അമേരിക്കയിൽ നടന്ന രചന മത്സരത്തിൽ ദേശീയ പുരസ്കാരം നേടി ശ്രദ്ധേയമാവുകയാണ് ഇന്ത്യന്വംശജനായ പതിനാലുവയസുകാരൻ ആര്യഷ് ശ്യാം. ഷിക്കാഗോയിലെ അമേരിക്കൻ റൈറ്റേഴ്സ് മ്യൂസിയം സംഘടിപ്പിച്ച 2026 ജോൺ എസ്റ്റി സ്റ്റുഡന്റ് റൈറ്റിങ് മല്സരത്തിലാണ് നാല് വിജയികളിൽ ഒരാളായി ലെഹി വാലി അക്കാദമിയിലെ ഒന്പതാം ക്ലാസ് വിദ്യാർഥി ആര്യഷ് ശ്യാം തിരഞ്ഞെടുക്കപ്പെട്ടത്.
'ദ് വെയ്റ്റ് ഓഫ് ലീഡ്'എന്ന കഥയിൽ 1776 ജൂലൈ 4 ന് ഫിലാഡൽഫിയയിലെ ഒരു പ്രിന്റ് ഷോപ്പിൽ നടക്കുന്ന ചില സംഭവങ്ങൾ 13 വയസുള്ള ഒരു ആൺകുട്ടിയുടെ അനുഭവത്തിലൂടെ വിവരിച്ചു പോകുന്നതാണ് രീതി. അമേരിക്കയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം നടന്ന അന്നേദിവസം തുല്യതയുടെ മൂല്യവും അത് ലഭിക്കാതെ അരികുവൽക്കരിക്കപ്പെടുന്ന മനുഷ്യരുടെ യാഥാർഥ്യവും രചനയിൽ എടുത്തുകാട്ടുന്നു.
വളരെ സർഗാത്മകവും ആകർഷകവുമായ ഭാഷയിൽ എഴുതി പൂർത്തിയാക്കിയ ആര്യഷിന്റെ കഥയ്ക്ക് പുരസ്കാരത്തോടൊപ്പം 1000 ഡോളർ കാഷ് പ്രൈസും ലഭിച്ചിരുന്നു. പ്രായത്തിന്റെ പരിധികൾ മറികടന്ന് ചരിത്രപരമായ സംഭവങ്ങളെ സൂക്ഷ്മമായി പഠിച്ച ഈ ഒമ്പതാം ക്ലാസുകാരന് ജൂറിയുടെ പ്രത്യേക പ്രശംസയും ഉണ്ടായി.
കൂടാതെ, 2026 ലെ ജോൺ ലോക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഗ്ലോബൽ എസ്സേ പ്രൈസിന് ആര്യഷ് സമർപ്പിച്ച സാമ്പത്തിക ശാസ്ത്രം, തത്ത്വചിന്ത, ശാസ്ത്ര സാങ്കേതിക വിദ്യ എന്നിവ ഉൾക്കൊള്ളുന്ന മൂന്ന് ഉപന്യാസങ്ങൾ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ, ഇന്ത്യൻ സമൂഹത്തിനും അമേരിക്കൻ പ്രവാസി ലോകത്തിനും അഭിമാനമായി മാറിയിരിക്കുകയാണ് ആര്യാഷ്.