Image: Dubai Police
പാർക്കിങ് സ്ഥലത്ത് നിന്ന് വീണുകിട്ടിയ ഒരു ലക്ഷം ദിർഹം (ഏകദേശം 25 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ) പൊലീസിൽ ഏൽപ്പിച്ച മലയാളി യുവാവിന് ആദരം. മുഹമ്മദ് അലി ഷെറാക്കൽ മോഹിയെയാണ് ദുബായ് പൊലീസ് അഭിനന്ദിച്ചത്. മൂന്ന് മണിക്കൂറിനുള്ളിൽ ഉടമയെ കണ്ടെത്തി പൊലീസ് പണം തിരികെ നല്‍കുകയും ചെയ്തു. അതേസമയം, പൊലീസ് എത്തുംവരെ പണം നഷ്ടപ്പെട്ട വിവരം ഉടമ അറിഞ്ഞിരുന്നില്ല.
സ്വകാര്യ ഷിപ്പിങ് ബിസിനസ് നടത്തുന്നയാളുടേതായിരുന്നു പണം. ബാങ്കിൽനിന്ന് രണ്ട് ലക്ഷം ദിർഹം പിൻവലിച്ച് പേപ്പർ കവറിലാക്കി കാറിലേക്ക് തിരക്കിട്ട് പോകുന്നതിനിടെ ഒരു ലക്ഷം ദിര്‍ഹത്തിന്‍റെ കെട്ട് താഴെ വീണുപോവുകയായിരുന്നു. പണം നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെടാതെ ഇദ്ദേഹം കാറോടിച്ചുപോവുകയും ചെയ്തു. പിന്നാലെ പാര്‍ക്കിങിലെത്തിയ യുവാവ് പണം കാണുകയും ഉടന്‍ പണവും അത് കണ്ടെത്തിയ സ്ഥലവും ഫോട്ടോയെടുക്കുകയും ചെയ്തു. പിന്നാലെ അൽ റഫ പൊലീസ് സ്റ്റേഷനിലെത്തി പണം ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയായിരുന്നു.
മൂന്ന് മണിക്കൂറിനുള്ളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പണത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞ് ബന്ധപ്പെട്ടു. സ്റ്റേഷനിൽ നിന്നുള്ള ഫോൺകോൾ വരുമ്പോൾ മാത്രമാണ് പണം നഷ്ടപ്പെട്ട വിവരം ഉടമ പോലും അറിയുന്നത്. സ്റ്റേഷനിലെത്തി പണം കൈപറ്റിയ അദ്ദേഹം ദുബായ് പൊലീസിനോടും പണം കണ്ടെത്തിയ യുവാവിനോടും നന്ദി പറഞ്ഞു.
പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കേണൽ അഹമ്മദ് ഉബൈദ് ബിൻ ഹുദൈബ, ഡപ്യൂട്ടി കേണൽ സാലിഹ് ഹസൻ അൽ മർസൂഖി, കസ്റ്റമർ ഹാപ്പിനസ് വിഭാഗം തലവൻ ക്യാപ്റ്റൻ അലി ഹാജി അൽ ബലൂഷി എന്നിവർ ചേർന്ന് മുഹമ്മദ് അലിയെ ഉപഹാരം നൽകി ആദരിച്ചു. പൊതുജനങ്ങളുടെ ഇത്തരം സത്യസന്ധമായ ഇടപെടലുകൾ യുഎഇ സമൂഹത്തിലെ സുരക്ഷിതത്വത്തിന്റെയും സദ്ഗുണങ്ങളുടെയും ഉത്തമ ഉദാഹരണമാണെന്ന് അൽ റഫ പൊലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ അഹമ്മദ് ഉബൈദ് ബിൻ ഹുദൈബ പറഞ്ഞു.