കൊലക്കേസുകളിൽ കൊല്ലപ്പെട്ടയാളുടെ അവകാശികൾ മാപ്പ് നൽകിയാലും പ്രതിക്ക് കുറഞ്ഞത് 15 വർഷം തടവുശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമഭേദഗതിയുമായി യുഎഇ. കുറ്റകൃത്യങ്ങളും ശിക്ഷകളും സംബന്ധിച്ച നിയമത്തിലാണ് നിർണായക മാറ്റം വരുത്തിയത്. നേരത്തെ ഏഴ് വർഷമായിരുന്ന കുറഞ്ഞ തടവുകാലാവധിയാണ് 15 വർഷമായി ഉയർത്തിയത്.
കൊലക്കേസുകളിൽ ഇസ്‌ലാമിക നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകുന്ന കേസുകളിലെ ശിക്ഷാ ഇളവുകൾക്കാണ് യുഎഇ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. നിയമഭേദഗതി പ്രകാരം ബന്ധുക്കൾ മാപ്പ് നൽകിയാലും പ്രതിക്ക് കുറഞ്ഞത് 15 വർഷം തടവുശിക്ഷ നിർബന്ധമാണ്. സാഹചര്യങ്ങൾക്കനുസരിച്ച് പരമാവധി തടവ് 15 മുതൽ 20 വർഷം വരെയായി കോടതിക്ക് നിശ്ചയിക്കാം. വിചാരണ വേളയിലോ വിധി പ്രഖ്യാപിച്ച ശേഷമോ മാപ്പ് നൽകിയാലും ഇതേ മാനദണ്ഡം തന്നെയായിരിക്കും ബാധകമാകുക.
മനഃപൂർവ്വമുള്ള കൊലപാതകങ്ങളിൽ സാധാരണ, വധശിക്ഷയാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. എന്നാൽ മാപ്പ് ലഭിക്കുന്നതിലൂടെ പ്രതികൾ എളുപ്പത്തിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുന്നത് തടയാനും സമൂഹത്തിൽ അക്രമവാസനകൾ ഇല്ലാതാക്കാനുമാണ് തടവുകാലാവധി കുത്തനെ ഉയർത്തിയത്. കുറ്റകൃത്യത്തിന്റെ സ്വഭാവവും സാഹചര്യങ്ങളും പരിഗണിച്ച് കോടതികൾക്കായിരിക്കും തടവുകാലം സംബന്ധിച്ച അന്തിമ തീരുമാനം.