ചരിത്രമെഴുതി ഇന്ത്യന്‍ വംശജനും ഡെമോക്രാറ്റുമായ സോറന്‍ മംദാനി ന്യൂയോര്‍ക്ക് മേയര്‍. വാശിയേറിയ പോരാട്ടത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായ ആന്‍ഡ്രൂ കുമുവിനെ പരാജയപ്പെടുത്തിയാണ് മുപ്പത്തിമൂന്നുകാരനായ മംദാനിയുടെ ജയം. ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പിന് പുറമെ ന്യൂജഴ്സി, വെര്‍ജീനിയ ഗവര്‍ണര്‍ തിരഞ്ഞെടുപ്പുകളിലും ഡോണള്‍ഡ് ട്രംപിന് കനത്തപ്രഹരമേല്‍പിച്ച് ഡെമോക്രാറ്റുകള്‍ വിജയം നേടി.
അസാധാരണ പോരാട്ടമികവിലൂടെയാണ് സോഷ്യലിസ്റ്റായ സോറന്‍ മംദാനി ന്യൂയോര്‍ക്കിന്റെ നായകനാകുന്നത്. സ്വന്തം പാര്‍ട്ടിക്കാരനായ ആന്‍ഡ്രു കുമുവിന്റെ റിബല്‍ മല്‍സരവും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിയും അധിക്ഷേപവും ഉള്‍പ്പെടെ അതിജീവിച്ചാണ് മംദാനി മിന്നും ജയം നേടിയത്. രണ്ട് മില്യനിലേറെ ആളുകള്‍ വോട്ടുചെയ്ത് റെക്കോര്‍ഡിട്ട തിരഞ്ഞെടുപ്പില്‍ മംദാനി വന്‍ ഭൂരിപക്ഷം നേടി. കുടിയേറ്റക്കാർക്കെതിരായ ട്രംപിന്റെ നീക്കങ്ങളെ വെല്ലുവിളിച്ച മംദാനി ന്യൂയോർക്ക് കുടിയേറ്റക്കാരാൽ നിർമ്മിതമാണെന്നും ഇനി മുതൽ ഒരു കുടിയേറ്റക്കാരൻ തന്നെ ന്യൂയോര്‍ക്കിനെ നയിക്കുമെന്നും പറഞ്ഞു. ജനം വോട്ടുചെയ്ത് മാറ്റം ലക്ഷ്യമിട്ടാണെന്നും അത് യാഥാര്‍ഥ്യമാക്കുമെന്നും മംദാനി വ്യക്തമാക്കി
ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പിന് പുറമെ ന്യൂജഴ്സി, വെര്‍ജീനിയ ഗവര്‍ണര്‍ തിരഞ്ഞെടുപ്പുകളിലും ഡെമോക്രാറ്റുകളുടെ വന്‍ജയം ഡോണള്‍ഡ് ട്രംപിന് കനത്ത തിരിച്ചടിയായി. ഡെമോക്രാറ്റുകളെ വിജയിപ്പിച്ചാല്‍ ഫണ്ടുകളടക്കം പരിമിതപ്പെടുത്തുമെന്ന ട്രംപിന്റെ മുന്നറിയിപ്പുകള്‍ തള്ളിയാണ് ജനവിധി. വെര്‍ജീനിയയില്‍ നിലവില്‍ ലഫ്റ്റനന്റ് ഗവർണറായ വിൻസം ഏൾ-സിയെർസിനെ പരാജയപ്പെടുത്തിയാണ് അബിഗെയ്‌ല്‍ സ്പാൻബെർഗറുടെ ജയം. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി മൈക്കി ഷെറില്‍ ന്യൂജഴ്സി ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടു.
