Image Credit : Response Plus Medical
ജോലിക്കായി വിദേശത്തേക്കുള്ള ആദ്യ വിമാന യാത്രയ്ക്കിടെ 34 കാരന്‍റെ ജീവൻ രക്ഷിച്ച് മലയാളി നഴ്‌സുമാർ. എയർ അറേബ്യ വിമാനത്തിൽ ഹൃദയാഘാതമുണ്ടായ യുവാവിനാണ് കേരളത്തിൽ നിന്നുള്ള അഭിജിത്ത് ജീസും അജീഷ് നെൽസണും രക്ഷകരായി മാറിയത്. വിമാനം 35,000 അടി ഉയരത്തിൽ പറക്കുന്നതിനിടെയാണ് തൃശൂർ സ്വദേശിയായ യുവാവിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. സമയോചിതമായുള്ള ഇരുവരുടെയും ഇടപെടലിന് ഇപ്പോള്‍ പ്രശംസാ പ്രവാഹമാണ്.
ഒക്ടോബർ 13 നായിരുന്നു സംഭവം. അഭിജിത്ത് ജീസും, അജീഷ് നെൽസണും അബുദാബിയിലേക്കുള്ള യാത്രയിലായിരുന്നു. ഇരുവരുടെയും ആദ്യത്തെ വിമാനയാത്ര. അഭിജിത്ത് പറയുന്നതനുസരിച്ച്, കൊച്ചിയിൽ നിന്ന് അബുദാബിയിലേക്കുള്ള എയർ അറേബ്യ വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ അടുത്തുള്ള സീറ്റിൽ നിന്ന് ശബ്ദം കേട്ടു. ആർക്കോ ശ്വാസം മുട്ടുന്നത് പോലെയാണ് തോന്നിയത്. ചെന്ന് നോക്കിയപ്പോൾ ബോധരഹിതനായ സഹയാത്രക്കാരനെ കണ്ടു. പരിശോധിച്ചപ്പോള്‍ യുവാവിന് പൾസ് ഇല്ലായിരുന്നു. ഇതോടെ ഹൃദയാഘാതം സംഭവിച്ചതാണെന്ന് ബോധ്യപ്പെട്ടു.
ഉടൻ തന്നെ ക്രൂവിന് മുന്നറിയിപ്പ് നൽകി. ഒപ്പം സിപിആർ നൽകാനും തുടങ്ങി. പിന്നാലെ അജീഷും അഭിജിത്തിനെ സഹായിക്കാനായി എത്തി. യാത്രക്കാരൻ പൾസ് വീണ്ടെടുത്ത് വീണ്ടും ശ്വസിക്കാൻ തുടങ്ങുന്നതുവരെ ഇരുവരും രണ്ട് റൗണ്ട് സിപിആർ നൽകി. വിമാനത്തിലുണ്ടായിരുന്ന ഡോ. ആരിഫ് അബ്ദുൾ ഖാദർ എന്ന ഡോക്ടറും സഹായവുമായെത്തി. യാത്രക്കാരന് ഐവി ഫ്ലൂയിഡുകൾ നൽകി, അബുദാബിയിൽ വിമാനം സുരക്ഷിതമായി ഇറങ്ങുന്നതുവരെ യുവാവിനെ പരിചരിച്ച് അജീഷും അഭിജിത്തും ഒപ്പമുണ്ടായിരുന്നു.
അബുദാബി വിമാനത്താവളത്തിലെ മെഡിക്കൽ സംഘത്തിൽ നിന്ന് ചികിത്സ ലഭിച്ചതോടെ യാത്രക്കാരന്‍ ആരോഗ്യം വീണ്ടെടുത്തു. അയാളുടെ കുടുംബം അഭിജിത്തിനും അജീഷിനും ഒരു കുറിപ്പിലൂടെ നദി അറിയിച്ചു. 'ഈ നഴ്‌സുമാർക്ക് ഞങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, അവർ ഞങ്ങൾക്ക് അപരിചിതരായിരുന്നു, എന്നിട്ടും അവർ ഞങ്ങളുടെ പ്രിയപ്പെട്ടവന് ജീവിക്കാൻ ഒരു അവസരം നൽകി. ദയയും ധൈര്യവും കാണിച്ച അവര്‍ എന്നും ഞങ്ങളുടെ പ്രാര്‍ഥനയിലുണ്ടാകുമെന്നും കുടുംബം പറഞ്ഞു.
യാത്രക്കാരന്‍ തിരികെ നടന്നു പോകുന്നത് കണ്ടപ്പോൾ ഒരു വലിയ ആശ്വാസം തോന്നി എന്നാണ് അഭിജിത്ത് പറഞ്ഞത്. 'ഞങ്ങൾ എവിടെ പോയാലും ഞങ്ങളുടെ ഉത്തരവാദിത്തം വഹിക്കും. ഞങ്ങളുടെ ആദ്യത്തെ വിദേശ യാത്രയായിരുന്നു, പുതിയ ജോലി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞത് ലഭിക്കാവുന്ന ഏറ്റവും മികച്ച അംഗീകാരമായി തോന്നി എന്നും അഭിജിത്ത് പറഞ്ഞു.
ഇന്ത്യയിൽ സ്റ്റാഫ് നഴ്‌സുമാരായി ജോലി ചെയ്തിരുന്ന രണ്ടുപേരും യുഎഇയിലെ ഏറ്റവും വലിയ അടിയന്തര, ഓൺസൈറ്റ് മെഡിക്കൽ സേവന ദാതാക്കളായ റെസ്‌പോൺസ് പ്ലസ് ഹോൾഡിംഗിന്റെ ഭാഗമായ റെസ്‌പോൺസ് പ്ലസ് മെഡിക്കലി (ആർപിഎം)ൽ ചേരുന്നതിനായാണ് അബുദാബിയിലേക്ക് പുറപ്പെട്ടത്.