യുഎസ്  നീതിമന്ത്രാലയം പുറത്തുവിട്ട എപ്സ്റ്റൈൻ ഫയല്‍സ് ലോകമെമ്പാടും ചര്‍ച്ചയാകുമ്പോള്‍ എപ്സ്റ്റൈനെതിരെ പരാതി നൽകാൻ മുന്നിട്ടിറങ്ങിയ ഒരു അതിജീവിതയെ കുറിച്ചുകൂടി അറിയേണ്ടതുണ്ട്. കൊടുംപീഡനങ്ങളെ അതീജിവിച്ച അമേരിക്കൻ വംശജ വിർജീനിയ ഗിയുഫ്രെ. ലോകത്തെ ഞെട്ടിച്ച ജെഫ്രി എപ്സ്റ്റൈന്‍റെ ലൈംഗിക കുറ്റകൃത്യങ്ങളിലെ ആദ്യ പരാതിക്കാരിയായിരുന്നു വിർജിനിയ ഗിയുഫ്രെ. വിർജിനിയ തന്‍റെ ദുരനുഭവം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് എപ്സ്റ്റൈന്‍റെ ക്രൂരതയ്ക്കിരയായ കൂടുതൽ ഇരകൾ പരാതിയുമായി രംഗത്തെത്തിയത്.

ജെഫ്രി എപ്സ്റ്റൈനും ആൻഡ്രൂ രാജകുമാരനും 17 മത്തെ വയസിൽ തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ  2009 ലാണ് വിർജിനിയ ആദ്യമായി നടത്തുന്നത്. ജെഫ്രി എപ്സ്റ്റീനും കാമുകി ഗിസ്‌ലൈൻ മാക്‌സ് വെല്ലും ചേർന്ന് കൗമാരകാലത്ത് തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നും അയാളുടെ ദ്വീപിൽ അനേകർക്കായി തന്നെ കാഴ്ചവെച്ചെന്നും ആയിരുന്നു വിർജീനിയയുടെ വെളിപ്പെടുത്തൽ. വർഷങ്ങള്‍ നീണ്ട  പീഡനത്തിൽ നിന്നും രക്ഷപ്പെട്ട വിർജിനിയ, എപ്സ്റ്റൈനെതിരായ നിയമപോരാട്ടത്തിൽ ഉറച്ചുനിന്നു. ജെഫ്രി എപ്സ്റ്റൈന്‍റെയും പ്രിൻസ് ആൻഡ്രൂവിന്റെയും ലൈംഗിക പീഡനത്തിനെതിരായ ഒരു പ്രധാന പ്രചാരകയായി അവർ മാറി.

2000 ൽ ട്രംപിന്‍റെ ഉടമസ്‌ഥതയിലുള്ള ഫ്ളോറിഡയിലെ മാറലാഗോ റിസോർട്ടിൽ സ്പാ അറ്റൻഡന്റായി ജോലി ചെയ്തിരുന്ന കൗമാരക്കാരിയായ വിർജീനിയയെ എപ്സ്റ്റൈനും പെൺസുഹൃത്തായ മാക്‌സ് വെല്ലും ചേർന്ന് തട്ടിക്കൊണ്ടുപോയി വർഷങ്ങളോളം ലൈംഗികപീഡനത്തിനിരയാക്കുക ആയിരുന്നു. ബ്രിട്ടിഷ് രാജകുടുംബാംഗമായ ആൻഡ്രൂ മൗണ്ട്ബാറ്റണ് തന്നെ കൈമാറിയത് എപ്സ്റ്റൈനാണെന്നും ആൻഡ്രൂ രാജകുമാരൻ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നും അവർ ആരോപിച്ചിരുന്നു. 2001ലെ ആൻഡ്രൂ രാജകുമാരനൊപ്പം നിൽക്കുന്ന വിർജിനിയയുടെ ഫോട്ടോയിൽ വിവാദങ്ങൾ ഇപ്പോഴും തുടരുകയാണ്. ഈ ചിത്രം യഥാർഥമാണെന്ന് ജെഫ്രി എപ്സ്റ്റൈന്റെ കാമുകി മാക്‌സ്‌വെൽ സ്ഥിരീകരിക്കുന്ന ഇമെയിൽ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 