സോഷ്യലിസ്റ്റ് നയങ്ങളിലുറച്ച് സോറന്‍ മംദാനി
തീവ്രദേശീയ ഉയര്‍ത്തിയ ഡോണള്‍ഡ് ട്രംപിന്റെ നിലപാടുകള്‍ക്കെതിരെ സോഷ്യലിസ്റ്റ് നയങ്ങളിലുറച്ച് നിന്നാണ് റാപ്പ് ഗായകനായ സോറന്‍ മംദാനി ന്യൂയോര്‍ക്ക് മേയറാകുന്നത്. ജീവിതച്ചെലവില്‍ വലഞ്ഞ ജനത്തിന് വാടകവര്‍ധന നിയന്ത്രിക്കുന്നതടക്കം ജനകീയ വാഗ്ദാനങ്ങളും മംദാനിയുടെ വന്‍ജയത്തിന് വഴിയൊരുക്കി
വ്യത്യസ്ത നിലപാടുകള്‍ക്കൊപ്പം ശൈലികളും ഉയര്‍ത്തിയായിരുന്നു സോറന്‍ മംദാനിയുടെ പോരാട്ടം . അമേരിക്കന്‍ പതിവുകള്‍ തെറ്റിച്ച് ബോളിവുഡ് ശൈലിയിലുള്ള വീഡിയോകളിലൂടെ നടത്തിയ പ്രചാരണം തരംഗമായി. യുഗാണ്ടയിൽ ജനിച്ച് യു.എസിലേക്ക് കുടിയേറിയ മംദാനി ന്യൂയോര്‍ക്കിന്റെ ആദ്യ ഇന്ത്യൻ വംശജനും മുസ്‌ലിമും ഏറ്റവും പ്രായം കുറഞ്ഞ മേയറുമാണ്. ഇന്ത്യന്‍ വംശജയായ പ്രശസ്ത സംവിധായിക മീരാ നായരാണ് അമ്മ. അച്ഛന്‍ ഇന്ത്യൻ വംശജനായ യുഗാണ്ടൻ സാഹിത്യകാരൻ മഹമൂദ് മംദാനി. സോഷ്യലിസ്റ്റായ മംദാനി ജനങ്ങളുടെ സാധാരണക്കാരന്റെ മനസ് തൊട്ടറിഞ്ഞാണ് പോരാട്ടത്തിനിറങ്ങിയത്.
വാടക വര്‍ധന മരവിപ്പിക്കുക, ബസ് യാത്ര സൗജന്യമാക്കുക, എല്ലാ കുട്ടികൾക്കും മെച്ചപ്പെട്ട പരിപാലനം ഉറപ്പാക്കുക തുടങ്ങിയ ജനപ്രിയ വാഗ്ദാനങ്ങള്‍ മുന്നോട്ടുവച്ച് ജനവിധി തേടി. ക്ഷേമപ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ സമ്പന്നര്‍ക്ക് നികുതി ചുമത്തുമെന്നുമുള്ള വാഗ്ദാനവും ജനം നെഞ്ചേറ്റിയെന്ന് തെളിയുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. പലസ്തീൻ വിഷയത്തിലെടുത്ത ശക്തമായ നിലപാടുകൾ സോറനെ ശ്രദ്ധേയനാക്കി.
ഗാസയിലെ ഇസ്രയേൽ സൈനിക നടപടിയെ വംശഹത്യയെന്ന് വിശേഷിപ്പിച്ച മംദാനിയെ എതിരാളികൾ യഹൂദവിരുദ്ധനായി ചിത്രീകരിക്കാൻ ശ്രമിച്ചെങ്കിലും പലസ്തീൻ അനുകൂലികൾക്കിടയിൽ ഇത് വലിയ സ്വീകാര്യത നല്‍കി. കമ്യൂണിസ്റ്റ് എന്ന് വിളിച്ച് ട്രംപ് അധിക്ഷേപം ചൊരിഞ്ഞപ്പോഴും അചഞ്ചലനായി പോരാടിയ മംദാനി ട്രംപിന് പുതിയ ബദല്‍ മുഖമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്