യുഎന്‍ ആസ്ഥാനത്ത് ഗസ്റ്റ് ബുക്കില്‍ കുറിപ്പെഴുതുന്ന ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്​ചി (Image credit: AFP)

  • ‘അത് കള്ളമാണ്. ഞാൻ അവർക്ക് ഒരു ഉറപ്പും കൊടുത്തിട്ടില്ല’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ആണവപദ്ധതി സംബന്ധിച്ച നിബന്ധനകള്‍ ഇറാന്‍ അംഗീകരിച്ചാല്‍ ഉപരോധം ഇളവുചെയ്യാനും മരവിപ്പിച്ച ഫണ്ടുകൾ വിട്ടുനൽകാനും ട്രംപ് തയ്യാറാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍

യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന് ഒരു ഇളവും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ്  ഡോണൾഡ് ട്രംപ്. ‘അത് കള്ളമാണ്. ഞാൻ അവർക്ക് ഒരു ഉറപ്പും കൊടുത്തിട്ടില്ല’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ആണവപദ്ധതി സംബന്ധിച്ച നിബന്ധനകള്‍ ഇറാന്‍ അംഗീകരിച്ചാല്‍ ഉപരോധം ഇളവുചെയ്യാനും മരവിപ്പിച്ച ഫണ്ടുകൾ വിട്ടുനൽകാനും ട്രംപ് തയ്യാറാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അന്തിമ കരാറിന്‍റെ ഭാഗമായിട്ടായിരിക്കും ഈ ഇളവുകള്‍ എന്നാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്സിയോസും സിഎൻഎന്നും റിപ്പോർട്ട് ചെയ്തത്.

ഇറാന്‍ അണുബോംബ് നിർമ്മിക്കുന്നത് തടയുക, അയൽരാജ്യങ്ങളെ ആക്രമിക്കാനുള്ള അവരുടെ ശേഷി ഇല്ലാതാക്കുക, ഇറാനിലെ ഭരണകൂടത്തെ താഴെയിറക്കാൻ ജനങ്ങൾക്ക് സാഹചര്യമൊരുക്കുക എന്നിവയാണ് യുദ്ധത്തിന്റെ പ്രധാന ലക്ഷ്യങ്ങളായി ട്രംപ് ചൂണ്ടിക്കാട്ടിയത്. ഇറാന്റെ പക്കൽ ആണവായുധങ്ങളില്ലെന്നും അവ വികസിപ്പിക്കാൻ തങ്ങൾക്ക് ഉദ്ദേശമില്ലെന്നും ഇറാൻ വ്യക്തമാക്കുന്നുണ്ടെങ്കിലും, സ്വന്തം ആവശ്യങ്ങൾക്കായി ആണവോർജ്ജം ഉൽപ്പാദിപ്പിക്കാൻ അവകാശമുണ്ടെന്ന് അവർ വാദിക്കുന്നു.

അതേസമയം ആണവപദ്ധതിയെക്കുറിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചും ചർച്ചയ്ക്ക് തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ സിബിഎസിന്റെ ‘ഫെയ്സ് ദ് നേഷൻ’ പരിപാടിയില്‍ പറഞ്ഞു. എന്നാൽ ഭീഷണിയോ സമ്മർദ്ദമോ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാൽ ഏത് ആക്രമണവും പ്രതിരോധിക്കും,’ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് നേരത്തെ തന്നെ ഉറപ്പുനല്‍കിയിട്ടുള്ളതാണെന്നും പെസെഷ്‌കിയൻ പറഞ്ഞു.

ഏഴുമാസം നീണ്ട യുദ്ധം അവസാനിപ്പിക്കാനുള്ള പുതിയ ശ്രമങ്ങളുടെ ഭാഗമായി യുഎസ്, ഇറാൻ ഉദ്യോഗസ്ഥർ തിങ്കളാഴ്ച മധ്യസ്ഥരുമായി വെവ്വേറെ ചർച്ചകൾ നടത്തി. നയതന്ത്ര മാര്‍ഗത്തിലൂടെ മാത്രമേ അമേരിക്കയുമായും ഇസ്രയേലുമായും ഉള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനാകൂ എന്ന നിലപാട് ഇറാൻ പ്രതിനിധികള്‍ ആവർത്തിച്ചു. ‘ഞങ്ങളുടെ വ്യവസ്ഥകൾ വ്യക്തമാണ്, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള ഏത് നീക്കവും ഈ വ്യവസ്ഥകള്‍ എങ്ങനെ നടപ്പാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി സോഷ്യൽ മീഡിയയിൽ കുറിച്ചു. 

എണ്ണവില ഉയരുന്നു

ഇറാനെതിരെ ഫെബ്രുവരിയിൽ ഇസ്രയേലുമായി ചേർന്ന് ട്രംപ് ആരംഭിച്ച ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യെത്തുടര്‍ന്നാണ് ആഗോളതലത്തില്‍ എണ്ണനീക്കം തടസപ്പെട്ടതും വില കുതിച്ചുയര്‍ന്നതും. കഴിഞ്ഞ ഒരുമാസത്തിനിടെ ക്രൂഡോയില്‍ വില നേരിയ തോതില്‍ സ്ഥിരത കൈവരിച്ചെങ്കിലും സൗദിയിലെ ഹൂതി ആക്രമണവും യെമനിലെ തിരിച്ചടിയും പ്രതിസന്ധി വീണ്ടും രൂക്ഷമാക്കി. തുടര്‍ച്ചയായി രണ്ടാംദിവസവും എണ്ണവില ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 1.49 ഡോളർ അഥവാ 1.4% ഉയർന്ന് ബാരലിന് 106.77 ഡോളറിലെത്തി. അതേസമയം യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് 1.34 ഡോളർ അഥവാ 1.5% ഉയർന്ന് 93.94 ഡോളറിലെത്തി. ഇരു സൂചികകളും മുൻ സെഷനിൽ ബാരലിന് ഏകദേശം 1 ഡോളർ ഉയർന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.

ENGLISH SUMMARY:

US President Donald Trump rejected reports claiming that the US offered sanction relief or unfrozen assets to Iran to end the ongoing military conflict, dismissing the claims as "false." His remarks came after reports by Axios and CNN suggested that Trump might ease sanctions if Tehran accepted non-proliferation terms. Meanwhile, Iranian President Masoud Pezeshkian stated on CBS's 'Face the Nation' that Tehran remains open to diplomatic talks regarding its nuclear program, provided there are no threats or pressure, while reiterating that Iran does not seek nuclear weapons. Amid separate talks with mediators in Europe, Iranian Foreign Minister Abbas Araghchi emphasized that reopening the Strait of Hormuz depends on fulfilling Iran's conditions. Concurrently, global crude oil prices surged again, with Brent crude reaching $106.77 per barrel and WTI rising to $93.94 per barrel due to supply chain disruptions caused by Operation Epic Fury and fresh conflict in the Red Sea.