kuwait-hooch-malayalis

Image Credit: AFP (Left)

കുവൈത്തിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരില്‍ ആറുപേര്‍ മലയാളികളെന്ന് സൂചന. മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശി സച്ചിനുണ്ടെന്ന് എംബസി അധികൃതര്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മറ്റുള്ള അഞ്ചുപേരുടെ പേരുവിവരങ്ങള്‍ ഇതുവരേക്കും വെളിപ്പെടുത്തിയിട്ടില്ല. 63 പേരാണ് വിഷമദ്യം കഴിച്ച് അവശനിലയില്‍ ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടിയത്. ഇവരില്‍ നാല്‍പതോളം പേര്‍ ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

ചികില്‍സയില്‍ ഉള്ളവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. മലയാളികള്‍ ഉള്‍പ്പടെ പത്ത് ഇന്ത്യക്കാര്‍ മരിച്ചെന്നും അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്.  ജിലീബ് അല്‍ ഷുയൂഖ് ബ്ലോക്ക് നാലില്‍ നിന്ന് വാങ്ങിയ മദ്യം കഴിച്ച അഹ്മദിയ, ഫര്‍വാനിയ ഗവര്‍ണറേറ്റുകളിലുള്ളവരാണ് ദുരന്തത്തിനിരയായത്. മദ്യനിരോധനമുള്ള കുവൈത്തില്‍ അനധികൃതമായി മദ്യം നിര്‍മിച്ച് വില്‍പന നടത്തിയ സംഭവത്തില്‍ രണ്ട് ഏഷ്യക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അനധികൃത മദ്യവില്‍പന നടത്തുന്നവരുടെ വിവരങ്ങളും അധികൃതര്‍ ശേഖരിക്കുന്നുണ്ട്. 

കണ്ണൂർ ഇരിണാവ് സിആർസിക്ക് സമീപം പൊങ്കാരൻ മോഹനന്റെയും ഗിരിജയുടെയും മകനായ സച്ചിന്‍ മരിച്ച വിവരം എംബസി അധികൃതരാണ് കുടുംബത്തെ അറിയിച്ചത്. ഏതാനും മാസം മുൻപാണ് സച്ചിൻ നാട്ടിൽ വന്നു മടങ്ങിയത്. മൃതദേഹം നാളെ നാട്ടിൽ എത്തിക്കും. ദുരന്തത്തില്‍പ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ നാട്ടിലുള്ളവര്‍ക്കായി ഇന്ത്യന്‍ എംബസി ഹെല്‍പ് ലൈന്‍ ക്രമീകരിച്ചിട്ടുണ്ട്. 965 65501587 എന്ന നമ്പറിൽ വാട്സാപ്പിലോ അല്ലെങ്കിൽ നേരിട്ടോ വിളിക്കാം. 

ENGLISH SUMMARY:

Kuwait hooch Tragedy: Six Malayalis are suspected to be among the deceased in the Kuwait liquor tragedy. The incident has prompted the Indian Embassy to establish a helpline for those seeking information.