എപ്സ്റ്റൈനെതിരായ വെളിപ്പെടുത്തലിന് പിന്നാലെ വിർജിനിയെ മീടൂ പ്രസ്ഥാനത്തിൻ്റെ പ്രധാന പ്രചാരകയായി മാറി. 2015 ൽ, സ്പീക്ക് ഔട്ട്, ആക്റ്റ്, റീക്ലെയിം (SOAR) എന്ന സംഘടന അവർ സ്ഥാപിച്ചു. ലൈംഗിക കടത്ത് അവസാനിപ്പിക്കാൻ ലക്ഷ്യമിടുകയാണ് ഇതിന്‍റെ ലക്ഷ്യം. എപ്സ്റ്റൈന്റെ വിവാദമായ ദ്വീപിലെ ജീവിത അനുഭവങ്ങളും വിർജീനിയയുടെ നീണ്ട പോരാട്ടത്തെ കുറിച്ചും പുറത്തുവരുന്നത് അവരുടെ മരണ ശേഷം പ്രസിദീകരിച്ച ഡയറിക്കുറിപ്പുകളിലൂടെയാണ്.  2025 ഏപ്രിൽ 25 നാണ് 41  കാരിയായ വിർജീനിയ ഓസ്‌ട്രേലിയയിലെ തന്‍റെ വസതിയിൽ ആത്മഹത്യ ചെയ്തത്. വിർജീനിയയുടെ മരണത്തിന് 6മാസങ്ങൾക്ക് ശേഷമാണ് 'നോബഡീസ് ഗേള്‍' എന്ന പുസ്തകം പുറത്തുവന്നത്. 

കൗമാരപ്രായത്തിൽ അനുഭവിച്ച പീഡനങ്ങളെക്കുറിച്ചും, തനിക്കും സഹ ഇരകൾക്കും നീതി ലഭിക്കാൻ അവൾ നടത്തിയ ശ്രമങ്ങളെക്കുറിച്ചും ഉള്ള വേദനാജനകമായ കുറിപ്പുകളായിരുന്നു 367-പേജുകളുള്ള ആ ബുക്കിലുള്ളത്. തനിക്കൊപ്പം അവിടെ ഉണ്ടായിരുന്ന പെൺകുട്ടികൾ എല്ലാം പ്രായപൂർത്തിയാകാത്തവരാണെന്നും വിർജീനിയ വെളിപ്പെടുത്തിയിരുന്നു. ഒരു 'പ്രശസ്തനായ പ്രധാനമന്ത്രി' തന്നെ ബലാത്സംഗം ചെയ്തുവെന്ന ഞെട്ടിപ്പിക്കുന്ന വിവരവും ബുക്കിലുണ്ടായിരുന്നു. അയാൾ മറ്റാരേക്കാളും ക്രൂരമായി തന്നെ ബലാത്സംഗം ചെയ്തുവെന്നും അന്ന് തനിക്ക് 18 വയസ്സായിരുന്നുവെന്നും അവർ എഴുതിയിരുന്നു.

'തനിക്ക് ബോധം നഷ്ടപ്പെടുന്നതുവരെ അയാൾ ആവർത്തിച്ച് ശ്വാസം മുട്ടിച്ചു, ജീവൻ വേണ്ടി പിടഞ്ഞപ്പോൾ അയാൾ സന്തോഷിച്ചു. നിർത്താൻ അപേക്ഷിച്ചപ്പോൾ അയാൾ കൂടുതൽ ശക്തനായി. പിന്നീട്, അയാളുടെ അടുത്തേക്ക് തിരിച്ചയക്കരുതെന്ന് കണ്ണീരോടെഎപ്സ്റ്റൈനോട് അപേക്ഷിച്ചു' വിർജീനിയ ബുക്കിൽ എഴുതി. എന്നാൽ ആ പ്രധാനമന്ത്രി ആരാണെന്ന ചോദ്യം ഇന്നും അവശേഷിക്കയാണ്.

