Untitled design - 1

പ്രവാസി കേരളീയർക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയായ  നോർക്ക കെയർ പ്ലസിൽ സംസ്ഥാനത്തെ 3000 ത്തോളം അക്ഷയ സെന്ററുകൾ വഴിയും എൻറോൾ ചെയ്യാം. പരമാവധി ആളുകൾക്ക്  നോർക്ക കെയർ എൻറോൾമെൻറ് സേവനം ലഭിക്കുന്നതിനായാണ്  സംസ്ഥാനത്ത് എല്ലായിടത്തും സാന്നിധ്യമുള്ള അക്ഷയ കേന്ദ്രങ്ങളുമായി നോർക്ക റൂട്സ്  സഹകരിച്ചു പ്രവർത്തിക്കുന്നത്. ഇതിന്റെ  ഭാഗമായുള്ള പ്രചാരണ  പോസ്റ്ററുകൾ തിരുവനന്തപുരത്ത് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പ്രകാശനം  ചെയ്തു. 

 

അക്ഷയ ഡയറക്ടർ സന്ദീപ് കുമാർ , നോർക്ക റൂട്ട്സ് സി ഇ ഒ രാജേഷ് മാധവൻ, ജനറൽ മാനേജർ പ്രകാശ് പി ജോസഫ് തുടങ്ങിയവർ ചടങ്ങിൽ  പങ്കെടുത്തു. സംസ്ഥാനത്തെ മൂവായിരത്തിലധികം അക്ഷയ കേന്ദ്രങ്ങളിൽ നോർക്ക കെയർ പ്ലസ് എൻറോൾമെൻറ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട് . ഇതിനായി അക്ഷയ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക്  പരിശീലനവും നൽകിയിട്ടുണ്ട്. 

 

ഒരു കോടി രൂപയുടെ വരെ ആരോഗ്യ ഇൻഷുറൻസും ഒരു കോടി രൂപ വരെ അപകട ഇൻഷുറൻസും ലഭിക്കുന്ന പദ്ധതിയാണ് നോർക്ക കെയർ പ്ലസ്. പങ്കാളി ,കുട്ടികൾ എന്നിവർക്കൊപ്പം  80 വയസ്സ് വരെയുള്ള മാതാപിതാക്കളെയും ചേർക്കാം എന്നതാണ് ഈ പദ്ധതിയുടെ സവിശേഷത. നിലവിലുള്ള രോഗങ്ങൾക്കും ക്ലയിം ലഭിക്കും. പൊതുമേഖലാ  ഇൻഷുറൻസ് കമ്പനിയുമായി  ചേർന്നാണ് ഇത് നടപ്പാക്കുന്നത്.  

 

നോർക്ക കെയർ പ്ലസ് പദ്ധതി ആദ്യ എൻറോൾമെൻറ് സമയത്ത് അംഗങ്ങളാകാൻ  കഴിയാത്തവർക്ക് ഒരു അവസരം കൂടി നൽകണമെന്ന് പ്രവാസികളിൽ നിന്നും  ആവശ്യം ഉയർന്നിരുന്നു. സർക്കാർ ഇക്കാര്യം  പരിഗണിച്ചതിന്റെ  ഭാഗമായി ഇപ്പോൾ രണ്ടാം ഘട്ട എൻറോൾമെൻറ് നടക്കുകയാണ്.  സെപ്റ്റംബർ 18 വരെ പദ്ധതിയിൽ ചേരാം. ഓഗസ്റ്റ് 18 നു ആരംഭിച്ച രണ്ടാം ഘട്ട എൻറോൾമെന്റിൽ ഇതുവരെ ഇരുപത്തി മൂവായിരത്തോളം കുടുംബങ്ങൾ നോർക്ക കെയർ പ്ലസിൽ എൻറോൾ ചെയ്തിട്ടുണ്ട്. മൊത്തം എൻറോൾ ചെയ്ത കുടുംബങ്ങൾ അൻപത്തി അയ്യായിരമായി.

ENGLISH SUMMARY:

Norka Care Plus enrollment is now available through Akshaya centers, making it easier for Pravasi Keralites to access comprehensive health and accident insurance. This initiative, supported by the Kerala government, aims to reach a wider audience by leveraging the widespread presence of Akshaya centers across the state.