്തമായ ചട്ടങ്ങൾ വേണം. മാത്രമല്ല ഇരുവിഭാഗത്തെയും സംരക്ഷിക്കുന്നതിനായി എസ്ക്രോ അക്കൗണ്ട് മാതൃകയിലുള്ള സുരക്ഷാ സംവിധാനം വേണമെന്നും ആവശ്യമുയരുന്നുണ്ട്. സർവീസ് ചാർജ് നിരക്ക് 12 ശതമാനത്തിലേക്ക് ഉയർന്നാൽ വാടകക്കാർക്ക് അധിക ബാധ്യതയാകുമെന്നും ഇത് ആളുകളെ പദ്ധതിയില്‍ ചേരുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചേക്കാം എന്നും ആശങ്കയുണ്ട്.

ENGLISH SUMMARY:

Abu Dhabi is set to launch a new digital rental platform by the end of this year, allowing tenants to pay their annual housing rent in monthly installments via debit and credit cards. Developed jointly by real estate firm 'Aldar' (referenced as 'Address' in the text) and proptech company 'Keyper,' this initiative aims to relieve the financial burden of large upfront cheque payments for expatriate families and young professionals. While the service is structured as a non-credit facility that stays outside the UAE Central Bank's Debt Burden Ratio (DBR) limits, it will incur a service fee ranging from 4.75% to 12% depending on the payment terms. Despite widespread praise for automating the market, stakeholders are raising concerns regarding tenant default regulations and the high upper limit of the service charges.