Copies of "Nobody's Girl: A Memoir of Surviving Abuse and Fighting for Justice", the posthumously published memoir by Virginia Giuffre, a prominent accuser of convicted sex offender Jeffrey Epstein, are displayed at a Foyles bookshop in London, Britain, October 21, 2025. REUTERS/Isabel Infantes

സ്പാ അറ്റൻഡൻഡായി ജോലി ചെയ്‌തിരുന്ന കാലത്തേതടക്കം ബാല്യത്തിലും കൗമാരത്തിലും നേരിട്ട പീഡനവും മനുഷ്യക്കടത്തിന് വിധേയയായ അനുഭവങ്ങളുമാണ് വിർജീനിയ തുറന്നുപറയുന്നത്. തനിക്ക് 17 വയസ്സ് പ്രായമുള്ളപ്പോള്‍  മൂന്നുതവണയാണ് ആന്‍ഡ്രൂ രാജകുമാരന്‍ ലൈംഗികമായി പീഡിപ്പിച്ചതെന്നും പുസ്തകത്തിലുണ്ട്. ഒരിക്കൽ താൻ ബോധരഹിതയായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടെന്നും പിന്നീട് തനിക്ക് അബോർഷൻ നടത്തിയതായി എപ്സ്റ്റൈൻ പറഞ്ഞുവെന്നും വിർജീനിയ പറയുന്നുണ്ട്. എന്നാൽ മെഡിക്കൽ രേഖകളിൽ ഒന്നും അത് വ്യക്തമാക്കിയിരുന്നുമില്ല.

അവരോടൊപ്പമുണ്ടായിരുന്ന കാലത്ത് ധനികരായ പലർക്കും അവർ തന്നെ കൈമാറി. നിരന്തരമായ പിഢനം, ചില സന്ദർഭങ്ങളിൽ ശ്വാസംമുട്ടിച്ചു. അടിച്ചു. ചോര ചിന്തി. ഒരു ലൈംഗിക അടിമയായി മരിക്കുമെന്ന് വിശ്വസിസിച്ചിരുന്നു എന്നും വിർജിനിയ കുറിച്ചിരുന്നു. എപ്സ്റ്റൈനെതിരെ നടത്തിയ നിയമ പോരാട്ടവും പുസ്‌തകത്തിൽ വിവരിക്കുന്നുണ്ട്.  

യുഎസിൽ ജനിച്ച വിർജിനിയ ഭർത്താവ് റോബർട്ടിനും മക്കൾക്കും ഒപ്പം ഓസ്ട്രേലിയയിലെ നോർത്ത് പെർത്തിലാണ് താമസിച്ചിരുന്നത്. പിന്നീട് അവർ ഭർത്താവുമായി വേർപിരിഞ്ഞു. തന്‍റെ ഭർത്താവിൽ നിന്നുണ്ടായ പീഡന അനുഭവങ്ങളും അവർ പരസ്യമായി വെളിപ്പെടുത്തിയിരുന്നു. മരിക്കുന്നതിന് മൂന്നാഴ്ച മുമ്പ് ഒരു കാറപകടത്തിൽ തനിക്ക് പരിക്കേറ്റതായി വിർജിനിയ ഇൻസ്റ്റഗ്രാമിൽ വെളിപ്പെടുത്തിയിരുന്നു. കുട്ടിക്കാലം മുതൽ ജീവിത കാലത്തുടനീളം അനുഭവിച്ച ദുഃഖത്തിന്‍റെയും വേദനകളുടെയും ഭാരം താങ്ങാതെയാവും അവളുടെ ആത്മഹത്യ എന്നതായിരുന്നു വിർജീനിയയുടെ മരണത്തിൽ കുടുംബത്തിന്റെ പ്രതികരണം.

ENGLISH SUMMARY:

Virginia Giuffre's story is a crucial part of the Jeffrey Epstein case, as she was the first to come forward with allegations. Her courageous testimony sparked a movement, leading to more survivors speaking out against Epstein's heinous crimes.