ഇന്ത്യൻ കലകളുടെ വൈവിധ്യം വിളംബരം ചെയ്യുന്ന ‘രംഗോത്സവ് - ദി ഇന്ത്യൻ നൈറ്റ്’ ഈ മാസം 18-ന് ഷാർജ ഫ്ലാഗ് ഐലൻഡിൽ അരങ്ങേറും. ഷാർജ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുമായി സഹകരിച്ച് സ്‌ട്രൈക്കേഴ്‌സ് ഡാൻസ് ആൻഡ് എന്റർടൈൻമെന്റ് സർവീസാണ് ദൃശ്യവിരുന്നൊരുക്കുന്നത്.
വൈകിട്ട് 4 മുതൽ അർധരാത്രി വരെ നീളുന്ന പരിപാടിയിൽ സംഗീതം, നൃത്തം, ഫാഷൻ ഷോ തുടങ്ങി നിരവധി കലാപ്രകടനങ്ങൾ അണിനിരക്കും. ഇതിഹാസ ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തോടുള്ള ആദരസൂചകമായി ഒരുക്കുന്ന ‘ടൈംലെസ് എക്കോസ് ഓഫ് എസ്പിബി’ എന്ന സംഗീതവിരുന്നാണ് പരിപാടിയുടെ മുഖ്യ ആകർഷണം.
പ്രശസ്ത ഗായകരായ നിഖിൽ മാത്യു, വർഷ എസ്. കൃഷ്ണൻ, അഖിന എൽവർ എന്നിവർ ചേർന്ന് വിവിധ ഭാഷകളിലെ അനശ്വര ഗാനങ്ങൾ വേദിയിൽ പുനരാവിഷ്കരിക്കും. പ്രവേശനം പൂർണ്ണമായും സൗജന്യമായ പരിപാടിയുടെ വിശദാംശങ്ങൾ സംഘാടകരായ പത്മ രാമചന്ദ്രനും വെങ്കിടേശൻ രാമചനാഥൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.