ജോണ്‍ ഹാരിസണ്‍ തന്റെ പുസ്തകവുമായി (ചിത്രം :AP)
ഒരിക്കൽ വിധികര്‍ത്താവായി ഇരുന്ന വേദിയിൽ, നാലു വർഷങ്ങൾക്കിപ്പുറം വിശ്വസാഹിത്യത്തിന്റെ പരമോന്നത കിരീടങ്ങളിലൊന്ന് ശിരസിലണിഞ്ഞ് എം.ജോൺ ഹാരിസൺ. 2026-ലെ ബുക്കർ പുരസ്കാരനേട്ടം വഴി ആധുനിക ഇംഗ്ലീഷ് ഫിക്ഷന്‍ സാഹിത്യത്തിലെ ഏറ്റവും ശക്തനായ എഴുത്തുകാരൻ എന്ന വിശേഷണത്തിന് അടിവരയിടുകയാണ് ഈ എണ്പത്തൊന്നുകാരന്. ബുക്കര്‍ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന റെക്കോര്‍ഡും ഹാരിസണ്‍ സ്വന്തമാക്കി. സമകാലിക സാഹിത്യത്തിലെ ഏറ്റവും മികച്ച ഗദ്യശൈലിയുള്ള എഴുത്തുകാരിൽ ഒരാളായി ഒലീവിയ ലെയ്ങ്, റോബർട്ട് മാക്ഫാർലെയ്ൻ, നീൽ ഗെയ്മാൻ തുടങ്ങിയ പ്രമുഖ എഴുത്തുകാര്‍ അദ്ദേഹത്തെ പ്രശംസിച്ചിട്ടുണ്ട്. Also Read: ബുക്കര്‍ പ്രൈസ് 2026 ജോണ്‍ ഹാരിസണിന്റെ 'ദി എന്‍ഡ് ഓഫ് എവ്രിതിങി'ന്
സയൻസ് ഫിക്ഷനെ മുഖ്യധാരാ സാഹിത്യത്തിൽനിന്ന് മാറ്റിനിർത്തുന്ന പതിവ് കാഴ്ചപ്പാടുകൾക്കുള്ള മറുപടി കൂടിയാണ് ഹാരിസണിന്റെ വിജയം. മികച്ച സയൻസ് ഫിക്ഷനും ഗൗരവമുള്ള സാഹിത്യമായി പരിഗണിക്കപ്പെടേണ്ടതല്ലേ എന്ന ചോദ്യം പതിറ്റാണ്ടുകളായി ഉയർത്തുന്ന എഴുത്തുകാരനാണ് അദ്ദേഹം. ഹാരിസണിന്റെ നേട്ടത്തോടെ പ്രസാധക ലോകത്തും പുതിയ ചർച്ചകൾക്ക് തുടക്കമായിരിക്കുകയാണ്. സാഹിത്യത്തെ തട്ടുകളായി തിരിച്ച് വിപണനം ചെയ്യുന്ന പ്രസാധകരുടെ സമീപനം പുനഃപരിശോധിക്കേണ്ടിവരുമെന്ന വിലയിരുത്തലുകളും ഉയരുന്നു.
ഇത്തവണത്തെ ബുക്കർ ചുരുക്കപ്പട്ടികയിലെ ഏറ്റവും ചെറിയ പുസ്തകമായിരുന്നു ഹാരിസണിന് പുരസ്കാരം നേടിക്കൊടുത്ത ‘ദ് എൻഡ് ഓഫ് എവരിതിങ്’. നീണ്ട പുസ്തകങ്ങൾ വായിക്കുന്നത് തന്റെ ഊർജം ചോർത്തിക്കളയുമെന്നാണ് ഒരു അഭിമുഖത്തിൽ ഹാരിസൺ പറഞ്ഞത്. അതുകൊണ്ടുതന്നെയാകണം, ‘ദ് എൻഡ് ഓഫ് എവരിതിങി’ന് വെറും 198 പേജുകൾ മാത്രമാണുള്ളത്.
ഇംഗ്ലണ്ടിലെ കെന്റ് തീരത്തെ പശ്ചാത്തലമാക്കുന്ന ‘ദ് എൻഡ് ഓഫ് എവരിതിങ്’ ഒരു വൻ ദുരന്തത്തിനുശേഷം തകർച്ചയിലേക്ക് നീങ്ങുന്ന സമൂഹത്തിന്റെ കഥയാണ്. ഈ തകർന്ന ലോകത്താണ് ഫിലിപ്പ് ടെന്നന്റ് എന്ന കഥാപാത്രം ജീവിക്കുന്നത്. കടൽത്തീരത്ത് കിട്ടുന്ന വസ്തുക്കൾ ശേഖരിച്ച് വിൽക്കുകയാണ് ജോലി. ഒരിക്കൽ കടലിൽനിന്ന് ലഭിക്കുന്ന വിചിത്രമായ ഒരു വസ്തു ഫിലിപ്പിന്റെ ജീവിതം മാറ്റിമറിക്കുന്നു. സാധാരണ വസ്തുവല്ല അതെന്ന് വൈകാതെ വ്യക്തമാകുന്നു. രൂപം മാറാനും വളരാനും മനുഷ്യരുടെ പെരുമാറ്റം അനുകരിക്കാനും കഴിവുള്ള ഒന്ന്! അതിനെ വിറ്റ് പണമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ഫിലിപ്പ്. എന്നാൽ ആ വസ്തുവിന്റെ സാന്നിധ്യം അയാൾക്ക് പരിചിതമായ ലോകത്തെക്കുറിച്ചുള്ള ധാരണകളെത്തന്നെ ചോദ്യം ചെയ്യുന്നു. വിചിത്ര ജീവികളുടെ വരവും അജ്ഞാത പ്രതിഭാസങ്ങളും പിന്നീടങ്ങോട്ട് കഥയിൽ നിറയുന്നു.
