ഷാർജയിൽ മലയാളി യുവതിയെ കാണാതായതായി പരാതി. അബുഷഗാറയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി സുധീർ കൃഷ്ണൻ- ആശ ദമ്പതികളുടെ മകൾ റിതികയെയാണ് (പൊന്നു-22) ഇന്നലെ രാവിലെ 8 മുതൽ കാണാതായത്. സഹോദരനൊപ്പം സബ അൽനൂർ ക്ലിനിക്കിലേക്കു പോയതായിരുന്നു. രക്തം നൽകിയ ശേഷം 5 മിനിറ്റിനകം സഹോദരൻ തിരിച്ചെത്തിയപ്പോഴേക്കും റിതികയെ കാണാതായതായിരുന്നു.
ക്ലിനിക്കിന്റെ പിൻവശത്തെ വാതിലിലൂടെ റിതിക പുറത്തേക്കു പോകുന്നത് സിസിടിവി ദൃശ്യത്തിലുണ്ട്. മാതാപിതാക്കളും ബന്ധുക്കളും പരിസരങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. കാണാതാകുമ്പോൾ ജീൻസും വെള്ളയും കറുപ്പും നിറത്തിലുള്ള ടോപുമാണ് ധരിച്ചിരുന്നത്. ഷാർജ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. റിതികയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0547517272 നമ്പറിൽ അറിയിക്കണമെന്നും അഭ്യർഥിച്ചു.
കഴിഞ്ഞ 27 വർഷമായി യുഎഇയിൽ താമസിക്കുകയാണ് റിതികയുടെ കുടുംബം. റിതികയുടെ ജനനവും പഠനവുമെല്ലാം ഷാര്‍ജയില്‍ തന്നെയായിരുന്നു. സുധീർ കൃഷ്ണൻ- ആശ ദമ്പതികളുടെ രണ്ടു മക്കളില്‍ മൂത്തയാളാണ് റിതിക.