കുവൈത്തില്‍ നിയമലംഘകർക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികൾ ശക്തമാക്കുന്നു. അനധികൃതമായി രാജ്യത്ത് തുടരുന്ന പ്രവാസികളെ കണ്ടെത്താൻ ലക്ഷ്യമിട്ട് രാജ്യവ്യാപകമായി പരിശോധനകൾ ഊർജിതമാക്കിയിരിക്കുകയാണ്. നിയമം ലംഘിക്കുന്നവർ നാടുകടത്തൽ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി.
ഈ മാസം 4 മുതൽ 10 വരെയുള്ള ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ പിടികിട്ടാപ്പുള്ളികൾ ഉൾപ്പെടെ 37 പ്രവാസികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. താമസരേഖകളില്ലാത്തവർ, കോടതി വാറണ്ട് പുറപ്പെടുവിച്ചവർ, തൊഴിലുടമകളിൽ നിന്ന് ഒളിച്ചോടിയവർ എന്നിവരാണ് പിടിയിലായവരിൽ ഭൂരിഭാഗവും. ഗതാഗത മേഖലയിലും പരിശോധന കർശനമാക്കിയ അധികൃതർ ഒരാഴ്ചയ്ക്കിടെ 2,415 നിയമലംഘനങ്ങൾ കണ്ടെത്തുകയും 14 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. തിരിച്ചറിയൽ രേഖകളില്ലാതെ പൊതുസ്ഥലങ്ങളിൽ സഞ്ചരിച്ച നിരവധി പേരും പിടിയിലായവരിൽ ഉൾപ്പെടുന്നു.
മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട 12 പേരെ ആന്റി-നാർക്കോട്ടിക് അതോറിറ്റിക്ക് കൈമാറിയതായും അധികൃതർ വ്യക്തമാക്കി. പരിശോധനകൾക്കൊപ്പം തന്നെ പൊതുജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനും സുരക്ഷാ സേന പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്. ഒരാഴ്ചയ്ക്കിടെ 114 വാഹനാപകടങ്ങളിൽ അടിയന്തര ഇടപെടൽ നടത്തിയ അധികൃതർ മുന്നൂറ്റിയെഴുപതോളം പേർക്ക് സഹായമെത്തിച്ചു. രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും നിയമലംഘകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്നും മന്ത്രാലയം അറിയിച്ചു.