ആറു പതിറ്റാണ്ടിന്റെ എഴുത്തുജീവിതം
ഫിക്ഷൻ സാഹിത്യത്തിന്റെ അതിരുകൾ ഭേദിക്കാൻ നിരന്തരം ശ്രമിച്ച എഴുത്തുകാരനാണ് ഹാരിസണ്‍. സയൻസ് ഫിക്ഷൻ, ഫാന്റസി, റിയലിസം, തുടങ്ങി കൈവച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു. 1965–ലാണ് ആദ്യ ചെറുകഥ പ്രസിദ്ധീകരിച്ചത്. 1969–ല്‍ ബ്രിട്ടീഷ് സ്പെക്കുലേറ്റീവ് ഫിക്ഷൻ മാസികയായ ‘ന്യൂ വേൾഡ്സി’ന്റെ പത്രാധിപരായി. 1978 വരെ പുസ്തകങ്ങളും എഡിറ്റ് ചെയ്തും സമകാലിക സാഹിത്യധാരകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചും വിമര്‍ശനാത്മകമായി വിലയിരുത്തിയും അവിടെ തുടര്‍ന്നു.
പുരസ്കാരങ്ങളുടെ തിളക്കം
1989-ൽ പുറത്തിറങ്ങിയ ‘ക്ലൈംബേഴ്സ്’ മൗണ്ടന്‍ ലിറ്ററേച്ചറിനുള്ള ബോർഡ്മാൻ ടാസ്കർ പ്രൈസ് കരസ്ഥമാക്കി. 2007-ൽ പ്രസിദ്ധീകരിച്ച ‘നോവ സ്വിങ്’ ആർതർ സി. ക്ലാർക്ക് അവാർഡ് നേടി. ഫിക്ഷനിലെ നൂതന പരീക്ഷണങ്ങൾക്കായി ഏർപ്പെടുത്തിയ ഗോൾഡ്സ്മിത്ത്സ് പുരസ്കാരവും ഹാരിസണെ തേടിയെത്തി. ‘ദ് സങ്കെണ് ലാൻഡ് ബിഗിൻസ് ടു റൈസ് എഗെയ്ൻ’ എന്ന നോവലാണ് 2020ല്‍ ഈ വിഖ്യാത പുരസ്കാരം നേടിക്കൊടുത്തത്. ചെറുകഥാ ലോകത്തും മുദ്ര പതിപ്പിച്ച ഹാരിസന്റെ ‘യു ഷുഡ് കം വിത്ത് മി നൗ’ (2017), തിരഞ്ഞെടുത്ത കഥകൾ (1970 – 2020) ഉൾപ്പെടുത്തിയ 'സെറ്റ്ലിങ് ദ് വേൾഡ്' എന്നീ സമാഹാരങ്ങളും ഏറെ ആരാധകരെ നേടി.
ടൈംസ് ലിറ്റററി സപ്ലിമെന്റ്, ദ് ഡെയ്ലി ടെലഗ്രാഫ്, ദ് ഗാർഡിയൻ, ന്യൂയോർക്ക് ടൈംസ് എന്നിവയ്ക്കായി വിപുലമായ തോതിൽ ഫിക്ഷൻ നിരൂപണങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. സംസാരിക്കുന്ന പൂച്ചകളെക്കുറിച്ചുള്ള നാല് ഫാന്റസി നോവലുകളുടെ സഹ-രചയിതാവായ അദ്ദേഹം, ഇതിഹാസതുല്യനായ ഒരു ബ്രിട്ടീഷ് റോക്ക് ക്ലൈംബർക്കു വേണ്ടി ഗോസ്റ്റ് റൈറ്റിങ്ങും നടത്തിയിട്ടുണ്ട്. പരീക്ഷണങ്ങൾ ഭയക്കാത്ത രചനാശൈലിയും സങ്കീർണ്ണമായ മനുഷ്യവികാരങ്ങളെ സൂക്ഷ്മമായി പകർത്തുന്ന ഭാഷാശൈലിയുമാണ് ഹാരിസന്റെ രചനകളെ സവിശേഷമാക്കുന്നത്.