അനുകമ്പയുടെ ആള്‍രൂപമായി ലോകത്തിനും സഭയ്ക്കും പരിവര്‍ത്തനത്തിന്റെ സന്ദേശം നല്‍കിയ ഫ്രാന്‍സിസ് പാപ്പ കാലം ചെയ്തിട്ട് ഇന്ന് ഒരുവര്‍ഷം. പഴയ മനുഷ്യരില്‍ നിന്ന് സ്വയം നടത്തുന്ന ഉയിർപ്പിലാണ് ജീവിതത്തിന്റെ അനശ്വരത എന്നോര്‍മ്മിപ്പിച്ചായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഈസ്റ്റർ പിറ്റേന്ന് ഫ്രാൻസിസ് പാപ്പയുടെ മടക്കം.
2025 ഏപ്രിൽ 21ന് ഈസ്റ്റര്‍ പിറ്റേന്ന് റോമിലെ പള്ളിമണികൾ അപ്രതീക്ഷിതമായി ഒരേസമയം മുഴങ്ങി. ആ മണിമുഴക്കത്തിന് വിലാപത്തിന്റെ ഈണമായിരുന്നു. തലേന്ന് ഈസ്റ്റർ സന്ദേശം നൽകി ഉറങ്ങാൻ പോയ ഫ്രാൻസിസ് പാപ്പ നിത്യനിദ്രയിലേക്കു വിളിക്കപ്പെട്ടെന്ന സന്ദേശമായിരുന്നു അത്. കാരുണ്യവും കരുതലുമെന്തെന്ന് ഈ കരിഞ്ഞകാലത്തെ കൂടെക്കൂടെ ഓര്‍മപ്പെടുത്തിയ പുണ്യജീവിതം അങ്ങനെ ശാന്തമായി കടന്നുപോയി.
2013ൽ ബെനഡിക്റ്റ് പതിനാറാമൻ പാപ്പയുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനത്തെത്തുടർന്നായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ സ്ഥാനാരോഹണം. അർജന്റീനയിലെ ബ്യൂനസ് ഐറിസ് ആർച്ച് ബിഷപ്പ് ആയിരുന്ന കർദിനാൾ ഹോർഹെ മാരിയോ ബർഗോളിയോ 2013 മാർച്ച് 13നാണു ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്.
കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ 266–ാമത് പാപ്പയായിരുന്നു അദ്ദേഹം. ആ തിരഞ്ഞെടുപ്പുതന്നെ പലതുകൊണ്ടും വേറിട്ടുനിന്നു. യൂറോപ്പിനു പുറത്തുനിന്നുള്ള ആദ്യ പാപ്പ, ജസ്വിറ്റ് സമൂഹത്തിൽ നിന്നുള്ള ആദ്യ പാപ്പ, ലാറ്റിനമേരിക്കൻ രാജ്യത്തെ ആദ്യ പാപ്പ എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങളുമായാണ് അദ്ദേഹം പാപ്പ പദവിയിലെത്തിയത്. ഫ്രാൻസിസ് എന്ന പേരു സ്വീകരിച്ച ആദ്യ പാപ്പ കൂടിയായിരുന്നു ബർഗോളിയോ.
കത്തോലിക്കാസഭ പരമാധ്യക്ഷ പദമേറ്റെടുത്ത ശേഷം ഫ്രാൻസിസ് പാപ്പ ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്ത് ‘ 'ഞാനൊരു ആശീർവാദം നൽകാനാണു വന്നത്' എന്നു പറഞ്ഞു തുടങ്ങിയ അദ്ദേഹം പെട്ടെന്നു തിരുത്തി: 'അല്ലെങ്കിൽ, നിങ്ങൾ എനിക്കു വേണ്ടി പ്രാർഥിക്കുക.' ഇതു പറഞ്ഞ് അദ്ദേഹം ജനങ്ങൾക്കു മുന്നിൽ തല കുനിച്ചു.
ആദ്യ അഭിസംബോധനയിലൂടെ ഫ്രാന്‍സിസ് പാപ്പ ലോകരുടെ മനംകവര്‍ന്നു. 1936 ഡിസംബറില്‍ ജനനം. 1958ല്‍ വൈദിക വിദ്യാർഥി. 76–ാം വയസ്സിൽ സഭയുടെ വലിയ ഇടയന്‍. കത്തോലിക്കാസഭയെ ആധുനികകാലത്തിനൊപ്പം നടത്തുകയായിരുന്നു ഫ്രാൻസിസ് പാപ്പ. ഫ്രാൻസിസ് പാപ്പയുടെ 'ഫ്രതെല്ലി തൂത്തി' (ഏവരും സോദരർ) എന്ന, 2020 ലെ ചാക്രികലേഖനം മുന്‍വിധികളെ അട്ടിമറിച്ചു.
പരിസ്ഥിതി സംരക്ഷണം ഭൂമിയെ നാശത്തില്‍ നിന്ന് രക്ഷിക്കുമെന്നും ഇടപെടണമെന്നുമുള്ള ആഹ്വാനം മുന്‍പ് ഒരു മാര്‍പ്പാപ്പയും നടത്തിയിട്ടില്ല. കത്തോലിക്ക സഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിശുദ്ധരെ പ്രഖ്യാപിച്ചത് ഫ്രാൻസിസ് മാർപാപ്പയാണ്. അക്രമങ്ങളേയും ഹിംസയേയും തുറന്നെതിര്‍ത്ത അദ്ദേഹം ഭീകരത ഏതെങ്കിലും മതത്തിന്റെ ഉല്‍പ്പന്നമല്ലെന്നും സാമൂഹിക അനീതിയുടെയും പണത്തോടുള്ള ആര്‍ത്തിയുടെയും ഫലമാണെന്നും ഓര്‍മിപ്പിച്ചു.
മാറ്റങ്ങളുടെ പാപ്പ, നിലപാടുകളുടെ പാപ്പ, എന്നിങ്ങനെ ലോകം വിശേഷങ്ങള്‍ ഒരുപാട് ചാര്‍ത്തിനല്‍കി. ഒറ്റയ്ക്കല്ല, ഒന്നിച്ച് നടക്കാന്‍ ലോകത്തെ പ്രേരിപ്പിച്ച പാപ്പയുടെ ജീവിതം നമ്മള്‍ നടക്കുന്ന പാതയില്‍ ഒരു ദീപസ്തംഭമായി ഇന്നും മുന്നിലുണ്ട്.