dalailama-profile

TOPICS COVERED

ധരംശാലയില്‍ മഴക്കാലമാണ്. മലനിരകളിലൂടെ മേഘങ്ങള്‍ പെയ്തിറങ്ങുന്നു. തവിട്ടും മഞ്ഞയും നിറത്തിലേക്ക് താഴ്‌വര മാറി, ബുദ്ധഭിക്ഷുകളും സന്യാസിവര്യന്‍മാരും നിറഞ്ഞു. ആറുനൂറ്റാണ്ട് പിന്നിട്ട ആധ്യാത്മിക പ്രസ്ഥാനത്തെ ഒന്‍പത് പതിറ്റാണ്ടായി നയിക്കുന്ന ആത്മീയാചാര്യന് നവതി. ടിബറ്റ് ജനതയുടെ പ്രതീക്ഷയാണ് ദലൈലാമ, ലോക സമാധാനത്തിന്‍റെ പ്രതീകവും. ആത്മീയത, പലായനം, പ്രതിരോധം, പ്രതിഷേധം, 90 വര്‍ഷത്തെ ജീവിതത്തെ ഇങ്ങനെ സംഗ്രഹിക്കാം.  

1935 ല്‍ വടക്കന്‍ ടിബറ്റില്‍ ജനിച്ച ടെന്‍സിന്‍ ഗ്യാറ്റ്സോ രണ്ടാംവയസിലാണ് പതനാലാം ദലൈലാമയാവുന്നത്. പ്രായം പതിനഞ്ചായപ്പോഴേക്കും അധിനിവേശത്തിന്‍റെ നോവറിഞ്ഞു. 1950ല്‍ മാവോസെ ദുങ്ങിന്‍റെ കാലത്ത് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ടിബറ്റിന്‍റെ ആധിപത്യം ഏറ്റെടുത്തു. 15 കാരനായ ദലൈലാമ ആത്മീയ നേതൃത്വത്തിനൊപ്പം ടിബറ്റിന്‍റെ രാഷ്ട്രീയ നേതൃത്വവും ഏറ്റെടുത്തു. ചൈനീസ് പട്ടാളത്തിന്‍റെ ആയുധത്തിനും കരുത്തിനും മുന്നില്‍ ബുദ്ധ ഭിക്ഷുക്കള്‍ക്ക് പിടിച്ചുൂനില്‍ക്കാന്‍ കഴിഞ്ഞില്ല. 

1959 ല്‍ ദലൈലാമയുടെ നേതൃത്വത്തില്‍ ടിബറ്റന്‍ ബുദ്ധ സന്യാസിമാര്‍ കൂട്ടത്തോടെ ഇന്ത്യയിലേക്ക് പലായനം ചെയ്തു. ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ ആശ്രമം സ്ഥാപിക്കാന്‍ ഇന്ത്യ സ്ഥലംകൊടുത്തു. അവിടെയിരുന്ന് ടിബറ്റിന്‍റെ ഭരണത്തിനായി സമിതിയെ നിയോഗിച്ചു, പാര്‍ലമെന്‍റിന് രൂപംകൊടുത്തു. ചൈനയില്‍നിന്ന് ടിബറ്റിനെ മോചിപ്പിക്കാന്‍ സമാധാനത്തിന്‍റെ എല്ലാ വഴികളും തേടി. സ്വതന്ത്ര രാജ്യമെന്ന സങ്കല്‍പം മാറ്റി സ്വതന്ത്ര സാംസ്കാരിക മേഖല എന്ന നിലപാടിലേക്ക് എത്തി. ചൈന വഴങ്ങിയില്ല. നൊബേല്‍ സമ്മാനം നല്‍കി സമാധാനശ്രമങ്ങളെ ലോകം അംഗീകരിച്ചു. 

കാലംകടുന്നുപോകവെ ദലൈലാമയുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ ചൈന നീക്കംതുടങ്ങി. ചൈനയ്ക്ക് പുറത്ത് സ്വതന്ത്ര ലോകത്തുനിന്നാണ് പുതിയ ദലൈലാമയെന്നു പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അതിന് മറുപടി. 90 പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ പിന്‍ഗാമി പ്രഖ്യാപനം ഉണ്ടാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരിക്കെ അതില്ലെന്ന് കഴിഞ്ഞദിവസം വ്യക്തമാക്കി. ദലൈലാമ സംവിധാനം തുടരും. പിന്‍ഗാമിയെ കണ്ടെത്തുക പതിവ് രീതിയില്‍ ആയിരിക്കും. താന്‍ രൂപം നല്‍കിയ ട്രസ്റ്റിനാണ് അതിന്‍റെ പൂര്‍ണ അധികാരം. ചൈനക്കുള്ള സന്ദേശമായിരുന്നു അത്.

ENGLISH SUMMARY:

The 14th Dalai Lama, Tenzin Gyatso, turns 90 today. Revered as the spiritual leader of Tibetan Buddhists and a global symbol of peace, he has spent decades in exile after fleeing Tibet in 1959 following China’s military occupation. Born in 1935 in northern Tibet, he assumed spiritual and political leadership at a young age. From his base in Dharamshala, India, he has led nonviolent efforts to preserve Tibetan culture and autonomy. Despite China’s attempts to control his succession, the Dalai Lama clarified that the traditional process will be followed and the trust he created will decide his successor, firmly sending a message of spiritual independence.