പശ്ചിമേഷ്യയില്‍ യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുത്ത് ഇറാന്‍. തങ്ങള്‍ മുന്നോട്ട് വച്ച സമാധാന പദ്ധതി അമേരിക്ക അംഗീകരിച്ചാല്‍ ഏഴു ദിവസത്തിനകം ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കാമെന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി വ്യക്തമാക്കിയത്. ഖത്തര്‍ മുഖേനെ നേരത്തെ ഏഴിന സമാധാന പദ്ധതി അമേരിക്കയ്ക്ക് കൈമാറിയിരുന്നു. 

അമേരിക്ക കരാർ അംഗീകരിച്ചാൽ ഏഴ് ദിവസത്തിനുള്ളിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനസ്ഥാപിക്കാമെന്നും ലബനൻ അടക്കമുള്ള പ്രദേശങ്ങളിലെ ആക്രമണങ്ങൾ നിർത്തിവെക്കാമെന്നും ഇറാൻ അറിയിച്ചു. പകരം ഇറാനിയൻ തുറമുഖങ്ങൾക്കുമേലുള്ള ഉപരോധം മാറ്റുക, തടഞ്ഞുവെച്ചിരിക്കുന്ന ഇറാന്‍റെ ഫണ്ടുകൾ വിട്ടുനൽകുക, എണ്ണ ഉപരോധങ്ങളിൽ ഇളവ് നൽകുക എന്നിവയാണ് ഇറാന്‍റെ ആവശ്യങ്ങള്‍. 

ഇറാനുമായി സമാധാനപരമായ പരിഹാരത്തിനായി ചർച്ചകൾ തുടരണമെന്ന നിലപാട് യുഎസ് പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ചയില്‍ ചൈന മുന്നോട്ട് വച്ചിരുന്നു. പശ്ചിമേഷ്യൻ എണ്ണയെ ആശ്രയിക്കുന്ന രാജ്യമാണ് ചൈന. അതുകൊണ്ടുതന്നെ യുദ്ധം അവസാനിപ്പിച്ച് സമാധാന ചർച്ചകളിലേക്ക് കടക്കണമെന്നാണ് ഷീ വ്യക്തമാക്കിയത്. എന്നാൽ ഇറാനെ യാതൊരു കാരണവശാലും ചൈന സഹായിക്കരുതെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ചൈന തങ്ങൾക്ക് അത്തരം സഹായങ്ങളൊന്നും നൽകില്ലെന്ന് ഉറപ്പുനൽകിയതായി യുഎസ് അവകാശപ്പെട്ടു.

അതേസമയം, അമേരിക്ക കരാർ അംഗീകരിച്ചാലും തങ്ങളുടെ ആണവ പദ്ധതികളിലോ അവകാശങ്ങളിലോ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ഇറാന്‍ ആവര്‍ത്തിച്ചു. യുദ്ധം കൂടുതൽ രൂക്ഷമായ സാഹചര്യത്തിൽ മേഖലയിലെ സുരക്ഷയും സൈനിക സഹകരണവും ചർച്ച ചെയ്യുന്നതിനായി സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങളിലെ പ്രതിരോധ തലവന്മാർ റിയാദിൽ കൂടിക്കാഴ്ച നടത്തി.

ENGLISH SUMMARY:

Iran has put forward a peace plan to end the war in West Asia, with Foreign Minister Abbas Araghchi stating that shipping through the Strait of Hormuz can be restored within seven days if the US accepts their proposal. This initiative aims to de-escalate regional tensions and includes demands for sanctions relief in return for cooperation.