Image Credit: X/kumarsubodh
കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയില്‍ ഇന്ത്യക്കാരനെ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ലാങ്ലെയിലാണ് 25കാരനായ തുഷാര്‍ ശര്‍മയുടെ മൃതദേഹം കണ്ടെത്തിയത്. കാറിനുള്ളില്‍ നിന്ന് ലഭിച്ച മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങള്‍ പൊലീസ് രാസ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് തുഷാറിന്റേതാണെന്ന് സ്ഥിരീകരിച്ചത്. സറിയിലാണ് തുഷാര്‍ താമസിച്ചിരുന്നത്.
ഒക്ടോബര്‍ 29ന് രാത്രി പത്തരയോടെ ലാങ്ലെയില് ഒരു കാര്‍ കത്തുന്നതായി പൊലീസിന് റിപ്പോര്‍ട്ട് ലഭിച്ചു. ഉടന്‍ തന്നെ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഉള്ളില്‍ ഒരാള്‍ ഇരിക്കുന്നത് കണ്ടത്.
തുഷാറിന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മരണത്തിന് മുന്‍പ് തുഷാറുമായി ബന്ധപ്പെട്ടവരെയും തുഷാര്‍ നേരിലും അല്ലാതെയുമായി കണ്ടവരുടെയും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇതുവരെയുള്ള പരിശോധനയില്‍ തുഷാറിന് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കുടുംബവുമായും സുഹൃത്തുക്കളുമായും സംസാരിച്ചുവെന്നും വിവരങ്ങള്‍ തേടിയെന്നും പൊലീസ് അറിയിച്ചു. ഇതിലാണ് കൊലപാതക സൂചന ലഭിച്ചത്. കുറ്റകൃത്യത്തില്‍ എത്രപേര്‍ പങ്കെടുത്തുവെന്നതിലടക്കം അന്വേഷണം നടക്കുകയാണ്. എന്തിനാണ് കാര്‍ കത്തിച്ചതെന്നതിലും അന്വേഷണം പുരോഗമിക്കുന്നു.