uml-leicester-new-office-bearers-dinto-thelappilly-president-george-jacob

യുണൈറ്റഡ് മലയാളിസ് ഇൻ ലെസ്റ്റർ (UML) സംഘടനയുടെ 2026–2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡിന്റോ തേലപ്പള്ളി പുതിയ പ്രസിഡന്റായും ജോർജ് ജേക്കബ് ജനറൽ കൺവീനറായും ചുമതലയേൽക്കും. സെപ്റ്റംബർ 19 ശനിയാഴ്ച ലെസ്റ്ററിലെ ന്യൂഫൗണ്ട് പൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഘടനയുടെ നാലാമത് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചത്. കഴിഞ്ഞ നാല് വർഷമായി ലെസ്റ്ററിലെ മലയാളി സമൂഹത്തിനിടയിൽ ശക്തമായ കമ്മ്യൂണിറ്റി കൂട്ടായ്മ രൂപീകരിക്കാൻ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്.

യു.എം.എൽ പ്രസിഡന്റ് ബൈജു കുര്യാക്കോസിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ സെക്രട്ടറി സുജിത് വർഗീസ് സ്വാഗതം ആശംസിക്കുകയും 2025–2026 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. പ്രവാസി മലയാളികൾക്കിടയിൽ വർധിച്ചുവരുന്ന ഹൃദയാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾ, യോഗ പരിശീലനം, ഡെന്റൽ കെയർ ക്യാമ്പുകൾ, വോക്കിംഗ് ക്ലബ്, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവ വിജയകരമായി സംഘടിപ്പിക്കാൻ സാധിച്ചതായി യോഗം വിലയിരുത്തി. ചടങ്ങിൽ വൈസ് പ്രസിഡന്റ് ടോമി മാത്യു നന്ദിയും ജോയിന്റ് സെക്രട്ടറി ബിന്ദു ഷാജു ആശംസകളും രേഖപ്പെടുത്തി.

അനീഷ് മാത്യു (വൈസ് പ്രസിഡന്റ്), ടിമി മാത്യു (സെക്രട്ടറി), സനിൽ കുമാർ (ജോയിന്റ് സെക്രട്ടറി), പവികല അലക്സാണ്ടർ (വനിതാ പ്രസിഡന്റ്), അലീന പണിക്കർ (വനിതാ ജോയിന്റ് സെക്രട്ടറി), ജിൻസൺ ജോസ് (പി.ആർ.ഒ) എന്നിവരാണ് മറ്റ് പ്രധാന ഭാരവാഹികൾ.

കൂടാതെ ടോമി മാത്യു (ആർട്സ് ക്ലബ് സെക്രട്ടറി), സുജിത് വർഗീസ് (സ്പോർട്സ് ക്ലബ് സെക്രട്ടറി), ജെസ്റ്റിൻ ജെയിംസ്, സുനിൽ നൈനാൻ (ഇവന്റ് സെക്രട്ടറിമാർ) എന്നിവരെയും തെരഞ്ഞെടുത്തു. ധനകാര്യ, മീഡിയ, കോ-ഓർഡിനേഷൻ ടീമുകൾക്കൊപ്പം ഡയറക്ടർ ബോർഡ് അംഗങ്ങളെയും യോഗത്തിൽ തെരഞ്ഞെടുത്തു. വരും വർഷങ്ങളിലും പ്രവാസി ക്ഷേമവും കമ്മ്യൂണിറ്റി സേവനങ്ങളും മുൻനിർത്തിയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് പുതിയ നേതൃത്വം അറിയിച്ചു.

ENGLISH SUMMARY:

United Malayalees in Leicester (UML) has elected its new office bearers for the 2026–2027 term during its fourth annual General Body meeting held at the Newfoundpool Auditorium. Dinto Thelappilly was elected as the new President, while George Jacob will take charge as the General Convenor. The General Body meeting evaluated the organization's successful implementation of health awareness programs, dental camps, yoga sessions, and charity initiatives for the UK diaspora over the past year. The newly elected committee pledged to continue its dedicated community welfare services and strengthen cultural ties among Malayalees in Leicester.