സ്പോൺസര്‍മാരില്ലാതെ സ്വന്തം നിലയിൽ വീസയെടുത്ത് ദുബായിൽ ജോലി അന്വേഷിക്കാൻ അവസരമൊരുക്കി ജിഡിആർഎഫ്എ ദുബായ്. ബാച്ചിലേഴ്സ് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ള ഉദ്യോഗാർഥികൾക്കായി അറുപത്, തൊണ്ണൂറ്, നൂറ്റിയിരുപത് ദിവസത്തെ കാലാവധിയുള്ള തൊഴിലന്വേഷണ സന്ദർശക വീസകളാണ് നൽകുന്നത്. ജിഡിആർഎഫ്എ വെബ്സൈറ്റ്, ആപ്പ്, അമർ സെന്‍ററുകൾ എന്നിവ വഴി ലളിതമായി അപേക്ഷ സമർപ്പിക്കാം.

യുഎഇയിൽ തൊഴിൽ കണ്ടെത്താൻ ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾക്ക് വലിയ അവസരമൊരുക്കുകയാണ് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്. പ്രാദേശിക സ്പോൺസറോ കമ്പനി ക്ഷണക്കത്തോ ഇല്ലാതെ തന്നെ, വ്യക്തികൾക്ക് നേരിട്ട് അപേക്ഷിച്ച് ദുബായിലെത്തി ജോലി അന്വേഷിക്കാൻ അനുമതി നൽകുന്നതാണ് ഈ പ്രത്യേക സന്ദർശക വീസ. 

ഉദ്യോഗാർഥികളുടെ സൗകര്യത്തിനനുസരിച്ച് അറുപത്, തൊണ്ണൂറ്, നൂറ്റിയിരുപത് ദിവസത്തെ കാലാവധിയിലുള്ള വീസകൾ തിരഞ്ഞെടുക്കാം. ബാച്ചിലേഴ്സ് ബിരുദമോ അതിന് തത്തുല്യമായ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയോ ഉള്ളവർക്കാണ് ഈ വീസ അനുവദിക്കുക. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുള്ള പാസ്‌പോർട്ടിന്‍റെ പകർപ്പ്, വെള്ള പശ്ചാത്തലത്തിലുള്ള പുതിയ കളർ ഫോട്ടോ, ഔദ്യോഗികമായി അറ്റസ്റ്റ് ചെയ്ത വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ് എന്നിവയാണ് അപേക്ഷിക്കാൻ ആവശ്യമായ പ്രധാന രേഖകൾ. 

വീസ പ്രോസസിങ് ഫീസിനൊപ്പം നിശ്ചിത തുക സെക്യൂരിറ്റി ഡിപ്പോസിറ്റായും നൽകണം. ജിഡിആർഎഫ്എ ദുബായിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ സ്മാർട്ട് ആപ്ലിക്കേഷനിലൂടെയോ സ്വന്തമായി അപേക്ഷ സമർപ്പിക്കാം. യുഎഇ പാസ് അല്ലെങ്കിൽ യൂസർനെയിം ഉപയോഗിച്ച് ലോഗിൻ ചെയ്ത് വിവരങ്ങൾ പൂരിപ്പിക്കുകയും രേഖകൾ അപ്‌ലോഡ് ചെയ്യുകയും വേണം. ഓൺലൈൻ സേവനങ്ങൾക്ക് പുറമെ, അംഗീകൃത അമർ സെന്‍ററുകൾ വഴിയും ജിഡിആർഎഫ്എ കസ്റ്റമർ ഹാപ്പിനസ് സെന്‍ററുകൾ വഴിയും നേരിട്ടെത്തി അപേക്ഷാ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും.

ENGLISH SUMMARY:

Dubai job seeker visa opportunities are now available directly through GDRFA Dubai, allowing individuals with a bachelor's degree or equivalent qualification to apply for visit visas of 60, 90, or 120 days. This initiative enables professionals to search for employment in the UAE without the need for a local sponsor or company invitation.